കണ്ണൂര്‍ സിപിഎമ്മിന് വീണ്ടും പ്രഹരം; ജയരാജന്റെ വാദം ഹൈക്കോടതി തള്ളി, പണി കൊടുത്തത് കേന്ദ്രം

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: കണ്ണൂരിലെ കൊലപാതകങ്ങള്‍ സിപിഎം നേതൃത്വത്തിന് കനത്ത തിരിച്ചടിയാകുന്നു. ഷുഹൈബ് വധക്കേസ് അന്വേഷണം സിബിഐക്ക് വിട്ടതിന് പിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജ് വധക്കേസിലും കണ്ണൂര്‍ ജില്ലാ നേതൃത്വത്തിനെതിരെ കുരുക്ക് മുറുകി. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ ഭീകരവിരുദ്ധ നിയമമായ യുഎപിഎ ചുമത്തിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി നിലപാട് കടുപ്പിച്ചു. യുഎപിഎ വകുപ്പ് പ്രതികള്‍ക്കെതിരെ ചുമത്തിയതിനെ പിന്തുണച്ച കേന്ദ്രസര്‍ക്കാര്‍ നിലപാടാണ് ഹൈക്കോടതിയില്‍ തിരിച്ചടിക്ക് കാരണമായത്. ഷുഹൈബ് വധക്കേസിലും യുഎപിഎ ചുമത്താവുന്നതാണെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം നിരീക്ഷിച്ചിരുന്നു. കണ്ണൂരിലെ മിക്ക കേസുകളിലും സിപിഎം നേതൃത്വം വെട്ടിലാകുന്ന അവസ്ഥയാണിപ്പോള്‍. മനോജ് വധക്കേസില്‍ സംഭവിച്ചത് ഇങ്ങനെ...

ജയരാജന്‍ മുഖ്യ ആസൂത്രകന്‍

ജയരാജന്‍ മുഖ്യ ആസൂത്രകന്‍

ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എളന്തോട്ടത്തില്‍ മനോജിനെ കൊലപ്പെടുത്തിയ കേസാണ് പി ജയരാജന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും തിരിച്ചടിയാകുന്നത്. രണ്ട് കുറ്റപത്രമാണ് ഈ കേസില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. അന്വേഷണം സിബിഐ ഏറ്റെടുത്തതിന് ശേഷമാണ് അനുബന്ധകുറ്റപത്രം സമര്‍പ്പിച്ചതും പി ജയരാജന്‍ മുഖ്യ ആസൂത്രകനാണെന്ന് വിശദീകരിച്ചതും. പ്രതികള്‍ക്കെതിരെ യുഎപിഎ വകുപ്പ് ചുമത്തിയതും സിബിഐ ആണ്. ഇതിനെതിരേ ജയരാജന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജയരാജന്റെ വാദം ശരിവച്ച് സംസ്ഥാന സര്‍ക്കാരും കോടതിയിലെത്തിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്റെ നിലപാടാണ് തിരിച്ചടിയായത്.

ഹൈക്കോടതി പറഞ്ഞത്

ഹൈക്കോടതി പറഞ്ഞത്

ഹര്‍ജിയില്‍ വാദത്തിനായി കൂടുതല്‍ സമയം വേണമെന്നായിരുന്നു ജയരാജന്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ ആവശ്യം. ഇക്കാര്യം കോടതി നിരാകരിച്ചു. ഉടന്‍ തന്നെ ഹര്‍ജി തീര്‍പ്പാക്കുമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് എന്നാണ് പ്രതികളുടെ വാദം. ഈ വകുപ്പ് പ്രകാരം കേസെടുക്കണമെങ്കില്‍ നിയമസെക്രട്ടറി ചെയര്‍മാനും ആഭ്യന്തര സെക്രട്ടറി, ഇന്റലിജന്‍സ് ഐജി എന്നിവര്‍ അംഗങ്ങളുമായുള്ള സമിതിയുടെ അനുമതി ആവശ്യമാണെന്ന് പ്രതികള്‍ വാദിക്കുന്നു. ഇതേ നിലപാട് സര്‍ക്കാരും കോടതിയെ അറിയിച്ചിട്ടുണ്ട്. യുഎപിഎ ചുമത്തുന്നതിന് മുമ്പ് സിബിഐ ഈ സമിതിയുടെ അനുമതി വാങ്ങിയിട്ടില്ലെന്ന് പ്രതികള്‍ ബോധിപ്പിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നിലപാടാണ് തിരിച്ചടിയായത്.

