ബിഷപ്പ് പറഞ്ഞത് സിപിഎം രക്തസാക്ഷികളെക്കുറിച്ച്: ആക്രമിക്കാന്‍ അനുവദിക്കില്ല: കെ സുരേന്ദ്രന്‍
തിരുവനന്തപുരം: അഭിപ്രായം പറഞ്ഞതിന്റെ പേരിൽ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ വളഞ്ഞിട്ടാക്രമിക്കുന്ന ഇടത്-വലത് മുന്നണികളുടെ നിലപാട് ജനാധിപത്യവിരുദ്ധമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാൻ പോയും പ്രകടനത്തിനിടയിൽ പോലീസ് ഓടിച്ചപ്പോൾ പാലത്തിൽ നിന്ന് തെന്നിവീണും മരിച്ചവരെ രക്തസാക്ഷികളാക്കുന്നത് സി പി എമ്മാണ്. അവരെയാണ് ബിഷപ്പ് തുറന്ന് കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കള്ളുഷാപ്പിലെ തർക്കത്തിനിടെ കത്തികുത്തേറ്റ് മരിച്ചവരെയും പാമ്പ് കടിച്ച് മരിച്ചവരെയും രക്തസാക്ഷികളാക്കിയ സി പി എം പാംപ്ലാനിയെ വിമർശിക്കുന്നതിൽ അത്ഭുതമില്ല. രാഷ്ട്രീയ സംഘർഷങ്ങൾ നടക്കുന്നത് കമ്മ്യൂണിസ്റ്റ് ശക്തി കേന്ദ്രങ്ങളിൽ മാത്രമാണ്. രാഷ്ട്രീയ കൊല നടത്തുന്നതും രക്തസാക്ഷികളെ ആഘോഷിക്കുന്നതും അവരാണ്. ലോകത്താകമാനം രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ ശൈലി. ഉന്മൂലന രാഷ്ട്രീയം പ്രത്യയശാസ്ത്രമാക്കിയ കമ്മ്യൂണിസ്റ്റുകാർ ഇപ്പോഴും ആയുധം താഴെവെക്കാൻ തയ്യാറായിട്ടില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ് എഫ് ഐ ആൾമാറാട്ടത്തിൽ പൊലീസ് കേസെടുക്കാത്തത് നിയമലംഘനമാണെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു. എസ് എഫ് ഐ നേതാവിന്റെ ആൾമാറാട്ടത്തിന് കൂട്ടുനിന്നത് കോൺഗ്രസിന്റെ അദ്ധ്യാപക സംഘടനയുടെ ജില്ലാ നേതാവായ പ്രിൻസിപ്പാലാണ്. ഇതിൽ നിന്നും സംഭവത്തിലെ കോൺഗ്രസ്- സി പി എം ബന്ധം വ്യക്തമാണ്. ഇരുകൂട്ടരും സ്ഥിരമായി ചെയ്തുവരുന്ന തട്ടിപ്പാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്.
പ്രഥമദൃഷ്ട്യാ കേസെടുക്കേണ്ട സംഭവത്തിൽ ഇതുവരെ കേസെടുക്കാൻ പൊലീസ് തയ്യാറാവാത്തത് രാഷ്ട്രീയ സമ്മർദ്ദം മൂലമാണ്. ആൾമാറാട്ടം, വിശ്വാസവഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ എന്നിവയിൽ ഇതുവരെ കേസെടുക്കാൻ പൊലീസ് തയ്യാറാവാത്തത് നിയമവിരുദ്ധമാണ്. അന്വേഷണം നടത്താൻ സംസ്ഥാന പൊലീസ് മേധാവിക്കും ജില്ലാ പൊലീസ് മേധാവിക്കും കാട്ടാക്കട പൊലീസിനും കേരള സർവകലാശാല രജിസ്ട്രാർ പരാതി നൽകിയിട്ടുണ്ട്.
യുയുസി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളാണ് സർവകലാശാലയ്ക്ക് നൽകിയിരിക്കുന്നതെന്നും ഇത് കോളേജിന്റെയും സർവകലാശാലയുടെയും പ്രതിച്ഛായയ്ക്കും അന്തസിനും കോട്ടമുണ്ടാക്കിയതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. എ ബി വി പിയും പൊലീസിന് പരാതി നൽകിയിട്ടുണ്ട്. എന്നാൽ സംഭവത്തിൽ ഉന്നതതല ഗൂഢാലോചന ഉള്ളതുകൊണ്ടാണ് പൊലീസ് നിഷ്ക്രിയത്വം കാണിക്കുന്നത്. സി പി എമ്മിന്റെയും കോൺഗ്രസിന്റെയും ഭാഗത്ത് നിന്നും പ്രതിക്ക് വേണ്ടി സമ്മർദ്ദം ഉയരുന്നുണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.












Click it and Unblock the Notifications