ഒവൈസിയും എസ്ഡിപിഐയും കോണ്‍ഗ്രസിനെ പൂട്ടിക്കെട്ടുമോ: മുസ്ലിം വോട്ടില്‍ വിള്ളല്‍, ചിരി ബിജെപിക്ക്
അസദുദ്ദീൻ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീനും (എ ഐ എം ഐ എം) കർണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഒരുക്കത്തിലാണ്. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജനതാദളിന്റെ ഭാഗമായി മത്സരിച്ച് ന്യൂനപക്ഷ മേഖലകളില്‍ നിർണ്ണായക ശക്തിയായി മാറാനാണ് ഒവൈസി പാർട്ടിയുടെ നീക്കം. ഇത് സംബന്ധിച്ച ചർച്ചകള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ബെംഗളൂരു കേന്ദ്രീകരിച്ച് നടന്ന് വരികയാണ്.
എ ഐ എം ഐ എമ്മിന് പുറമെ എസ് ഡി പി ഐയും ഇത്തവണ കൂടുതല്‍ സീറ്റില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 100 സീറ്റിലാണ് എസ് ഡി പി ഐയുടെ മത്സരം. ഇരുപാർട്ടികളുടേയും കടന്ന വരവ് സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. പരമ്പരാഗതമായി കോണ്‍ഗ്രസിന് ലഭിച്ചുകൊണ്ടിരുന്ന ന്യുനപക്ഷ വോട്ടുകളില്‍ ഇത്തവണ എ ഐ എം ഐ എമ്മും എസ് ഡി പി ഐയും വിള്ളല്‍ വീഴ്ത്തിയേക്കും.

മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഹുബ്ബള്ളിയിലും വിജയ്പുരയിലും ഏതാനും സീറ്റുകൾ നേടി എ ഐ എം ഐ എം ഇതിനകം തന്നെ സംസ്ഥാനത്ത് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എ ഐ എം ഐ എമ്മിന്റെ ഭൂരിഭാഗം പ്രവർത്തകരും മുമ്പ് കോൺഗ്രസിനൊപ്പമായിരുന്നു എന്നതും ശ്രദ്ധേയമാണ്. ഇവരെല്ലാം പിന്നീട് ഒവൈസിയുടെ പാർട്ടിയിലേക്ക് മാറുകയായിരുന്നു. നേതാക്കള്‍ക്കും പ്രവർത്തകർക്കും വലിയ സ്വീകരണവും ലഭിച്ചു.
എസ്ഡിപിഐയെ ആണെങ്കില്‍ പ്രാദേശിക പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഉഡുപ്പി മേഖലയില്‍ ഏതാനും സീറ്റുകള്‍ നേടിയിരുന്നു. കോണ്‍ഗ്രസിന്റെ വോട്ടുകള്‍ പിളർത്തിയായിരുന്നു ഈ മുന്നേറ്റവും. നിയമസഭ തിരഞ്ഞെടുപ്പിലും ഇതേ പാറ്റേണ്‍ ആവർത്തിച്ചാല്‍ അത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയും ബി ജെ പി ക്ക് ഗുണവും ചെയ്തേക്കും.
Hair care: മുടി തഴച്ച് വളരാന്‍ പഴം കൊണ്ട് ചില വിദ്യകളുണ്ട്, പഴത്തൊലിയായാലും മതി
ചില മേഖലകളില്‍ പ്രതിസന്ധിയുണ്ടെങ്കിലും ന്യൂനപക്ഷങ്ങൾ തങ്ങൾക്കൊപ്പം തുടരുമെന്നാണ് കോൺഗ്രസ് ഇപ്പോഴും വിശ്വസിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങൾ എ ഐ എം ഐ എം, എസ് ഡി പി ഐ തുടങ്ങിയ പാർട്ടികളെ പിന്തുണച്ചാലും ആത്യന്തികമായി സംസ്ഥാന തിരഞ്ഞെടുപ്പിൽ ബി ജെ പിക്കെതിരായി കോൺഗ്രസിന് വോട്ട് ചെയ്യുമെന്നാണ് പാർട്ടി നേതൃത്വം അവകാശപ്പെടുന്നത്.

ന്യൂനപക്ഷങ്ങൾ എന്നും കോൺഗ്രസിനൊപ്പമാണ് നിലകൊള്ളുന്നതെന്നും പാർട്ടി എപ്പോഴും അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്നാണ് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് സലീം അഹമ്മദിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ ടിവി റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ജെഡിഎസ് 93 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു, എഐഎംഐഎമ്മുമായി ഇതുവരെ സീറ്റ് പങ്കിടൽ ധാരണയൊന്നും പ്രഖ്യാപിച്ചിട്ടില്ല.
എ ഐ എം ഐ എമ്മുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും ജില്ലാ കമ്മിറ്റികളുമായി സംസാരിച്ച ശേഷം പാർട്ടി തീരുമാനമെടുക്കുമെന്നാണ് ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് സി എം ഇബ്രാഹിം വ്യക്തമാക്കിയത്. 25 സീറ്റുകളാണ് എ ഐ എം ഐ എം ജെഡിഎസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഒവൈസിയുമായുള്ള സഖ്യത്തിനെതിരെ ജെ ഡി എസിനുള്ളിലും അമർഷം ശക്തമാണ്.
അതേസമയം, 42 സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക കോൺഗ്രസ് വ്യാഴാഴ്ച പ്രഖ്യാപിച്ചു, സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിൽ നിന്നും ജെഡിഎസിൽ നിന്നും ചാടിയ ചിലരെ പാർട്ടി പട്ടികയില്‍ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പട്ടിക പ്രകാരം മെയ് 10 ന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി ചില മണ്ഡലങ്ങളിൽ ചില പുതുമുഖങ്ങളെയും പാർട്ടി രംഗത്തിറക്കിയിട്ടുണ്ട്.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാജയത്തിൽ നിർണായക പങ്കുവഹിച്ചവരിൽ ഒരാളായ ബാബുറാവു ചിഞ്ചൻസൂർ സംസ്ഥാനത്തെ യാദ്ഗിർ ജില്ലയിലെ ഗുർമിത്കൽ മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്. എംഎൽഎ സ്ഥാനം രാജിവച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കോൺഗ്രസിൽ ചേർന്ന മറ്റൊരു മുൻ ബി ജെ പി എം എൽ എ എൻ വൈ ഗോപാൽകൃഷ്ണ, എസ് ടി സംവരണ വിഭാഗമായ ചിത്രദുഗ ജില്ലയിലെ മൊളകൽമുരു മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്.












Click it and Unblock the Notifications