കാനം രാജേന്ദ്രന്റെ വിയോഗം: സംസ്കാരം നാളെ, ശനിയാഴ്ചത്തെ നവകേരള സദസ്സ് പരിപാടികള്‍ റദ്ദാക്കി
കൊച്ചി: സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണത്തെത്തുടര്‍ന്ന് നവകേരള സദസ്സിന്റെ ശനിയാഴ്ചത്തെ പരിപാടികള്‍ മാറ്റിവെച്ചു. കാനത്തിന്റെ മൃതദേഹം സംസ്കരിച്ചതിന് ശേഷം ഞായറാഴ്ച ഉച്ചയോടെ പെരുമ്പാവൂരില്‍ നിന്നും നവകേരള സദസ്സ് പുനഃരാരംഭിക്കും. പെരുമ്പാവൂർ ബോയ്‌സ് ഹൈസ്കൂൾ മൈതാനത്ത് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് പെരുമ്പാവൂർ മണ്ഡലത്തിലെ നവകേരളസദസ്സ് നടക്കും. തുടർന്ന് 3.30 ന് കോതമംഗലം, 4 .30 ന് മൂവാറ്റുപുഴ, 6 .30 ന് തൊടുപുഴ എന്നിങ്ങനെയായിരിക്കും പരിപാടികൾ.
അതേസമയം, കാനം രാജേന്ദ്രന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിമാരുടെ യോഗം അനുശോചനം രേഖപ്പെടുത്തി. കൊച്ചിയിലെ ആശുപത്രിയിലെത്തി കാനത്തിന് അന്ത്യോപചാരം അർപ്പിച്ച ശേഷമാണ് യോഗം ചേർന്നത്. ഈ യോഗത്തിലാണ് നവകേരള സദസ്സ് മാറ്റിവെക്കാനുള്ള തീരുമാനമുണ്ടായത്.

മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് ഉള്‍പ്പെടേയുള്ള നേതാക്കള്‍ കാനത്തിന്റെ വിയോഗത്തില്‍ അനുശോചിച്ചു. കാനം രാജേന്ദ്രന്റെ അകാലനിര്യാണം ഏറെ വേദനാജനകമാണെന്ന് സി പി എം പോളിറ്റി ബ്യൂറോ അംഗം എ വിജയരാഘവന്‍ പറഞ്ഞു. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കരുത്തനായ പോരാളിയെയാണ് നമുക്ക് നഷ്ടമായത്. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ ഉയർന്നുവന്ന് തൊഴിലാളി വർഗത്തിന്റെ സമുന്നതനായ നേതാവായി മാറുകയായിരുന്നു കാനം രാജേന്ദ്രനെന്നും അദ്ദേഹം കുറിച്ചു.
സഖാക്കളെന്ന നിലയിൽ വളരെ ഹൃദ്യമായ സൗഹൃദമായിരുന്നു കാനവുമായി ഉണ്ടായിരുന്നത്. സാമൂഹ്യ - രാഷ്ട്രീയ വിഷയങ്ങളിലെല്ലാം തന്നെ ഒരുമിച്ചുള്ള തീരുമാനങ്ങളെടുക്കുമ്പോൾ അതിനെല്ലാം സഹായകരമായ നിലപാട് അദ്ദേഹം എപ്പോഴും സ്വീകരിച്ചിരുന്നു. കൂടെയുള്ളവർക്ക് കരുത്തും കരുതലും നൽകിയ നേതാവെന്ന നിലയിൽ കാനത്തിന്റെ വിയോഗം ഇടതുരാഷ്ട്രീയത്തിന് തീരാനഷ്ടമാണ്.
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശരിയായ പാതയിൽ നയിക്കുന്നതിൽ അദ്ദേഹത്തിന്റെ ഇടപെടലും സംഭാവനയും മറക്കാനാവില്ല.
അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കെ സുരേന്ദ്രന്‍
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. ഇടതുപക്ഷത്തെ സൗമ്യമുഖമായിരുന്നു അദ്ദേഹം. തൻ്റെ നിലപാടുകൾ വെട്ടിത്തുറന്ന് പറയാനുള്ള ആർജ്ജവം കാണിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സിപിഐയുടെ ജനകീയ മുഖമായിരുന്ന അദ്ദേഹം ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് എടുത്ത പല നിലപാടുകളും പ്രശംസനീയമാണ്. എതിർ രാഷ്ട്രീയ ചേരിയിലായിരുന്നുവെങ്കിലും കാനവുമായി എന്നും നല്ല വ്യക്തിബന്ധമായിരുന്നു പുലർത്തിയിരുന്നത്.
കെസി വേണുഗോപാല്‍
ഏതൊരു പ്രതിസന്ധിയും അസാമാന്യമായ ഉള്‍ക്കരുത്തോടെ തരണം ചെയ്ത കാനം രാജന്ദ്രന്‍ ഈ രോഗാവസ്ഥയേയും അതിജീവിച്ച് പൊതുജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നപ്പോഴാണ് അപ്രതീക്ഷിതമായി മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയാത്. ഉള്ളുലക്കുന്ന ഈ മരണവാര്‍ത്ത ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല.
രാഷ്ട്രീയത്തിനതീതമായ വ്യക്തി ബന്ധം കാത്തു സൂക്ഷിച്ചിരുന്ന നേതാവായിരുന്നു കാനം. രാഷ്ട്രീയമായി വിഭിന്ന ചേരിയിലായിരുന്നപ്പോഴും അദ്ദേഹവുമായി നല്ല സൗഹൃദ ബന്ധം എക്കാലവും കാത്തു സൂക്ഷിക്കുവാനായി.
മികച്ച പാര്‍ലമെന്റേറിയന്‍ കൂടിയായ കാനം രാജേന്ദ്രന്റെ പൊതുജീവിതം തൊഴിലാളികള്‍ക്കായി ഉഴിഞ്ഞുവെച്ചതാണ്. കമ്യൂണിസ്റ്റ് ആശയങ്ങളില്‍ പ്രവര്‍ത്തനം മുന്നോട്ട് പോകുമ്പോഴും നിലപാടികളില്‍ വെള്ളം ചേര്‍ക്കാതെ വ്യക്തമായ അഭിപ്രായം തുറന്ന് പറയാന്‍ മടികാട്ടാത്ത പ്രക്യതമായിരുന്നു കാനം രാജേന്ദ്രന്റെ പ്രത്യേകത. 2015 മുതല്‍ സിപി ഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തത് മുതല്‍ ശക്തമായ നേതൃപാടവും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്.
പ്രതിസന്ധിഘട്ടത്തില്‍ പോലും പക്വതയോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം പലപ്പോഴും താനടക്കമുള്ള രാഷ്ട്രീയ എതിരാളികളുടെ മനസ്സില്‍ ആദരവ് ഉണ്ടാക്കിയിട്ടുണ്ട്. സി.പി.ഐ നേതാവ് എന്നതിലുപരി കോട്ടയത്തിന്റെ കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ എക്കാലവും നിറഞ്ഞുനിന്ന വ്യക്തിക്ക് കൂടിയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തിന്റെ സൗമ്യ മുഖം എന്ന് തന്നെ എക്കാലവും കാനം രാജേന്ദ്രനെ വിശേഷിപ്പിക്കാം.
ഏറെ നേരത്തെയുള്ള യാത്രയായിപ്പോയി. ഇനിയും കേരളാ രാഷ്ട്രീയത്തിന് ഏറെ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്നു അദ്ദേഹം. ഏറെ വേദനയോടെ യാത്രാമൊഴി.












Click it and Unblock the Notifications