Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ ചാണ്ടി ഒറ്റപ്പെട്ടു; ഒരുപോലെ തള്ളി സുധാകരനും വിഡി സതീശനും, പരസ്യ പ്രതികരണത്തില്‍ വന്‍ എതിര്‍പ്പ്

തിരുവനന്തപുരം/ദില്ലി: കോണ്‍ഗ്രസില്‍ ഡിസിസി പുന:സംഘടന പൂര്‍ത്തിയായെങ്കിലും പ്രശ്‌നങ്ങള്‍ തുടങ്ങാന്‍ പോകുന്നതേയുള്ളു എന്നാണ് അണിയറ സംസാരം. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ഇവരെ പിന്തുണയ്ക്കുന്നവരേയും ഒതുക്കിക്കൊണ്ടാണ് പുതിയ നീക്കങ്ങള്‍ എന്ന് ആക്ഷേപമുണ്ട്.

ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തില്‍ കാര്യമായ ചര്‍ച്ചകള്‍ നടക്കാഞ്ഞതാണ് പ്രശ്‌നമായത് എന്നാണ് ഉമ്മന്‍ ചാണ്ടി തുറന്നടിച്ചത്. എന്നാല്‍ മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് വിഡി സതീശനും കെ സുധാകരനും. കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ അട്ടിമറിക്കാന്‍ പുതിയ നേതൃത്വത്തിന് ഹൈക്കമാന്‍ഡിന്റെ പൂര്‍ണപിന്തുണയുണ്ട് എന്ന് സൂചന നല്‍കുന്നതാണ് ഈ പ്രതികരണങ്ങള്‍...

1

ഉമ്മന്‍ ചാണ്ടിയെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പരസ്യപ്രതികരണങ്ങള്‍ പതിവുള്ളതല്ല. ഗ്രൂപ്പ് പോരുകളില്‍ പോലും അത്തരത്തില്‍ പേരെടുത്ത് വിമര്‍ശനങ്ങള്‍ ഉണ്ടാകാറില്ല. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍. കാര്യമായ ചര്‍ച്ച നടന്നില്ല എന്ന ഉമ്മന്‍ ചാണ്ടിയുടെ വിമര്‍ശനത്തിനെതിരെ പരസ്യമായി തന്നെ പ്രതികരിക്കുകയാണ് പുതിയ നേതൃത്വം. കെ സുധാകരന്റേയും വിഡി സതീശന്റേയും നേതൃത്വത്തിലാണ് വിമര്‍ശനം.

2

ഡിസിസി പട്ടികയില്‍ ഉമ്മന്‍ ചാണ്ടി പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതില്‍ വിഷമമുണ്ട് എന്നായിരുന്നു കെ സുധാകരന്‍ ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. പട്ടിക സംബന്ധിച്ച വിമര്‍ശനങ്ങള്‍ സ്വാഭാവികമാണെന്നും സുധാകരന്‍ പറഞ്ഞു. എന്നാല്‍ അതുകൊണ്ട് അവസാനിപ്പിച്ചില്ല അദ്ദേഹം. ഡിസിസി അധ്യക്ഷ പട്ടികയിലേക്ക് ഉമ്മന്‍ ചാണ്ടി തന്റെ മുന്നില്‍ ഉന്നയിച്ച പേരുകള്‍ വരെ ഉയര്‍ത്തിക്കാട്ടിയായിരുന്നു സുധാകരന്റെ പ്രതികരണം.

