'കാവ്യയും പൾസർ സുനിയും തമ്മിൽ പരിചയം';രഞ്ജി രഞ്ജിമാർ പുതിയ സാക്ഷി..കുറ്റപത്രം കോടതിയിൽ
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൻറെ തുടരന്വേഷണം സംബന്ധിച്ച അധിക കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. അങ്കമാലി മജിസ്ട്രേറ്റ് കോടതി അവധിയായതിാൽ ചുമതലയുള്ള പെരുമ്പാവൂർ മജിസ്ട്രേറ്റിന് മുന്നിലാണ് കുറ്റപത്രം സമർപ്പിച്ചത്. സെഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് ഇനി നടപടിക്രമങ്ങളിലൂടെ വിചാരണ കോടതിക്ക് കൈമാറും.
102 സാക്ഷികളെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മേയ്ക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാറിനെ പുതിയ സാക്ഷിയായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നസ്രിയ ഇങ്ങനെ ഇടയ്ക്കിടെ ഞെട്ടിക്കും..എങ്ങനെയെന്നല്ലേ? ഈ ഫോട്ടോസ് കണ്ടുനോക്കൂ...വൈറൽ

ആറ് മാസത്തോളം നീണ്ടു നിന്ന അന്വേഷണത്തിന് ഒടുവിലാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ നടൻ ദിലീപ് തന്റെ വീട്ടിൽ വെച്ച് കണ്ടുവെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം ആരംഭിച്ചത്. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമം നടത്തിയെന്നും ബാലചന്ദ്രകുമാർ ആരോപിച്ചിരുന്നു.

ദിലീപിന്റെ ഫോണുകൾ കേന്ദ്രീകരിച്ചായിരുന്നു ആദ്യ ഘട്ടത്തിൽ അന്വേഷണം നടന്നത്. ദിലീപ് , സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരുടെ ഫോണുകളാണ് പരിശോധിച്ചത്. ഫോണുകളുടെ ഫോറൻസിക് പരിശോധനയിൽ കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിനടക്കമുള്ള തെളിവുകൾ പോലീസിന് കണ്ടെത്താൻ സാധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദിലീപിനേയും ബന്ധുക്കളേയും ഭാര്യ കാവ്യ മാധവനേയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

അനുബന്ധ കുറ്റപത്രത്തിലെ ഏക പ്രതി ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത് ആണ്. കേസിൽ ബാലചന്ദ്രകുമാർ പറഞ്ഞ 'വിഐപി' ശരത് ആണെന്നും ശരത് ആണ് ദിലീപിന് ദൃശ്യങ്ങൾ എത്തിച്ചതെന്നുമാണ് കുറ്റപത്രത്തിൽ ഉള്ളത്. തെളിവ് നശിപ്പിച്ചുവെന്നും തെളിവുകൾ ഒളിപ്പിച്ചുവെന്നുമാണ് ശരതിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ദിലീപിനെതിരെ അധിക വകുപ്പുകളും കുറ്റപത്രത്തിൽ ചുമത്തിയിട്ടുണ്ട്. ശരതിനെതിരെ ചുമത്തിയ അതേ വകുപ്പുകളാണ് ദിലീപിനെതിരേയും ചുമത്തിയിരിക്കുന്നത്.

2017 നവംബറിൽ തന്നെ ദിലീപിന്റെ കൈയ്യിൽ ദൃശ്യങ്ങൾ എത്തിയിട്ടുണ്ടെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. നടി ആക്രമിക്കപ്പെട്ട ദൃശ്യം ദിലീപിന്‍റെ കൈയ്യിലുണ്ടെന്നും അത് കണ്ടെത്താൻ കഴിയാത്ത വിധം ഒളിപ്പിച്ചെന്നാണ് അനുബന്ധ കുറ്റപത്രത്തിൽ ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.121 സാക്ഷികളെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രധാന സാക്ഷി സംവിധായകൻ ബാലചന്ദ്രകുമാറാണ്.

നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവനെതിരെ നിർണായകമായ പല ശബ്ദരേഖകളും പുറത്തുവന്നിരുന്നുവെങ്കിലും കേസിൽ പ്രതിയാക്കാൻ തക്ക തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. സാക്ഷിയായാണ് കാവ്യയെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്. കൂടാതെ ദിലീപിന്റെ മുൻ ഭാര്യ മഞ്ജു വാര്യർ, നടൻ സിദ്ധിഖ്, ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, ദിലീപിന്റെ വീട്ടുജോലിക്കാരൻ ദാസൻ എന്നിവരാണ് മറ്റ് സാക്ഷികൾ.

ഹാക്കർ സായ് ശങ്കറിനേയും സാക്ഷിയായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നടൻ ദിലീപിന്റെ ഫോണിൽ നിന്നും വിവരങ്ങൾ നീക്കം ചെയ്തത് സായ് ശങ്കറായിരുന്നു. ദിലീപിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് വിവരങ്ങൾ നീക്കം ചെയ്തതെന്ന് സായ് ശങ്കർ വെളിപ്പെടുത്തിയിരുന്നു. അതേസമയം കേസിൽ പുതിയ സാക്ഷിയായി മേയ്ക്കപ്പ് ആർട്ടിസ്റ്റ് രഞ്ജി രഞ്ജിമാറിനേയും ഉൾപ്പെടുത്തിയിട്ടുണ്ട്.
നടി കാവ്യ മാധവനും പൾസർ സുനിയും തമ്മിലുള്ള പരിചയത്തിന് രഞ്ജു സാക്ഷിയാണെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നത്.

അതേസമയം 27 ന് കേസ് കോടതി പരിഗണിക്കും. ആദ്യ കുറ്റപത്രത്തിനൊപ്പം അധിക കുറ്റപത്രത്തിലുള്ള വിവരങ്ങൾ കൂടി ചേർത്ത ശേഷമായിരിക്കും കേസ് വിചാരണ കോടതി പരിഗണിച്ചേക്കുക. ആദ്യ കേസിലെ ചില സാക്ഷികളുടെ വിസ്താരം കൂടി പൂർത്തിയാക്കിയ ശേഷമായിരുന്നു തുടരന്വേഷണത്തിലെ വിചാരണ നടപടികൾ ആരംഭിച്ചേക്കുക.

2017 ഫെബ്രുവരി 17നായിരുന്നു ഒരു സിനിമയുമായി ബന്ധപ്പെട്ട് കൊച്ചിയിലേക്കു വരികയായിരുന്ന നടി ആക്രമിക്കപ്പെട്ടത്. ഓടുന്ന വാഹനത്തിൽ വെച്ച് പൾസർ സുനിയാണ് നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയത്. കേസിൽ ദിലീപ് ഉൾപ്പെടെ 12 പ്രതികളാണ് ഉള്ളത്.ദിലീപാണ് കേസിലെ എട്ടാം പ്രതി. കേസുമായി ബന്ധപ്പെട്ട് ഒന്നാംപ്രതി പള്‍സര്‍ ഇപ്പോഴും ജയിലിലാണ്.












Click it and Unblock the Notifications