കേന്ദ്രസര്‍ക്കാര്‍ നിലപാടാണ് തിരിച്ചടി

കേന്ദ്രസര്‍ക്കാര്‍ നിലപാടാണ് തിരിച്ചടി

പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. ഉന്നത ബന്ധമുള്ള പ്രതികളെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതിക്ക് കാത്തുനില്‍ക്കണമെന്ന വാദം അപഹാസ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ബോധിപ്പിച്ചു. സിബിഐ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിക്ക് വേണ്ടി കാത്തുനില്‍ക്കേണ്ടതില്ല എന്ന് ഹൈക്കോടതി വാക്കാല്‍ നിരീക്ഷിച്ചു. പ്രതികളുടെ അഭിഭാഷകന്‍ കൂടുതല്‍ സമയം ചോദിച്ചതിനെ തുടര്‍ന്ന് വാദം ഒരു ദിവസം നീട്ടുകയായിരുന്നു. സിബിഐ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ജയരാജനെ മുഖ്യ ആസൂത്രകനാക്കിയത്. കൂടാതെ യുഎപിഎ വകുപ്പും ചുമത്തിയത്. ഈ വകുപ്പ് പ്രകാരം കേസെടുത്താല്‍ പ്രതികള്‍ അനിശ്ചിതമായി ജയിലില്‍ കഴിയേണ്ടി വരും.

മനോജിനെ കൊന്നത് ഇങ്ങനെ

മനോജിനെ കൊന്നത് ഇങ്ങനെ

കൊലപാതകത്തിന് കൂട്ടുനിന്നു, ക്രിമനല്‍ ഗൂഢാലോചന, യുഎപിഎ പ്രകാരമുള്ള ആസൂത്രണം, സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് ജയാജന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. രാഷ്ട്രീയവൈരാഗ്യം മൂലമുള്ള കൊലപാതകമാണിതെന്ന് സിബിഐ പറയുന്നു. കൂടാതെ മനോജിനോട് പ്രതികള്‍ക്ക് വ്യക്തിപരമായ ശത്രുതയുമുണ്ടായിരുന്നു. സിപിഎം ഏരിയ സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി തുടങ്ങി 25 പേര്‍ കേസില്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. 2014 സപ്തംബര്‍ ഒന്നിന് രാവിലെ കിഴക്കെ കതിരൂരിലെ വീട്ടില്‍ നിന്നു ഇറങ്ങിയ മനോജിന്റെ വാഹനത്തിന് നേരെ ബോംബെറിഞ്ഞ ശേഷം വണ്ടിയില്‍ നിന്നിറക്കി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. 1999 ആഗസ്ത് 25ന് തിരുവോണനാളില്‍ ജയരാജനെ വീട്ടില്‍ കയറി ക്രമിച്ച കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട മനോജ്. ഈ കേസില്‍ പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു.

പ്രതികള്‍ ലക്ഷ്യമിട്ടത്

പ്രതികള്‍ ലക്ഷ്യമിട്ടത്

മനോജ് വധക്കേസിലെ ഒന്നാം പ്രതി വിക്രമനാണ്. വിക്രമനുമായി സംസാരിച്ച് ജയരാജന്‍ മറ്റു പ്രതികളെ ഏകോപിപ്പിക്കാന്‍ വിക്രമനെ തന്നെ ചുമതലയേല്‍പ്പിച്ചു. ഏകോപനവും കൊലപാതകവും നടത്തിയത് വിക്രമനാണെങ്കിലും ആസൂത്രണം നടത്തിയത് ജയരാജനാണെന്നാണ് ആരോപണം. മനോജ് വധക്കേസില്‍ യുഎപിഎ ചുമത്തിയത് ജയരാജന് കനത്ത തിരിച്ചടിയാണ്. കണ്ണൂരില്‍ കലാപവും ഭീകര അന്തരീക്ഷവും സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നാണ് ജയരാജനെതിരേ കുറ്റപത്രത്തിലുള്ള പ്രധാന ആരോപണം. ബിജെപിയിലേക്ക് സിപിഎം പ്രവര്‍ത്തകര്‍ ഒഴുകുന്നത് തടയുക എന്ന ലക്ഷ്യവും കൊപതാകത്തിന് പിന്നിലുണ്ടായിരുന്നുവത്രെ. സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് വന്നപ്പോള്‍ സ്വീകരണം ഒരുക്കാന്‍ മുന്‍കൈയെടുത്തത് മനോജായിരുന്നു. ഇതും കൊലപാതകത്തിലേക്ക് നയിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എംഎസ്എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസിലും പ്രതിയാണ് ജയരാജന്‍.

വാവിട്ടു കരഞ്ഞ രാജേശ്വരിയെ ഓര്‍മയില്ലേ? പെരുമ്പാവൂര്‍ സ്വദേശി, പോലീസുകാര്‍ ഒന്നടങ്കം പരാതിപ്പെടുന്നു

അഞ്ചുവര്‍ഷത്തില്‍ 500 കോടി കൂടി; 1000 കോടിയുമായി ജയാബച്ചന്‍!! രാജ്യത്തെ സമ്പന്ന എംപി

ഖത്തറില്‍ ഏഴ് രാജ്യങ്ങളുടെ പടക്കപ്പലുകള്‍; ഹമദ് തുറമുഖത്ത് നങ്കൂരമിട്ടു, എന്താണ് ഡിംഡെക്‌സ്?

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Kathirur Manoj Murder: High Court Didn't give more time to accuses including P Jayarajan

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്