3

രൂക്ഷമായ വാക്കുകളും സുധാകരന്‍ ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ ഉപയോഗിച്ചിട്ടുണ്ട്. 'അസത്യം, വാസ്തവ വിരുദ്ധം, തെറ്റ്' എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വിമര്‍ശനത്തോടുള്ള സുധാകരന്റെ പ്രതികരണം. ഉമ്മന്‍ ചാണ്ടി പൊതുസമൂഹത്തില്‍ കളവ് പറയുന്നു എന്ന തരത്തില്‍ സുധാകരന്‍ നടത്തിയ പ്രതികരണത്തില്‍ എ ഗ്രൂപ്പിന് കടുത്ത അമര്‍ഷമുണ്ട്. ഉമ്മന്‍ ചാണ്ടി ഉയര്‍ത്തിയ വിമര്‍ശനങ്ങളെ ഒന്നും വലിയ കാര്യമായി എടുക്കുന്നില്ല എന്ന രീതിയില്‍ മറ്റ് ചില പരാമര്‍ശങ്ങളും സുധാകരന്‍ നടത്തിയിട്ടുണ്ട്.

4

തനിക്ക് സംസാരിക്കാനുള്ളത് സാധാരണ പ്രവര്‍ത്തകരോടാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. അതിനര്‍ത്ഥം ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പോലെയുള്ള നേതാക്കളുടെ പരാതികള്‍ കേള്‍ക്കാന്‍ താത്പര്യമില്ല എന്നതാണെന്നും എതിര്‍ ഗ്രൂപ്പുകള്‍ ആക്ഷേപം ഉന്നയിക്കുന്നുണ്ട്. ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക പുറത്ത് വിട്ടപ്പോള്‍ ഇതിലും വലിയ പൊട്ടിത്തെറിയായിരുന്നു താന്‍ പ്രതീക്ഷിച്ചിരുന്നത് എന്നും സുധാകരന്‍ പറഞ്ഞുവയ്ക്കുന്നുണ്ട്. പരസ്യ പ്രതികരണം ഉണ്ടായാല്‍ ഇനിയും നടപടികള്‍ ഉണ്ടാകുമെന്ന് കെപി അനില്‍കുമാറിനേയും ശിവദാസന്‍ നായരേയും ചൂണ്ടിക്കാണിച്ച് വ്യക്തമാക്കുകയും ചെയ്തു.

5

പ്രതിപക്ഷ നേതാവ് വിഡി സതീശനും രൂക്ഷമായ പ്രതികരണം തന്നെയാണ് ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ നടത്തിയിരിക്കുന്നത്. 'ഞാനും സുധാകരനും ഒരു മൂലയില്‍ മാറിയിരുന്ന് ചര്‍ച്ച നടത്തിയല്ല പുതിയ പട്ടിക പുറത്തിയത്' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഡിസിസികളുടെ പുന:സംഘടയുമായി ബന്ധപ്പെട്ട് ഇത്രയും വിശദമായ ചര്‍ച്ചകള്‍ മുമ്പ് നടന്നിട്ടില്ലെന്ന അവകാശവാദവും വിഡി സതീശന്‍ ഉന്നയിക്കുന്നുണ്ട്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യ പ്രതികരണം നടത്തരുതായിരുന്നു എന്നും സതീശന്‍ അഭിപ്രായപ്പെട്ടു.

6

ഇപ്പോഴത്തെ വിവാദങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും തലയില്‍ കെട്ടിവച്ചുകൊണ്ടാണ് കെപിസിസി പ്രസിഡന്റിന്റേയും പ്രതിപക്ഷ നേതാവിന്റേയും പ്രതികരണങ്ങള്‍. ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും രണ്ട് തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു എന്നാണ് സതീശന്‍ പറയുന്നത്. അതോടൊപ്പം തന്നെ, എല്ലാവരേയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഒരു പട്ടിക തയ്യാറാക്കാന്‍ ആവില്ല എന്ന നിലപാടും സതീശന്‍ സ്വീകരിച്ചു.

