കണ്ണൂരില്‍ സ്‌കൂള്‍ബസ് മറിഞ്ഞു; ഒരു വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം, 14 കുട്ടികള്‍ക്ക് പരിക്ക്
കണ്ണൂര്‍: സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. കണ്ണൂര്‍ വളക്കൈയില്‍ ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടം. അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥിനി മരിച്ചു. 14 കുട്ടികള്‍ക്ക് പരിക്കേറ്റു. ബസിലുണ്ടായിരുന്നത് 15 കുട്ടികളാണ്. കുറുമാത്തൂര്‍ ചിന്മയ സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്.
ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ബസ പലതവണ മറിഞ്ഞ് പ്രധാന റോഡിലേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. ബസിന് അടിയില്‍ കുടുങ്ങിയ കുട്ടിയാണ് മരണപ്പെട്ടത്. ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരുമാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

ചെറുക്കള നാഗത്തിന് സമീപം എംപി രാജേഷിന്റെ മകള്‍ നേദ്യ എസ്.രാജേഷ് (11) ആണ് മരിച്ചത്. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് നേദ്യ. പരിക്കേറ്റവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. മരിച്ച നേദ്യയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
അതേസമയം സംഭവത്തില്‍ ഗുരുതര ആരോപണവുമായി ബസ് ഓടിച്ച ഡ്രൈവര്‍ രംഗത്തെത്തി. സ്‌കൂള്‍ ബസിന് ഫിറ്റ്‌നസ് ഉണ്ടായിരുന്നില്ലെന്നും ഡിസംബറില്‍ തീര്‍ന്നതാണെന്നും ഡ്രൈവര്‍ നിസാം പറഞ്ഞു. അപകടത്തില്‍ കാലിന് ഉള്‍പ്പെടെ പരിക്കേറ്റ ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പതുക്കെയായിരുന്നു ഇറക്കം ഇറങ്ങുകയായിരുന്നു എന്നും അതിനിടെ ബ്രേക്ക് നഷ്ടമായി എന്നും നിസാം പറയുന്നു.
ബസിന്റെ ഫിറ്റ്‌നസ് ഡിസംബറില്‍ പുതുക്കാന്‍ പോയപ്പോള്‍ ആര്‍ടിഒ മടക്കി അയക്കുകയായിരുന്നു എന്നും ബ്രേക്കിന് ഉള്‍പ്പെടെ പല പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം സ്‌കൂള്‍ അധികൃതരോട് പറഞ്ഞിരുന്നു എന്നും നിസാം കൂട്ടിച്ചേര്‍ത്തു. അതേസമയം,അമിത വേഗവും ഡ്രൈവറുടെ പരിചയക്കുറവും അപകട കാരണമായെന്നാണ് പ്രാഥമിക നിഗമനം എന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്.












Click it and Unblock the Notifications