കളമശ്ശേരി സ്‌ഫോടനത്തില്‍ ഒരാള്‍ കൂടി മരിച്ചു; മരിച്ചത് ലിബ്‌നയുടെ അമ്മ, മരണം അഞ്ചായി
കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു. മലയാറ്റൂര്‍ സ്വദേശിനി റീന പ്രദീപനാണ് മരിച്ചത്. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു റീന. സ്‌ഫോടനത്തില്‍ നേരത്തെ മരിച്ച ലിബ്‌നയുടെ മാതാവാണ് റീന പ്രദീപ് എന്ന സാലി. ഇതോടെ കളമശ്ശേരി സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. റീനയുടെ രണ്ട് ആണ്‍മക്കളും പൊള്ളലേറ്റ് ചികിത്സയിലാണ്.
ആലുവ തൈക്കാട്ടുകാര സ്വദേശി മോളി ജോയ്, പെരുമ്പാവൂര്‍ ഇരിങ്ങോള്‍ വട്ടോളിപ്പടി പുളിയന്‍ വീട്ടില്‍ ലിയോണ പൗലോസ്, ഇടുക്കി കാളിയാര്‍ മുപ്പത്താറ് കവലയില്‍ കുമാരി എന്നിവരാണ് സ്‌ഫോടനത്തില്‍ മരിച്ച മറ്റുള്ളവര്‍. ലിയോണ പൗലോസ് സംഭവ സ്ഥലത്ത് വെച്ചും കുമാരിയും ലിബിനയും മോളിയും കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയുമാണ് മരണപ്പെട്ടത്.

ഒക്ടോബര്‍ 29-ന് രാവിലെ ഒമ്പതരയോടെ ആണ് യഹോവ സാക്ഷികളുടെ കണ്‍വന്‍ഷന്‍ നടന്ന കളമശ്ശേരിയിലെ സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഹാളില്‍ സ്‌ഫോടനമുണ്ടാകുന്നത്. 2500 ഓളം പേര്‍ ഹാളിലുള്ളപ്പോഴായിരുന്നു സ്‌ഫോടനം. തല്‍ക്ഷണം ഒരാള്‍ മരിച്ചിരുന്നു. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് തമ്മനം സ്വദേശിയായ ഡൊമിനിക് മാര്‍ട്ടിന്‍ എന്നയാള്‍ കുറ്റം ഏറ്റെടുത്ത് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.
അമ്പതോളം പേര്‍ക്കാണ് സ്ഫോടനത്തില്‍ പരിക്കേറ്റത്. നിലവില്‍ 17 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 13 പേര്‍ക്കായിരുന്നു ഗുരുതരമായി പൊള്ളലേറ്റത്. യഹോവ സാക്ഷികളില്‍പ്പെട്ടയാള്‍ തന്നെയാണ് പ്രതിയായ ഡൊമിനിക് മാര്‍ട്ടിന്‍. യഹോവ സാക്ഷികളുമായുള്ള ഭിന്നാഭിപ്രായത്തെ തുടര്‍ന്നാണ് സ്ഫോടനം നടത്തിയത് എന്ന് ഡൊമിനിക് മാര്‍ട്ടിന്‍ സമ്മതിച്ചിരുന്നു. ബോംബ് നിര്‍മാണത്തിന് ഡൊമനിക്ക് മാര്‍ട്ടിന് കൂടുതല്‍ പേരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
അതേസമയം കളമശ്ശേരി സ്‌ഫോടനത്തില്‍ നിര്‍ണായകമായ തെളിവുകള്‍ ഡൊമിനിക് മാര്‍ട്ടിന്റെ വാഹനത്തില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. സ്‌ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകള്‍ ആണ് അന്വേഷക സംഘം കണ്ടെടുത്തിരിക്കുന്നത്. ഓറഞ്ച് നിറത്തിലുള്ള റിമോട്ടില്‍ എ, ബി എന്നു രേഖപ്പെടുത്തിയ രണ്ട് സ്വിച്ചുകള്‍ ആണ് ഉള്ളത് എന്നാണ് വിവരം.
ഈ റിമോട്ടുകള്‍ ഉപയോഗിച്ചാണ് പ്രതി സ്‌ഫോടനം നടത്തിയത്. ഇതിന് ശേഷം വാഹനത്തില്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ എത്തി. ഈ സമയം മാര്‍ട്ടിന്‍ വാഹനത്തിനുള്ളില്‍ റിമോട്ടുകള്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. വെള്ള കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു റിമോട്ടുകള്‍.












Click it and Unblock the Notifications