ജോജുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുധാകരന്‍: പെരുമാറിയത് ഗുണ്ടയെപ്പോലെ, ക്രിമിനല്‍
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ വഴി തടയല്‍ സമരത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. മുണ്ടും മാടിക്കെട്ടി സമരക്കാര്‍ക്കുനേരെ ഗുണ്ടയെപ്പോലെ പാഞ്ഞടുത്ത ജോജുവിനെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്നും തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ കെ സുധാകരന്‍ പറഞ്ഞു. നടന്‍ വനിത കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറി. ഇക്കാര്യത്തില്‍ പൊലീസ് സ്വീകരിക്കുന്ന നടപടി ജനങ്ങളെയും സമൂഹത്തെയും ബോധ്യപ്പെടുത്താന്‍ സാധിക്കുന്ന നടപടി ആയിരിക്കണം അതെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
Recommended Video
അദ്ദേഹത്തിന്റെ വാഹനം പ്രതിഷേധത്തിനിടയില്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. അതിനുള്ള സാഹചര്യം ഉണ്ടാക്കിയത് ജോജു തന്നെയാണ്. സമരക്കാര്‍ക്കുനേരെ ചീറിപ്പാഞ്ഞതുകൊണ്ടാണ് വാഹനം തകര്‍ത്തത്. ജോജുവിന്റേത് അല്ലാതെ വേറെ ഏതെങ്കിലും ഒരു വാഹനം തകര്‍ക്കപ്പെട്ടിട്ടുണ്ടോ? അക്രമം കാട്ടിയ അക്രമിയുടെ കാറ് തകര്‍ത്തെങ്കില്‍ അത് ജനരോഷത്തിന്റെ ഭാഗമാണ്. തികച്ചും സ്വാഭാവികം. അതില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് എറണാകുളം ഡി സി സി നടത്തിയ സമരത്തെ തകർക്കാൻ ചില സാമൂഹിക വിരുദ്ധർ ശ്രമിച്ചതായുള്ള വാർത്തകൾ ശ്രദ്ധയിൽ പെട്ടു . അനാവശ്യ സമരങ്ങൾ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പാർട്ടി അല്ല കോൺഗ്രസ്. ഇന്ധന വില വർദ്ധനവ് അസഹനീയമായ സാഹചര്യത്തിലാണ് രൂക്ഷമായ സമരപരമ്പരയ്ക്ക് കോൺഗ്രസ് തുടക്കമിട്ടിരിക്കുന്നത്.
ജനങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങൾ അൽപം ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. പക്ഷേ അത്തരം സമരങ്ങളിലൂടെയാണ് നാം പല നേട്ടങ്ങളും കൈവരിച്ചതെന്ന് ആരും മറന്നു പോകരുത്. കോടികളുടെ സമ്പത്തിൽ അഭിരമിക്കുന്നവർക്ക് ഇന്ധന വിലവർദ്ധനവ് പ്രശ്നമല്ലായിരിക്കാം. പക്ഷേ അത്താഴപ്പട്ടിണിക്കാരൻ്റെ അവസ്ഥ അതല്ല . ജനപക്ഷത്ത് നിന്ന് സമരം നയിക്കുമ്പോൾ വില വർദ്ധനവിനെ ന്യായീകരിക്കുന്ന കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളുടെ അടിമകൾ എതിരേ വരുന്നത് സ്വാഭാവികമാണ്. തുടർച്ചയായി നടക്കുന്ന സ്ത്രീ പീഡനങ്ങളിൽ പോലും വാ തുറക്കാത്ത സിനിമാ നടൻമാർ ജനങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങളെ എതിർക്കുന്നത് അപലപനീയമാണ്.
അൽപമെങ്കിലും സാമൂഹിക പ്രതിബദ്ധത കാണിക്കാൻ താരങ്ങൾ തയ്യാറാകണം. സമരം ജനങ്ങൾക്ക് വേണ്ടിയാണെന്ന സത്യം ഭരണകൂടങ്ങൾക്ക് താരാട്ട് പാടുന്ന മാധ്യമങ്ങൾക്ക് അംഗീകരിക്കാൻ മടിയുണ്ട്. എന്നാൽ ജനം സമരത്തിന് അനുകൂലമെന്ന് പ്രതികരണങ്ങളിൽ നിന്ന് ഇപ്പോൾ മാധ്യമങ്ങളും മനസ്സിലാക്കിയിരിക്കുന്നു. സമരം ചെയ്യാൻ വന്ന പ്രവർത്തകരെ അപമാനിക്കാൻ ആര് വന്നാലും പ്രത്യാഘാതം രൂക്ഷമായിരിക്കും. സാധാരണക്കാരുടെ പ്രതിഷേധം ഭരണകൂടങ്ങളെ കേൾപ്പിച്ച എറണാകുളം ഡിസിസിയ്ക്കും സമര ഭടൻമാർക്കും അഭിവാദ്യങ്ങൾ അര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് അടിക്കടി വര്‍ധിക്കുന്ന ഇന്ധന വിലയ്ക്കെതിരെയാണ് കോണ്‍ഗ്രസിന്റെ സമരം. ഇപ്പോള്‍ അല്ലെങ്കില്‍ എപ്പോഴാണ് സമരം ചെയ്യേണ്ടത്. ജനം ഇങ്ങോട്ട് ചോദിക്കുന്നത് നിങ്ങള്‍ എന്തുകൊണ്ട് പ്രവര്‍ത്തിക്കുന്നില്ലെന്നാണ്. ഒരു മണിക്കൂര്‍ കോണ്‍ഗ്രസ് നടത്തിയ സമരം സമാധാനപരമായിരുന്നു. ജോജു എന്ന ക്രിമിനലിനെതിരേ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കുന്നുവെന്ന് നോക്കിയതിന് ശേഷമായിരിക്കും അടുത്ത പ്രവര്‍ത്തനങ്ങളെന്നും കെ സുധാകരന്‍ പറഞ്ഞു.
ജോജു മദ്യപിച്ചെത്തി കോണ്‍ഗ്രസ് സമരത്തിനിടെ ബഹളമുണ്ടാക്കുകയായിരുന്നുവെന്ന് എറണാകുളം ഡി സി സി അധ്യക്ഷൻ മുഹമ്മദ് ഷിയാസും ആരോപിച്ചിരുന്നു. വനിതാ പ്രവര്‍ത്തകരെ കയറിപ്പിടിച്ചു. മഹിള കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷയ്ക്കെതിരേയും കയ്യേറ്റശ്രമം ഉണ്ടായി. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും ഷിയാസ് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ജോജു ജോര്‍ജിനെ ആശുപത്രിയിലെത്തി വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. ഫലം പുറത്ത് വരാനിരിക്കുന്നതേയുള്ളു. അതേസമയം കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ മദ്യപിച്ചിട്ടില്ലെന്നാണ് ജോജു പറയുന്നത്.












Click it and Unblock the Notifications