കളമശ്ശേരി സ്‌ഫോടനം: 95 ശതമാനം പൊള്ളലേറ്റ 12 കാരിയും മരിച്ചു, മരണസംഖ്യ മൂന്നായി
എറണാകുളം: കളമശ്ശേരി ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 12 കാരി അര്‍ധരാത്രി ഒന്നരയോടെയാണ് മരണത്തിന് കീഴടങ്ങിയത്. മലയാറ്റൂര്‍ സ്വദേശി ലിബിനയാണ് മരിച്ചത്. സ്‌ഫോടനത്തില്‍ 95 ശതമാനം പൊള്ളലേറ്റ് വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ലിബിന. മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം കുട്ടിക്ക് ആവശ്യമായ ചികിത്സകള്‍ നല്‍കുന്നതിനിടെയാണ് മരണം.
മരുന്നുകളോട് പ്രതികരിക്കാതിരുന്നതോടെയാണ് മരണം സംഭവിച്ചത്. എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശിയായ കുമാരി (53) എന്നിവരാണ് സ്‌ഫോടനത്തില്‍ മരിച്ച മറ്റ് രണ്ട് പേര്‍. ഇതില്‍ ആദ്യം മരിച്ചത് ലയോണയായിരുന്നു. എന്നാല്‍ ഇവരെ ഏറെ വൈകീട്ടാണ് തിരിച്ചറിഞ്ഞത്. ലയോണയെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു.

രാത്രി വൈകിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ലയോണ ഒറ്റക്കാണ് സമ്ര സെന്ററിലെ കണ്‍വെന്‍ഷനെത്തിയത്. ഇവരുടെ കൈയിലുണ്ടായിരുന്ന മോതിരം കണ്ടാണ് ബന്ധു മൃതദേഹം തിരിച്ചറിഞ്ഞത്. വിദേശത്തുള്ള മകള്‍ കൂടി എത്തി തിരിച്ചറിഞ്ഞാല്‍ മാത്രമെ മൃതദേഹം വിട്ടുകൊടുക്കുന്ന നടപടി ഉള്‍പ്പെടെ സ്വീകരിക്കൂ. ഇന്നലെ രാവിലെ നടന്ന സ്‌ഫോടനത്തില്‍ 51 പേര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരില്‍ 30 പേര്‍ ചികിത്സയിലുണ്ട്. 18 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇവരില്‍ ആറു പേരുടെ നില ഗുരുതരമാണ് എന്നാണ് വിവരം. അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിയായ എറണാകുളം കടവന്ത്ര സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു. ഇയാള്‍ തന്നെയാണ് സ്‌ഫോടനം നടത്തിയത് എന്ന് പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. കൊച്ചി തമ്മനത്ത് വാടകയ്ക്ക് താമസിക്കുന്ന മാര്‍ട്ടിന്‍ ഒരു വര്‍ഷം മുന്‍പ് വരെ വിദേശത്തായിരുന്നു.
താനാണ് സ്‌ഫോടനം നടത്തിയതെന്ന് അവകാശപ്പെട്ട് ഇയാള്‍ തൃശൂര്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് കൊണ്ടുള്ള വീഡിയോ ഫേസ്ബുക്ക് പേജില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്. യു എ പി എ ഉള്‍പ്പെടെ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മാര്‍ട്ടിന്‍ നല്‍കിയ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് ഉന്നത ഉദ്യോഗസ്ഥര്‍, പ്രതി മാര്‍ട്ടിനാണെന്ന് സ്ഥിരീകരിച്ചത്. യുട്യൂബില്‍ നോക്കി പഠിച്ച് ബോംബ് സ്വയം നിര്‍മിക്കുകയായിരുന്നുവെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. താന്‍ മുന്‍പ് 'യഹോവയുടെ സാക്ഷികള്‍'ക്കൊപ്പമായിരുന്നുവെന്നും അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് സ്‌ഫോടനം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നുമാണ് മാര്‍ട്ടിന്‍ പറയുന്നത്.












Click it and Unblock the Notifications