7

ഇതിലും വിശദീകരിച്ചാണ് ചര്‍ച്ചകളുടെ കാര്യത്തില്‍ കെ സുധാകരന്‍ പ്രതികരിച്ചത്. ഉമ്മന്‍ ചാണ്ടി 14 ജില്ലകളിലേക്കും പാനല്‍ നിര്‍ദ്ദേശിച്ചിരുന്നു എന്നാണ് സുധാകരന്റെ വെളിപ്പെടുത്തല്‍. ഇതേ പാനലില്‍ ഉള്ളവര്‍ ഒക്കെ തന്നെയാണ് പുതിയ ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടികയില്‍ ഉള്ളത് എന്നും പറഞ്ഞു. രമേശ് ചെന്നിത്തലയ്ക്കും വിമര്‍ശനമുണ്ട്. തനിക്ക് നിര്‍ദ്ദേശിക്കാനുള്ളവരുടെ പട്ടിക തരാം എന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടപ്പോഴും രമേശ് ചെന്നിത്തല അത്തരം ഒരു പട്ടിക നല്‍കിയില്ല എന്നും സുധാകരന്‍ വിമര്‍ശിച്ചിട്ടുണ്ട്.

8

പഴയ ഗ്രൂപ്പ് രാഷ്ട്രീയമല്ല ഇത് എന്ന് ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പരോക്ഷമായി ഓര്‍മിപ്പിക്കുകയും ചെയ്യുന്നുണ്ട് സുധാകരന്‍. നേരത്തേ രണ്ട് പേര്‍ മാത്രം നിശ്ചയിച്ചിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ മറ്റൊരു സംഘം ആളുകള്‍ ചേര്‍ന്നാണ് നിശ്ചയിക്കുന്നത്. അതാണ് ഇപ്പോഴത്തെ പൊട്ടിത്തെറികള്‍ക്ക് കാരണം എന്ന് കൂടി സുധാകരന്‍ പറഞ്ഞുവയ്ക്കുന്നു.

9

കോണ്‍ഗ്രസില്‍ സമൂലമായ നേതൃമാറ്റം സംഭവിക്കുന്നു എന്ന് വേണം ഇപ്പോഴത്തെ പ്രതികരണങ്ങള്‍ കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ വിലയിരുത്താന്‍. ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പരസ്യമായി വിമര്‍ശിക്കാനുള്ള ധൈര്യത്തിന് പിന്നില്‍ ഹൈക്കമാന്‍ഡിന്റെ ഉറപ്പ് തന്നെയാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. കെസി വേണുഗോപാല്‍ ആണ് ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക പുറത്തിറക്കിയത്. ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ആയിരുന്നു ഇത്. കെസി വേണുഗോപാലിനൊപ്പം കെ സുധാകരനും വിഡി സതീശനും ചേര്‍ന്ന് പുതിയ ഗ്രൂപ്പ് സൃഷ്ടിച്ചിരിക്കുകയാണ് എന്നാണ് എ, ഐ ഗ്രൂപ്പുകള്‍ ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണം. സംഘടനാ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ കെസി വേണുഗോപാലിന്റെ ഇടപെടലുകളോടും ഇവര്‍ക്ക് അതൃപ്തിയുണ്ട്.

10

പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ചതോടെ ആയിരുന്നു കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായത്. രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവായി തുടരട്ടേ എന്ന നിലപാട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ എ ഗ്രൂപ്പും സ്വീകരിച്ചിരുന്നു. എന്നാല്‍ ഇതിനിടയില്‍ എ, ഐ ഗ്രൂപ്പുകളിലെ ഉള്‍പ്പിരിവുകള്‍ പിന്തുണച്ചത് വിഡി സതീശനെ ആയിരുന്നു. പിന്നീട് കെപിസിസി അധ്യക്ഷനെ നിശ്ചയിക്കുന്ന കാര്യത്തിലും എ, ഐ ഗ്രൂപ്പുകളുടെ താത്പര്യം പരിഗണിക്കാതെയാണ് ഹൈക്കമാന്‍ഡ് മുന്നോട്ട് പോയത്. ഇതേ തുടര്‍ന്നാണ് ഇപ്പോഴത്തെ നേതൃത്വത്തിനെതിരെ ഗ്രൂപ്പുകള്‍ ശീതയുദ്ധം തുടങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+