കാണാതായ 13 കാരിയെ കുറിച്ച് നിര്‍ണായക വിവരം; തൊട്ടടുത്തിരുന്ന് യാത്ര ചെയ്തതായി വിദ്യാര്‍ത്ഥിനി, ചിത്രം ലഭിച്ചു
തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരി തസ്മിത് തംസുമി ബാംഗ്ലൂര്‍ - കന്യാകുമാരി എക്‌സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്തതായി സ്ഥിരീകരണം. സഹയാത്രക്കാരിയായ ബബിത എന്ന വിദ്യാര്‍ത്ഥിനിയാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. തമ്പാനൂരില്‍ നിന്നാണ് കുട്ടി ട്രെയിനിയില്‍ കയറിയത് എന്നും യൂട്യൂബ് ലൈവില്‍ കണ്ട വാര്‍ത്തയില്‍ നിന്നാണ് കുട്ടിയെ തിരിച്ചറിഞ്ഞത് എന്നും ബബിത പറയുന്നു.
കുട്ടിയുടെ ചിത്രം ബബിത തന്റെ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇത് പൊലീസിന് കൈമാറി. ചിത്രത്തിലുള്ളത് മകളാണെന്ന് പെണ്‍കുട്ടിയുടെ അച്ഛനും സ്ഥിരീകരിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കരയില്‍ വെച്ചാണ് ഫോട്ടോയെടുത്തത് എന്നും കുട്ടി കരയുന്നുണ്ടായിരുന്നുവെങ്കിലും ധൈര്യത്തോടെയായിരുന്നു ഇരുന്നത് എന്നും ബബിത പറയുന്നു. കൈയില്‍ ഒരു ബാഗുണ്ടായിരുന്നു.

ബാഗില്‍ പൊടിയായിട്ടുണ്ട്. വീട്ടിലിടുന്ന വസ്ത്രമാണ് ധരിച്ചിരുന്നത്. കൈയില്‍ 40 രൂപയും ഒരു ടിക്കറ്റും ഉണ്ടായിരുന്നു എന്നും ബബിത പറഞ്ഞു. അതേസമയം പെണ്‍കുട്ടിയുമായി സംസാരിക്കാന്‍ കഴിഞ്ഞില്ല എന്നും ബബിത പറഞ്ഞു. തങ്ങളുടെ മുഖത്തേക്ക് പോലും കുട്ടി നോക്കിയിരുന്നില്ല എന്നും ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ഫോട്ടോയെടുത്തത് എന്നും ബബിത പറഞ്ഞു.
ട്രെയിനില്‍ സ്ഥിരമായി യാത്ര ചെയ്യുന്ന തരത്തിലായിരുന്നു പെണ്‍കുട്ടിയുടെ പ്രകൃതമെന്നും ബബിത കൂട്ടിച്ചേര്‍ത്തു. അതേസമയം ബബിത കൈമാറിയ വിവരം അനുസരിച്ച് പൊലീസ് അന്വേഷണം കന്യാകുമാരിയിലേക്കും തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. കന്യാകുമാരി പൊലീസിന് ഇതിനോടകം തന്നെ കേരള പൊലീസ് വിവരം കൈമാറിയിട്ടുണ്ട്.
കന്യാകുമാരി വരെ മാത്രം പോകുന്ന ട്രെയിന്‍ ആണ് എന്നതിനാലാണ് അവിടെ അന്വേഷണം കേന്ദ്രീകരിക്കുന്നത്. എന്നാല്‍ ഇടയ്ക്ക് മറ്റേതെങ്കിലും സ്റ്റേഷനില്‍ ഇറങ്ങാനുള്ള സാധ്യതയുമുണ്ട്. കന്യാകുമാരി എത്തുന്നതിന് മുമ്പ് ഈ ട്രെയിനിന് അഞ്ച് സ്റ്റോപ്പുകളാണ് ഉള്ളത്. ഇവിടെയും പരിശോധന തുടരുന്നുണ്ട്. കഴക്കൂട്ടം ബ്ലോക്ക് ഓഫീസിന് സമീപം താമസിക്കുന്ന അസം സ്വദേശി അന്‍വര്‍ ഹുസൈന്റെ മകളാണ് തസ്മീക് തംസം.
ചൊവ്വാഴ്ച രാവിലെ 10-മണിയോടെ കുട്ടിയെ കാണാതായെങ്കിലും വിവരം മാതാപിതാക്കള്‍ വൈകീട്ട് നാലോടെയാണ് കഴക്കൂട്ടം പൊലീസില്‍ അറിയിച്ചത്. പിന്നാലെ സിസിടിവി അടക്കം പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. കുട്ടിക്ക് അസമീസ് ഭാഷയല്ലാതെ മറ്റ് ഭാഷകളൊന്നും അറിയില്ല. ഇവര്‍ കേരളത്തില്‍ എത്തിയിട്ട് ഒരു മാസമാകുന്നതേ ഉള്ളൂ. രാവിലെ സഹോദരിമാരുമായി വഴക്കിട്ടപ്പോള്‍ മാതാപിതാക്കള്‍ തസ്മീനെ ശകാരിച്ചിരുന്നു.
തുടര്‍ന്ന് ജോലിക്ക് പോയ മാതാപിതാക്കള്‍ തിരികെ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്നു മനസ്സിലായത്. കണിയാപുരം ഗേള്‍സ് ഹൈസ്‌കൂളില്‍ തസ്മിത് പ്രവേശനം നേടാന്‍ ഒരുങ്ങുകയായിരുന്നു. പെണ്‍കുട്ടിയെ കുറിച്ച് വിവരം കിട്ടുന്നവര്‍ 9497960113 എന്ന നമ്പറില്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications