അതിരപ്പള്ളിയില്‍ സിപിഐയുമായി തര്‍ക്കം; ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഇടതുപക്ഷം ഭരണമേറ്റടുത്തതിനുശേഷം ആദ്യമായി മന്ത്രിസഭയിലെ ഘടക കക്ഷികളായ സിപിഐയും സിപിഎമ്മുംം തമ്മില്‍ തര്‍ക്കം. അതിരപ്പള്ളിയില്‍ ജലവൈദ്യുത പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തത്. അതിരപ്പള്ളിയില്‍ ജല വൈദ്യുത പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
എന്നാല്‍, പ്രകടനപത്രികയ്ക്ക് പുറത്തുളള കാര്യങ്ങളില്‍ മന്ത്രിമാര്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. കടകംപള്ളി സുരേന്ദ്രന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി രംഗത്തെത്തി. വകുപ്പ് മന്ത്രിമാര്‍ക്ക് വകുപ്പിനെക്കുറിച്ച് പറയുന്നതില്‍ തടസമില്ലെന്നാണ് പിണറായിയുടെ വാദം.

അതിരപ്പള്ളിയില്‍ പുഴയുടെ ഒഴുക്ക് തടസപ്പെടാത്ത രീതിയിലായിരിക്കും പദ്ധതി ഉദ്ദേശിക്കുന്നത്. ഇതില്‍ ആര്‍ക്കും ആശങ്ക വേണ്ട. എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്ത വിഷയത്തില്‍ സമരസമിതി പ്രവര്‍ത്തകരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തിലും ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള സമവായത്തിലൂടെ മാത്രമേ തീരുമാനമെടുക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
അതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് ആശങ്കവേണ്ടെന്ന് വിഎസ് അച്യുതാനന്ദനും പറഞ്ഞു. ജനങ്ങളുടെ അഭിപ്രായം പരിഗണിച്ച് മാത്രമെ പദ്ധതിയില്‍ തീരുമാനമുണ്ടാകൂ. ജനവിരുദ്ധ നയങ്ങള്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കില്ല. അതുകൊണ്ടുതന്നെ വിഷയത്തില്‍ യാതൊരു ആശങ്കയും വേണ്ടെന്നും വിഎസ് പ്രതികരിച്ചു.












Click it and Unblock the Notifications