അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പട്ടികയില്‍ മോദിയും ബിജെപിയും കൂടി ചേര്‍ക്കണം: കെ സുധാകരന്‍
തിരുവനന്തപുരം: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങാനിരിക്കെ അണ്‍പാര്‍ലമെന്ററി വാക്കുകളായി പ്രഖ്യാപിച്ചവയില്‍ ഏറിയവയും മോദിയെന്ന പേരിന്റെ വിശേഷണങ്ങളും പര്യായങ്ങളുമാണെന്ന് കെ പി സി സി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു.
ജനങ്ങളുടെ മനസ്സില്‍ ഏറ്റവും കൂടുതല്‍ വെറുപ്പുളവാക്കുന്ന വാക്കുകളാണ് മോദിയും ബിജെപിയും. പാര്‍ലമെന്റിലെ ഇരുസഭകളിലും പ്രതിനിധികളുടെ നാവിന് കടിഞ്ഞാണിടാന്‍ പ്രഖ്യാപിച്ച അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പട്ടികയില്‍ 'മോദിയും ബിജെപിയും' എന്നൂകൂടി ചേര്‍ത്താല്‍ എല്ലാം തികയുമെന്നും അദ്ദേഹം വ്യക്തമാക്കി.
സഭ്യതയ്ക്ക് നിരക്കാത്ത ചെയ്ത്താണ് കഴിഞ്ഞ കൂറെ വര്‍ഷങ്ങളായി ഇവ രണ്ടും ജനങ്ങളോട് കാട്ടുന്നത്.മോദിയും കൂട്ടരും നടത്തുന്ന നെറികേടുകള്‍ക്കെതിരായ എതിര്‍ ശബ്ദങ്ങളുടെ മൂര്‍ച്ച കുറയ്ക്കാനും പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുമുള്ള തുഗ്ലക് പരിഷ്‌കാരമാണ് സഭയില്‍ നടപ്പാക്കാന്‍ പോകുന്നത്. മൗഢ്യം വിഡ്ഢിയുടെ കൂടപിറപ്പെന്നതിന് തെളിവാണ് ഈ നടപടി. പ്രധാനമന്ത്രിയുടെ വ്യക്തിത്വത്തെയും പ്രവൃത്തിയേയും പ്രതിഫലിക്കുന്ന പദപ്രയോഗം പ്രതിപക്ഷം നടത്തുമ്പോള്‍ അദ്ദേഹം എന്തിനാണ് ഇത്രയേറെ അരിശം കൊള്ളുകയും അസഹിഷ്ണുത പ്രകടിപ്പിക്കുകയും ചെയ്യുന്നത്. നല്ലത് ചെയ്താലെ ആളുകള്‍ നല്ലതുപറയുയെന്ന കാര്യം മനസിലാക്കാനുള്ള വിവേകം പോലുമില്ലാത്ത ബുദ്ധിശൂന്യനാണ് ഇന്ത്യയുടെ ഇന്നത്തെ പ്രധാനമന്ത്രിയെന്നത് നാണക്കേടാണ്. അദ്ദേഹം അര്‍ഹിക്കുന്ന പദപ്രയോഗം എന്തായാലും സഭയ്ക്കകത്തും പുറത്തും തുടരാനാണ് ലോകസഭാംഗം എന്ന നിലയില്‍ ഞാനാഗ്രഹിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം, പ്രതിപക്ഷം നിയമസഭയില്‍ അട്ടപ്പാടി നിവാസികളുടെ ദുരിതം തുറന്നുകാണിച്ചപ്പോള്‍ യുഡിഎഫ് എംഎല്‍എമാരെ അധിക്ഷേപിക്കുന്ന സമീപനമാണ് ആരോഗ്യമന്ത്രിയുടെതെന്ന് കെ സുധാകരന്‍ പറഞ്ഞു. സ്വന്തം വകുപ്പിലെ കെടുകാര്യസ്ഥതക്ക് എതിരെ ഉയരുന്ന വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെയാണ് ആരോഗ്യമന്ത്രി നേരിടുന്നത്.സൗജന്യ ചികിത്സ ഉറപ്പു വരുത്തുന്നതിന് സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആശുപത്രികളുടെ ശോചനീയാവസ്ഥയും ആവശ്യത്തിന് ഡോക്‌സര്‍മാരും പാരമെഡിക്കല്‍ സ്റ്റാഫുമില്ലാത്തതും ഇതിന് തിരിച്ചടിയായി.
കൂടുതല്‍ ജീവനക്കാരെ നിയമിച്ച് അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കാര്യമായ ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്നതാണ് വസ്തുത.പോഷകാഹാരക്കുറവും, മറ്റു രോഗവ്യാപനവും ശിശുമരണങ്ങളിലേക്ക് വഴിവെയ്ക്കുന്നു.ഇവിടങ്ങളില്‍ ഊരുകളിലെ പട്ടിണി അകറ്റാനായി നടപ്പാക്കിയ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ചമട്ടാണ്. സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ നല്‍കിയ തുകപോലും വകമാറ്റുന്ന സ്ഥിതിയുണ്ടായി. ഇതെല്ലാം മറച്ചുവെച്ചാണ് ആരോഗ്യമന്ത്രി പ്രതിപക്ഷത്തിന്റെ മേല്‍ കുതിര കയറുന്നതെന്നും സുധാകരന്‍ പറഞ്ഞു.
ഈ വര്‍ഷം അട്ടപ്പാടിയില്‍ മാത്രം മരിച്ച നവജാത ശിശുക്കളുടെ എണ്ണം ഏഴാണ്. കഴിഞ്ഞ മാസം മാത്രം 3 കുഞ്ഞുങ്ങളാണ് അട്ടപ്പാടിയില്‍ മരിച്ചത്. 6 മാസത്തിനിടെ 10 ശിശുക്കള്‍ ഇവിടെ മരിച്ചുയെന്നാണ് കണക്ക്. ജനകീയ പ്രശ്‌നങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തി കാട്ടുമ്പോള്‍ അതില്‍ രാഷ്ട്രീയം കലര്‍ത്തുന്ന സര്‍ക്കാര്‍ നിലപാട് ഒട്ടും ഭൂഷണമല്ല. ജനകീയ വിഷയങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുന്നതിന് പകരം എത്രയും വേഗം അവയ്ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സുധാകരന്‍ പറഞ്ഞു.
അട്ടപ്പാടിയില്‍ കഴിഞ്ഞ ദിവസം മരിച്ച കുഞ്ഞിന്റെ മൃതദേഹവുമായി രണ്ട് കിലോമീറ്റര്‍ ദൂരമാണ് പിതാവിന് നടക്കേണ്ടി വന്നത്. ഹൃദയഭേദകമായ ഇത്തരം കാഴ്ചകളാണോ സര്‍ക്കാര്‍ അട്ടിപ്പാടിയിലെ ജനങ്ങളുടെ ക്ഷേമത്തിനായി നടപ്പാക്കിയ സേവനങ്ങളുടെ ഗുണമേന്മ. ഇവിടെത്തെ അന്തേവാസികളുടെയും ഊരുകളുടെയും ദുരവസ്ഥയുടെ നേര്‍ചിത്രം കൂടിയാണ് ഈ സംഭവം. അട്ടപ്പാടിയില്‍ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം. ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ മാത്രം എന്തെങ്കിലും ചെയ്തുവെന്ന് വരുത്തുന്നത് ഒട്ടും ഉചിതമല്ല. വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് ഇവിടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നത്. അത് പരിഹരിക്കാനും പരിശോധിക്കാനും സര്‍ക്കാരിന് കഴിയാതെ പോകുന്നുയെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications