Get Updates
Get notified of breaking news, exclusive insights, and must-see stories!

'പിണറായി ആഗ്രഹിക്കുന്നത് മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം': രൂക്ഷവിമര്‍ശനവുമായി കെ സുരേന്ദ്രന്‍

ആര്‍ എസ് എസ്സുമായി മുസ്ലിം സംഘടനകള്‍ ചര്‍ച്ച ചെയ്യരുതെന്ന പിണറായി വിജയന്റെ നിലപാട് ജനാധിപത്യവിരുദ്ധമാണ്.

k surendran

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമി- ആര്‍ എസ് എസ് ചര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഗ്രഹിക്കുന്നത് മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായതുകൊണ്ടാണ് അദ്ദേഹം ഹിന്ദു- മുസ്ലിം സംഘടനകളുടെ ചര്‍ച്ചക്കെതിരെ രംഗത്ത് വന്നിരിക്കുന്നതെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. ഹിന്ദുക്കളും മുസ്ലിംങ്ങളും തമ്മിലടിച്ചാലേ സി പി എമ്മിന് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാവുകയുള്ളൂവെന്ന് അറിയാവുന്നത് കൊണ്ടാണ് മുഖ്യമന്ത്രി ഇരുകൂട്ടരും തമ്മിലുള്ള സമന്വയത്തെയും സംവാദത്തെയും എതിര്‍ക്കുന്നതെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

ആര്‍ എസ് എസ്സുമായി മുസ്ലിം സംഘടനകള്‍ ചര്‍ച്ച ചെയ്യരുതെന്ന പിണറായി വിജയന്റെ നിലപാട് ജനാധിപത്യവിരുദ്ധമാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അട്ടിപേറവകാശം ആരും പിണറായി വിജയനെ ഏല്‍പ്പിച്ചിട്ടില്ല. മുസ്ലിം സംരക്ഷകര്‍ ചമഞ്ഞ് ആ സമുദായത്തെ അപകടത്തിലാക്കാനാണ് സി പി എം എന്നും ശ്രമിച്ചിട്ടുള്ളത്. സി പി എമ്മിന്റെ മുസ്ലിം പ്രീണനം തീവ്രവാദശക്തികള്‍ക്ക് മാത്രമേ ഗുണം ചെയ്തിട്ടുള്ളൂവെന്ന് എല്ലാവര്‍ക്കും അറിയാം. മുസ്ലിം സമുദായത്തിന് സിപിഎമ്മിന്റെ ഇരട്ടത്താപ്പ് തിരിച്ചറിയാന്‍ സാധിക്കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

രാജ്യത്ത് ഇല്ലാത്ത പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് മതസ്പര്‍ധയുണ്ടാക്കി കലക്ക് വെള്ളത്തില്‍ മീന്‍പിടിക്കുകയാണ് യെച്ചൂരിയും പിണറായിയും മറ്റ് ഇടത് നേതാക്കളും ചെയ്തുവരുന്നത്. സിഎഎ സമരക്കാലത്തെല്ലാം വലിയതോതിലുള്ള വിദ്വേഷ പ്രചരണങ്ങളാണ് സിപിഎമ്മിന്റെയും പിണറായിയുടേയും നേതൃത്വത്തില്‍ കേരളത്തില്‍ നടന്നത്.

ഇപ്പോള്‍ മുസ്ലിം സമുദായത്തിന് കാര്യങ്ങള്‍ എല്ലാം മനസിലായിക്കഴിഞ്ഞു. പോപ്പുലര്‍ഫ്രണ്ടിന്റെ ഒഴിവ് നികത്താനാണ് മുഖ്യമന്ത്രിയും സി പി എമ്മും ശ്രമിക്കുന്നതെന്ന് വ്യക്തമാണ്. നരേന്ദ്രമോദി ഭരണത്തില്‍ രാജ്യത്ത് വര്‍ഗീയ കലാപങ്ങളില്ലാത്തത് ഇടതുപക്ഷത്തെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കുന്നത്. രാജ്യം ഐക്യത്തോടെയും ശാന്തിയോടെയും മുന്നോട്ട് പോകുന്നത് ഒരിക്കലും കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇഷ്ടമല്ലായിരുന്നു. അയോധ്യ പ്രക്ഷോഭകാലത്ത് എരിതീയില്‍ എണ്ണ ഒഴിക്കാനായിരുന്നു കമ്മ്യൂണിസ്റ്റുകാര്‍ ശ്രമിച്ചത്. എംജിഎസ് നാരായണനും കെകെ മുഹമ്മദുമെല്ലാം ഈ കാര്യങ്ങള്‍ അവരുടെ പുസ്തകത്തില്‍ എഴുതിയിരുന്നുവെന്നും കെ.സുരേന്ദ്രന്‍ ചൂണ്ടിക്കാണിച്ചു.

അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സംഘപരിവാറുമായി വിയോജിപ്പുകള്‍ക്കപ്പുറം സംവാദങ്ങളും ചര്‍ച്ചകളും ആവശ്യമാണെന്ന ജമാഅത്തെ ഇസ്ലാമിയുടെ ന്യായം അവരുടെ കാപട്യത്തെ വെളിവാക്കുന്നതാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

ആര്‍എസ്എസുമായി എന്തുകാര്യമാണ് ചര്‍ച്ച ചെയ്തതെന്നും കൂടിക്കാഴ്ചയുടെ ഉള്ളടക്കമെന്തെന്നും ജമാഅത്തെ ഇസ്ലാമി നേതൃത്വം വ്യക്തമാക്കണം. സംഭാഷണങ്ങളിലൂടെ നവീകരിക്കാനും പരിവര്‍ത്തനം ചെയ്‌തെടുക്കാനും കഴിയുന്ന സംഘടനയാണ് ആര്‍എസ്എസ് എന്ന ജമാഅത്തെ ഇസ്ലാമിയുടെ യുക്തി പുള്ളിപ്പുലിയെ കുളിപ്പിച്ചു പുള്ളിമാറ്റാന്‍ കഴിയും എന്ന് കരുതുന്നതിന് തുല്യമാണെന്നും പിണറായി വ്യക്തമാക്കി.

ഇന്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പൊതുപ്രശ്‌നങ്ങള്‍ രാജ്യഭരണം നിയന്ത്രിക്കുന്ന ആര്‍എസ്എസിനുമുന്നില്‍ അവതരിപ്പിക്കാനാണ് ചര്‍ച്ച നടത്തിയതെന്ന വാദം അതിലേറെ വിചിത്രവും. ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെ ഇസ്ലാമിക്ക് നല്‍കിയത്?ചര്‍ച്ചയുടെ ഉള്ളടക്കം എന്തുതന്നെയായാലും രാജ്യത്തെ ന്യൂനപക്ഷങ്ങളെ സഹായിക്കാനുള്ളതല്ല അത്. ന്യൂനപക്ഷ സംരക്ഷണം എന്നാല്‍ മത നിരപേക്ഷതയുടെ സംരക്ഷണമാണ്.

അതിനു ഭംഗം വരുത്തുന്നത് ആരാണെന്ന് അറിയാത്തവരാണോ ഈ സംഘടനക്കാര്‍? അത്തരക്കാരുമായി ചര്‍ച്ച നടത്തിയാല്‍ എങ്ങനെയാണ് മത നിരപേക്ഷതയും ന്യൂനപക്ഷ സംരക്ഷണവും സാധ്യമാവുക? ഇന്ത്യയിലെ മതനിരപേക്ഷ സമൂഹം ഇന്ന് സംഘപരിവാറിന്റെ തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ശക്തമായി പോരാടുകയാണ്. ഈ ഘട്ടത്തില്‍ ആര്‍എസ്എസ് അജണ്ടയ്ക്ക് ഒത്താശ ചെയ്യുന്നതാണ് ഇത്തരം നടപടികള്‍. വര്‍ഗ്ഗീയതകള്‍ പരസ്പരം സന്ധി ചെയ്തുകൊണ്ട് മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും തച്ചുടയ്ക്കുന്നതില്‍ ഒരേ മനസ്സോടെ നില്‍ക്കുന്നവരാണ് എന്നതിന് ഇതില്‍പ്പരം തെളിവ് വേണ്ട. ഇത് മതനിരപേക്ഷ സമൂഹത്തിനോടുള്ള വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+