കർണാടകയില്‍ അധികാരം ലഭിച്ചാല്‍ കോണ്‍ഗ്രസ് പിളരുമോ: മുഖ്യമന്ത്രി മോഹത്തില്‍ 2 അല്ല, 4 പേർ
കർണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വ്യക്തമായ മുന്‍തൂക്കമുണ്ടെന്നാണ് വിവിധ സർവ്വേകള്‍ വ്യക്തമാക്കുന്നത്. ഇതോടെ വരാനിരിക്കുന്ന സർക്കാറില്‍ മന്ത്രി പദവികള്‍ ഉള്‍പ്പടെ സ്വന്തമാക്കാനുള്ള നീക്കവും സജീവമാണ്. പ്രധാന പോരാട്ടം മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെയാണ്. പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ, കെ പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാർ എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം വെക്കുന്ന നേതാക്കള്‍.
നേതാക്കളെ ഇതുവരെ വലിയ പ്രശ്നങ്ങള്‍ ഇല്ലാതെ ഒപ്പം തന്നെ കൊണ്ടുപോവാന്‍ കഴിഞ്ഞു എന്നുള്ളത് എ ഐ സി സി ക്ക് പ്രതീക്ഷ നല്‍കുന്ന കാര്യമാണെങ്കിലും അധികാരം ലഭിച്ചാല്‍ ഇരുവരുടേയും നീക്കം എന്തായിരിക്കും എന്നത് സംബന്ധിച്ചാണ് ആശങ്ക. "ഞാൻ മുഖ്യമന്ത്രിയാകാനുള്ള മത്സരത്തിലാണ്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ തീരുമാനിക്കും, ജനങ്ങൾ എന്നെ മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നു, ഡികെ ശിവകുമാറുമായി ഒരു പോരാട്ടവുമില്ല, അദ്ദേഹത്തിനും മുഖ്യമന്ത്രിയാവാന്‍ കഴിയും''- റിപ്പബ്ലിക് ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സിദ്ധരാമയ്യ പറഞ്ഞു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മെയ് 2 ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറും മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് തുറന്നുപറഞ്ഞു. ജെഡി(എസുമായി) സഖ്യത്തിന് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് അക്കാര്യം സംബന്ധിച്ച് ഇപ്പോള്‍ ചർച്ചയേ ഇല്ലെന്നുമായിരുന്നു കെ പി സി സി അധ്യക്ഷന്റെ മറുപടി.
Vastu Tips: നിങ്ങളുടെ ടോയ്‌ലറ്റ് വീടിന്റെ ഈ ദിശയിലാണോ; എങ്കില്‍ ദോഷം, പരിഹാഹം എന്ത്
കർണാടക മുഖ്യമന്ത്രിയാകാൻ താനും ആഗ്രഹിക്കുന്നുവെന്നും തന്റെ കഠിനാധ്വാനം ഫലം ചെയ്യുമെന്ന് വിശ്വസിക്കുന്നുവെന്നും കനകപുര എം എൽ എ കൂടിയായ ഡികെ ശിവകുമാർ നേരത്തെയും തുറന്ന് പറഞ്ഞിരുന്നു. "ആരാണ് പറഞ്ഞത് എനിക്ക് ഒരു ആഗ്രഹവുമില്ലെന്ന്? ഞാൻ ഒരു രാഷ്ട്രീയക്കാരനാണ്, സന്യാസിയല്ല. കോൺഗ്രസ് പാർട്ടിയെ അധികാരത്തിലെത്തിക്കുക എന്നതാണ് എന്റെ കടമ, പാർട്ടി ഹൈക്കമാൻഡ് തീരുമാനിക്കും. ജനാധിപത്യ രാഷ്ട്രീയ പ്രക്രിയയിൽ നേതൃത്വം അതിന്റെ ആഹ്വാനം സ്വീകരിക്കും. "-മുഖ്യമന്ത്രി സ്ഥാനത്തേക്കുറിച്ചുള്ള ചോദ്യത്തോട് ഡികെ ശിവകുമാർ പ്രതികരിച്ചു.
സിദ്ധരാമയ്യ നേരത്തെ മുഖ്യമന്ത്രിയായിരുന്നതിനാൽ അദ്ദേഹം രണ്ടാം തവണയും അധികാരത്തിൽ വരാൻ ആഗ്രഹിക്കുന്നു. കോൺഗ്രസിന്റെ ട്രബിൾ ഷൂട്ടർ ഡികെ ശിവകുമാർ രാജ്യത്തെ ഏറ്റവും വലിയ ധനികനായ രാഷ്ട്രീയക്കാരില്‍ ഒരാളാണ്, എസ്എം കൃഷ്ണയ്ക്ക് ശേഷം വൊക്കലിഗ ജാതിയിൽ നിന്നുള്ള ആരും കർണാടക മുഖ്യമന്ത്രിയായിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഈ പ്രസ്താവനകളിലൂടെ മുഖ്യമന്ത്രി കസേര മോഹം അദ്ദേഹം തുറന്ന് തന്നെ പ്രകടിപ്പിക്കുകയാണ്
സംസ്ഥാനത്തെ പ്രമുഖ ദളിത് നേതാവായ ജി പരമേശ്വരയാണ് മറ്റൊരു പ്രധാന മുഖ്യമന്ത്രി സ്ഥാനാർത്ഥി മോഹി. കോൺഗ്രസ്- ജെഡിഎസ് സഖ്യസർക്കാരിന്റെ കാലത്ത് ഉപമുഖ്യമന്ത്രിയായിരുന്നു. എട്ട് വർഷം കെ പി സി സി അധ്യക്ഷനുമായിരുന്നു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന മാനദണ്ഡം ജാതിയല്ല, യോഗ്യതയാണെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്. മന്ത്രി എംബി പാട്ടീലിനും മുഖ്യമന്ത്രി കസേരയില്‍ കണ്ണുണ്ട്.
മറുവശത്ത് ബി ജെ പിയും വലിയ ആത്മവിശ്വാസത്തിലാണ്. ഇത്തവണ കോൺഗ്രസ് വളരെ മോശമായ നിലയില്‍ തോൽക്കുമെന്നും വരുണയിൽ നിന്ന് മത്സരിക്കുന്ന സിദ്ധരാമയ്യ പോലും രക്ഷപ്പെടില്ലെന്നുമാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കിയത്. സംസ്ഥാനത്ത് നടത്തിയ വികസന പ്രവർത്തനങ്ങളില്‍ ബി ജെ പിക്ക് വലിയ പ്രതീക്ഷയുണ്ട്, മികച്ച ഭൂരിപക്ഷത്തില്‍ തന്നെ ബി ജെ പി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
എന്നാല്‍ ഭരിക്കുന്ന ബിജെപി വലിയ ഭരണവിരുദ്ധ തരംഗം നേരിടുന്നുണ്ടെന്നും 2023ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയിക്കാൻ കൂടുതൽ സാധ്യതയുണ്ടെന്നുമാണ് മിക്ക അഭിപ്രായ സർവേകളും അഭിപ്രായപ്പെടുന്നത്. കോൺഗ്രസിന് 100-120 സീറ്റുകളും ബി.ജെ.പിക്ക് 60-80 സീറ്റുകളും ജെ.ഡി.എസിന് 20-30 സീറ്റുകളും ലഭിക്കുമെന്നാണ് മിക്ക അഭിപ്രായ സർവേകളും പ്രവചിക്കുന്നത്.
കർണാടകയിൽ 224 സീറ്റുകളാണ് ആകെയുള്ളത്, 113 സീറ്റുകൾ ലഭിക്കുന്ന പാർട്ടി സർക്കാർ രൂപീകരിക്കും. കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് ഭൂരിഭാഗം സർവേകളും പ്രവചിക്കുന്നുണ്ടെങ്കിലും, ജെഡിഎസിന്റെ പിന്തുണയില്ലാതെ കോൺഗ്രസിന് അധികാരത്തിൽ വരാൻ കഴിയുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications