ഭീകര പ്രവര്‍ത്തനം നടക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലം: കെ സുരേന്ദ്രന്‍
ആലപ്പുഴ: കണ്ണൂരിൽ തീവണ്ടി കത്തിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംഭവത്തിന് പിന്നിൽ സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാണെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. തീവ്രവാദ ശക്തികള്‍ക്കായി കേരളത്തില്‍ സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതിനെ അമര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നും സുരേന്ദ്രൻ ആലപ്പുഴയില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഭീകര വാദികളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരാണ് കേരളത്തിലുള്ളത്. പി എഫ് ഐ നിരോധനത്തിന് ശേഷം തീവ്രവാദികളെ പാര്‍ട്ടിയിലെടുക്കാനാണ് മുഹമ്മദ് റിയാസും കുഞ്ഞാലിക്കുട്ടിയും ശ്രമിക്കുന്നത്. ഇതിനായി സി പി എമ്മും മുസ്ലിം ലീഗും മത്സരിക്കുകയാണ്. മതഭീകരരുടെ വോട്ട് ബാങ്കിന് വേണ്ടി രാഷ്ട്രസുരക്ഷയെ കേരളം ബലികഴിക്കുകയാണ്. സി പി എമ്മിന് തീവ്രവാദികളുടെ രാഷ്ട്രീയ പാര്‍ട്ടിയുമായി സഖ്യമുള്ളതുകൊണ്ടാണിത്. തീവണ്ടി കത്തിക്കല്‍ വീണ്ടും വീണ്ടും നടക്കുന്നത് ജനങ്ങളില്‍ വലിയ തോതില്‍ ഭയാശങ്ക ഉണ്ടാക്കിയിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേരള സര്‍ക്കാരിന് മതഭീകരവാദികളോട് മൃദു സമീപനമാണ്. കേരളത്തിലെ ഇന്റലിജന്‍സ് വിവരങ്ങളെ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയാണ്. തീവണ്ടി കത്തിയതിന് തൊട്ടടുത്ത് വലിയ ഓയല്‍ ടാങ്കര്‍ ഉള്ള കാര്യം സുരേന്ദ്രന്‍ എടുത്തു കാട്ടി. എലത്തൂരിലും ഇങ്ങനെയായിരുന്നു സ്ഥിതി. കേരളത്തില്‍ വ്യാപകമായി എന്‍ ഐ എ റെയിഡുകളും നിരീക്ഷണങ്ങളും നടത്തുന്നുണ്ട്. കേരള പോലീസ് എന്താണ് ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ കൂടി ഇല്ലായിരുന്നില്ലെങ്കില്‍ രാജ്യദ്രോഹശക്തികള്‍ കേരളത്തെ എന്നേ ചാമ്പലാക്കിയേനെ എന്നും സുരേന്ദ്രന്‍ പറഞ്ഞു.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിലായുരുന്നു ഇന്ന് പുലർച്ചയോടെ തീപിടിത്തം ഉണ്ടായത്. ട്രെയിനിന്റെ പിൻഭാഗത്തെ കോച്ചിലാണ് തീപിടിച്ചത്.എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് നടന്ന് രണ്ട് മാസങ്ങൾക്കിപ്പുറമാണ് അതേ ട്രെയിനിന്റെ കോച്ചിൽ തീപിടുത്തം ഉണ്ടായത്. അതുകൊണ്ട് തന്നെ സംഭവത്തിൽ ദുരൂഹത ഉണ്ടെന്നാണ് പോലീസ് നിഗമനം.
അതേസമയം സമീപത്തെ സിസിടിവിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബംഗാൾ സ്വദേശിയാണ് കസ്റ്റഡിയിൽ ഉള്ളതെന്നാണ് വിവരം. ബംഗാൾ സ്വദേശിയും സുരക്ഷാ ജീവനക്കാരനും തമ്മിൽ കഴിഞ്ഞ ദിവസം സ്റ്റേഷനിൽ വെച്ച് വാക്ക് തർക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ട്രെയിൻ തീയിടലിലേക്ക് നയിച്ചതെന്നുള്ള റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.












Click it and Unblock the Notifications