അനില്‍ പറഞ്ഞത് കല ഒളിച്ചോടിയെന്ന്: ഒടുവില്‍ മദ്യം ചതിച്ചു, രഹസ്യം ചോർന്നു: കൊലപാതകം കാറില്‍?
ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ നിന്നും പതിനഞ്ച് വർഷം മുമ്പ് കാണാതായ യുവതിയെ കൊലപ്പെടുത്തിയതെന്ന് സൂചന. മന്നാർ സ്വദേശിയായ കലയുടെ തിരോധാനമാണ് കൊലപാതകമെന്നതിലേക്ക് വഴി മാറിക്കൊണ്ടിരിക്കുന്നത്. ഊമകത്തിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാന്നാർ പൊലീസ് കലയുടെ ഭർത്താവ് അനിലിന്റെ ബന്ധുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. സോമൻ, സുരേഷ്, പ്രമോദ്, സന്തോഷ്, ജിനു രാജൻ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
കസ്റ്റഡിയിലെടുത്തവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അനിലിന്റെ വീടിന്റെ പരിസരത്തെ പഴയ സെപ്റ്റിക് ടാങ്ക് തുറന്ന് പൊലീസ് പരിശോധന നടത്തുകയാണ്. കലയെ കൊലപ്പെടുത്തിയതിന് ശേഷം സെപ്റ്റിക് ടാങ്കില്‍ മൃതദേഹം മറവ് ചെയ്തതെന്നാണ് വിവരം. കാണാതാകുമ്പോള്‍ കലയ്ക്ക് 20 വയസ്സായിരുന്നു.

കല ഒളിച്ചോടിയെന്ന്
വിനോദ യാത്രയ്ക്ക് പോയ സമയത്ത് കല ആണ്‍ സുഹൃത്തിനൊപ്പം ഒളിച്ചോടിയെന്ന വിവരമാണ് അനില്‍ ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. ഇതിന് ശേഷം മറ്റൊരു വിവാഹം കഴിച്ച അനില്‍ ഇപ്പോള്‍ ഇസ്രായേലിലാണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്. മൂന്ന് മാസം മുമ്പായിരുന്നു വിവരം അറിയിച്ചുകൊണ്ടുള്ള ഊമക്കത്ത് പൊലീസിന് ലഭിച്ചത്. ഇതിന് ശേഷം വിശദമായ അന്വേഷണത്തിലായിരുന്നു പൊലീസ്.
രണ്ട് സമുദായ അംഗങ്ങളായ കലയുടേയും അനിലിന്റേയും പ്രണയവിവാഹമായിരുന്നു. ഇരുവരുടേയും വീട്ടുകാർക്ക് വിവാഹത്തിന് താല്‍പര്യമുണ്ടായിരുന്നില്ല. ഇതോടെ ബന്ധു വീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ഇതിനിടയിലാണ് അനില്‍ അംഗോളയിലേക്ക് ജോലിക്ക് പോകുന്നത്. കലയ്ക്ക് മറ്റാരാളുമായി ബന്ധമുണ്ടെന്ന് ചിലർ വിളിച്ച് പറഞ്ഞതിനെ തുടർന്ന് ഇരുവരും തമ്മില്‍ തർക്കം ആരംഭിച്ചു.
രഹസ്യം ചോർന്നത്
തർക്കം ശക്തമായപ്പോള്‍ കല വീട്ടിലേക്ക് തിരികെ പോകാനും ശ്രമം നടത്തി. എന്നാല്‍ കുഞ്ഞിനെ തനിക്ക് നല്‍കണമെന്ന് നിലപാടിലായിരുന്നു അനില്‍. പിന്നീട് അനില്‍ നാട്ടിലെത്തിക്കുകയും കാർ വാടകയ്‌ക്കെടുത്ത് കുട്ടനാട് ഭാഗങ്ങളിൽ യാത്ര പോകുകയും ചെയ്തു. ഈ യാത്രക്കിടയില്‍ വെച്ച് കല ആണ്‍ സുഹൃത്തിനൊപ്പം പോയെന്നാണ് അനില്‍ പറഞ്ഞിരുന്നത്. എന്നാല്‍ കാർ യാത്രക്കിടെ അനില്‍ സുഹൃത്തുക്കളായ അഞ്ചുപേരെ വിളിച്ചുവരുത്തി കലയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സംശയം.
മദ്യപാന സദസ്സില്‍ വെച്ച് പ്രതികരില്‍ ഒരാള്‍ നടത്തിയ വെളിപ്പെടുത്തലാണ് ഊമകത്തിലേക്ക് പൊലീസിന്റെ അന്വേഷണത്തിലേക്ക് നയിച്ചതെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. കേസിലെ പ്രതിയായ ഒരാൾ നേരത്തെ ഭാര്യയെയും മക്കളെയും അപകടപ്പെടുത്താൻ ശ്രമിച്ച കേസിൽ ജയിൽശിക്ഷ അനുഭവിച്ചയാളുമാണ്.












Click it and Unblock the Notifications