കേരളത്തില്‍ വീണ്ടും നിപ ഭീതി? കണ്ണൂരില്‍ രണ്ടുപേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സയിലെന്ന് റിപ്പോര്‍ട്ട്
കണ്ണൂര്‍: കേരളത്തില്‍ വീണ്ടും നിപ സംശയം. കണ്ണൂര്‍ ജില്ലയില്‍ രണ്ട് പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്നു എന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിയാരം മെഡിക്കല്‍ കോളജിലാണ് രണ്ട് പേര്‍ ചികിത്സയിലുള്ളത് എന്നാണ് വിവരം. ഇവരുടെ സാംപിളുകള്‍ പരിശോധനക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നതിന് ശേഷം മാത്രമേ രോഗം സ്ഥിരീകരിക്കാനാവൂ.
മട്ടന്നൂരിലെ മാലൂര്‍ സ്വദേശികളാണ് ചികിത്സയിലുള്ളത് എന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളില്‍ ഇവര്‍ പനിക്ക് ചികിത്സ തേടിയിരുന്നു. ആദ്യം മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും ആണ് ചികിത്സ തേടിയത്. ഇവിടെ നടത്തിയ പരിശോധനയില്‍ നിപ ലക്ഷണങ്ങള്‍ കണ്ടു. ഇതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

ഇരുവരും നിരീക്ഷണത്തില്‍ തുടരുകയാണ്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പഴ കച്ചവടം നടത്തുന്നവരാണ് എന്നാണ് വിവരം. ഇതും ആശങ്ക വര്‍ധിപ്പിക്കാന്‍ കാരണമായി. പരിയാരം മെഡിക്കല്‍ കോളജിലും ഇവരുടെ വീടിന്റെ പരിസരത്തും ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പരിസര പ്രദേശങ്ങളില്‍ ഉള്ളവര്‍ എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ മാസം മലപ്പുറത്ത് 14 കാരന് നിപ സ്ഥിരീകരിക്കുകയും ചികിത്സയിലിരിക്കെ കുട്ടി മരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മലപ്പുറത്തെ നിപ മുക്തമായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് കണ്ണൂരില്‍ രോഗബാധ സംബന്ധിച്ച സംശയമുയരുന്നത്. അതേസമയം ഡബിള്‍ ഇന്‍ക്യുബേഷന്‍ പിരീഡ് ആയ 42 ദിവസം കഴിഞ്ഞതിനാല്‍ മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി.
സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 472 പേരേയും പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ജാഗ്രത തുടരണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മരണമടഞ്ഞ കുട്ടിക്ക് മാത്രമാണ് മലപ്പുറത്ത് നിപ സ്ഥിരീകരിച്ചിരുന്നത്. രോഗം വ്യാപിക്കാതിരിക്കാന്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. മഞ്ചേരി മെഡിക്കല്‍ കോളേജിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ആവശ്യമായ തീവ്ര പരിചരണ സംവിധാനങ്ങള്‍ ഇതിന്റെ ഭാഗമായി ക്രമീകരിച്ചിരുന്നു.
പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും വണ്ടൂര്‍, നിലമ്പൂര്‍, കരുവാരക്കുണ്ട് എന്നിവിടങ്ങളില്‍ പ്രത്യേക പനി ക്ലിനിക്കുകള്‍ തുടങ്ങിയുമാണ് നിപയെ ജില്ലയില്‍ നേരിട്ടത്. നിരീക്ഷണത്തിലിരിക്കുന്നവരുടെ വീടുകളില്‍ ഭക്ഷണം, മരുന്ന് ഉള്‍പ്പെടെയുള്ളവ എത്തിച്ചു. ജില്ല പൂര്‍ണമായും അടച്ചിടുന്നതിന് പകരം നിയന്ത്രണമേര്‍പ്പെടുത്തി പ്രതിരോധം ശക്തമാക്കുകയാണ് ചെയ്തത്.












Click it and Unblock the Notifications