കളിയിക്കാവിള എഎസ്ഐയുടെ കൊലപാതകം; ഇഞ്ചിവിള സ്വദേശികളായ 2 പേർ കസ്റ്റഡിയിൽ
തിരുവനന്തപുരം: കളിയിക്കാവിളയിൽ എഎസ്ഐയെ വെടിവെച്ച് കൊന്ന കേസിൽ രണ്ട് പേർ കൂടി കസ്റ്റഡിയിൽ. മുഖ്യപ്രതിയായ തൗഫീഖുമായി അടുത്ത ബന്ധമുള്ള രണ്ട് പേരെയാണ് പോലീസ് പിടികൂടിയത്. ഇഞ്ചിവിള സ്വദേശികളാണ് ഇവർ. കൊലപാതകത്തിന് മുമ്പ് തൗഫീഖ് ഇവരുടെ ഫോണിലേക്ക് നിരന്തരം വിളിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം നടത്താനായി കളിയിക്കാവിളയിലെത്തിയ തൗഫീഖിന് എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകിയത് ഇവരാണെന്നാണ് സൂചന.
തൗഫീഖും അബ്ദുൾ ഷെമീമും ഉൾപ്പെട്ട തീവ്രവാദ സ്വഭാവമുള്ള സംഘടനയുമായി ഇവർക്ക് ബന്ധമുണ്ടോയെന്നും സംശയിക്കുന്നു. കേരള-തമിഴ്നാട് പോലീസിനെ ഉന്നത ഉദ്യോഗസ്ഥർ ഇവരെ ചോദ്യം ചെയ്യുകയാണ്. നേരത്തെ തിരുവനന്തപുരം പൂന്തുര സ്വദേശിയായ ഒരാളെയും പാലക്കാട് മേപ്പറമ്പ് സ്വദേശികളായ രണ്ടുപേരെയും തമിഴ്നാട് ക്യൂ ബ്രാഞ്ച് പിടികൂടിയിരുന്നു.

പ്രതികളായ അബ്ദീൾ ഷെമീം, തൗഫീഖ് എന്നിവർക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. ഇരുവർക്കുമായി കേരളത്തിലും തമിഴ്നാട്ടിലും പോലീസ് വ്യാപകമായി തിരച്ചിൽ നടത്തുകയാണ്. കേസിൽ തീവ്രവാദ ബന്ധം സ്ഥിരീകരിക്കപ്പെട്ടതിനാൽ എൻഐഎ കേസ് എടുക്കാനാണ് സാധ്യത.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കളിയിക്കാവിളയിൽ എഎസ്ഐ വിൽസണെ വെടിവെച്ച് കൊലപ്പെടുത്തുന്നത്. എഎസ്ഐയുടെ നെഞ്ചിൽ രണ്ട് വെടിയുണ്ടകളും വയറ്റിൽ ഒരു വെടിയുണ്ടയുമാണ് തുളഞ്ഞു കയറിയത്. പ്രതികളുമായി ബന്ധമുള്ള ചിലരെ ക്യൂ ബ്രാഞ്ച് രണ്ടാഴ്ച മുൻപ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന്റെ പ്രതികാരമാണ് കൊലപാതകം എന്നാണ് സൂചന.












Click it and Unblock the Notifications