കർണാടകയോടൊപ്പം വയനാടില്ല: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല; ലക്ഷദ്വീപില്‍ പാഠം പഠിച്ചു
വയനാട്: കർണാടക നിമയസഭ തിരഞ്ഞെടുപ്പ് മെയ് 10 ന് നടക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. മെയ് പതിമൂന്നിന് ആയിരിക്കും വോട്ടെണ്ണല്‍. കർണാടകയ്ക്കൊപ്പം തന്നെ വയനാട് ലോക്സഭ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ക്രിമിനല്‍ മാനനഷ്ട കേസില്‍ രാഹുല്‍ ഗാന്ധിയെ സൂറത്ത് കോടതി ശിക്ഷിച്ചതിന് പിന്നാലെ അദ്ദേഹത്തെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിക്കൊണ്ടുള്ള ഉത്തരവ് ലോക്സഭ സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ചിരുന്നു.
രാഹുല്‍ ഗാന്ധി അയോഗ്യനായതോടെ വയനാട്ടില്‍ നിന്നും ലോക്സഭയില്‍ പ്രാതിനിധ്യം ഇല്ലാതായി. ഉപതിരഞ്ഞെടുപ്പ് നടത്താന്‍ ആറ് മാസത്തെ കാലാവധിയുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ കർണാടകയ്ക്കൊപ്പം തന്നെ വയനാട്ടിലും ഉപതിരഞ്ഞെടുപ്പ് ഉണ്ടായേക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. നേരത്തെ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ ലോക്സഭ സെക്രട്ടറിയേറ്റ് അയോഗ്യനാക്കിയതിന് പിന്നാലെ മണ്ഡലത്തില്‍ വളരെ വേഗത്തില്‍ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു.

മുഹമ്മദ് ഫൈസലിന്റെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തതോടെ തിരഞ്ഞെടുപ്പ് നടത്താനുള്ള നീക്കവും ഉപേക്ഷിക്കേണ്ടി വന്നു. ഏറ്റവും ഒടുവില്‍ മണിക്കൂറുകള്‍ക്ക് മുമ്പ് മുഹമ്മദ് ഫൈസലിന്റെ ലോക്സഭ അംഗത്വം പുനഃസ്ഥാപിച്ചുകൊണ്ടുള്ള ഉത്തരവ് ലോക്സഭ സെക്രട്ടറിയേറ്റ് പുറത്തിറക്കുകയും ചെയ്തു. രാഹുലിന്റെ കേസിലും ഇത്തരമൊരു സാഹചര്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നില്‍ കാണുന്നുണ്ട്. സൂറത്ത് കോടതി വിധിക്ക് മേല്‍ക്കോടതി സ്റ്റേ അനുവദിച്ചാല്‍ ഇപ്പോള്‍ വയനാട്ടില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും പിന്നീട് അത് റദ്ദ് ചെയ്യേണ്ടി വരും.
മേല്‍ക്കോടതിയിലെ നടപടി ക്രമങ്ങള്‍ വീക്ഷിച്ചതിന് ശേഷമായിരിക്കും വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക. കർണാടകാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് വയനാട് ഉപതിരഞ്ഞെടുപ്പിനേക്കുറിച്ച് പരാമർശിച്ചതേയില്ല. ഇതോടെ ഉടൻ വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകില്ല എന്ന കാര്യം ഉറപ്പായി.
അതേസമയം മറ്റ് നാല് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പഞ്ചാബിലെ ജലന്ധർ ലോക്സഭ സീറ്റിലും. ജാർസുഗുഡ, (ഒഡീഷ) ചൻബെ, (യു പി) സുവാർ, (യു പി) സോഹിയോങ്, (മേഘാലയ) തുടങ്ങിയ നിയമസഭ സീറ്റുകളിലും ഉപതിരഞ്ഞെടുപ്പ് നടക്കും. ജനുവരി 14 ന് നടന്ന ഭാരത് ജോഡോ ജോഡോയിൽ പങ്കെടുക്കുന്നതിനിടെ കോൺഗ്രസ് എംപി സന്തോഖ് സിംഗ് ചൗധരി (76) ഹൃദയാഘാതം മൂലം മരിച്ചതിനെ തുടർന്ന് ജലന്ധർ പാർലമെന്റ് മണ്ഡലം ഒഴിഞ്ഞുകിടക്കുകയായിരുന്നു.












Click it and Unblock the Notifications