സിറ്റി ബസ് വിഷയത്തിൽ മേയർക്ക് മറുപടിയുമായി ഗണേഷ് കുമാർ; '60 ശതമാനം വിഹിതവും സംസ്ഥാനത്തിന്റെ'
തിരുവനന്തപുരം: സിറ്റി ബസ് വിവാദത്തില്‍ തിരുവനന്തപുരം മേയർ വിവി രാജേഷിന് മറുപടിയുമായി ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ രംഗത്ത്. സിറ്റി ബസുമായി ബന്ധപ്പെട്ട വിവാദം പുകയുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. താൻ പറയുന്ന കാര്യങ്ങൾ വളച്ചൊടിക്കാൻ ശ്രമിക്കരുതെന്നും കോർപ്പറേഷൻ ബസുകൾ വാങ്ങിയത് കേന്ദ്ര പദ്ധതിയിൽ മാത്രമാണെന്ന് പറയാൻ കഴിയില്ലെന്നും സംസ്ഥാന വിഹിതം 500 കോടിയാണെന്നും മന്ത്രി പറഞ്ഞു.
പദ്ധതിയിലെ 60 ശതമാനം വിഹിതവും സംസ്ഥാനത്തിന്റേതാണ്. 113 വാഹനങ്ങളും കോർപ്പറേഷൻ ഈ രീതിയിൽ വാങ്ങിയതാണ്. മൂന്ന് പാർട്ടികളുമായുള്ള കരാറാണ് ഇത്. കോർപ്പറേഷനിലെ കെഎസ്ആർടിസി വേറൊരു ജില്ലയിലും ഓടുന്നില്ലെന്നും സങ്കീർണമായ മെയിന്റനന്‍സ് ഉള്ളതുകൊണ്ട് മറ്റൊരു ജില്ലയിൽ നിലവിൽ ഓടിക്കുന്നില്ലെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരത്തെ ഡബിൾ ഡക്കർ ബസ് കെഎസ്ആർടിസിയുടേത് ആണെന്നും ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം മേയർ 113 ബസുകളും തങ്ങൾക്ക് വേണമെന്ന് ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ സന്തോഷത്തോടെ തിരിച്ചയയ്ക്കും. പക്ഷേ, ഈ 113 ബസുകൾ കോർപറേഷൻ എടുത്താൽ 150 വണ്ടികൾ കെഎസ്ആർടിസി തന്നെ ഇറക്കുമെന്നും ഗണേഷ് കുമാർ വിവാദത്തോട് പ്രതികരിച്ചു.
ആ ബസുകൾ വേറൊരു ജില്ലയിലും ഓടുന്നില്ല. സങ്കീർണമായ മെയിന്റനൻസ് ഉള്ളതുകൊണ്ടാണ് മറ്റൊരു ജില്ലയിൽ നിലവിൽ ബസ് ഓടിക്കാതിരിക്കുന്നത്. ബാറ്ററി നശിച്ചാൽ 28 ലക്ഷം രൂപ വേണം മാറ്റിവയ്ക്കാൻ. ഡ്രൈവറും വർക് ഷോപ്പും കണ്ടക്‌ടറും എല്ലാം കെഎസ്ആർടിസിയുടേതാണെന്നും മൂന്നാറിലേക്ക് അടക്കം സർവീസ് നടത്തുന്നു എന്ന പ്രചാരണം വ്യാജമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വണ്ടികളുടെ നവീകരണമടക്കംകെഎസ്ആർടിസിയാണ് ചെയ്യേണ്ടത്. വകുപ്പിന്റെ പ്ലാനിങ് കാരണം 9000 രൂപ വരെ ഒരു ബസിന് ലാഭമുണ്ടായി. ഒരു ദിവസം 2500 രൂപ മാത്രം ലാഭമുണ്ടായിരുന്ന സമയത്താണിത്.
അതുകൊണ്ട് ആവശ്യമില്ലാത്ത കാര്യങ്ങൾ ആരും പറയേണ്ടതില്ല. തിരുവനന്തപുരത്തെ ജനങ്ങളെ ഒരിക്കലും ബുദ്ധിമുട്ടിക്കുന്ന കാര്യങ്ങൾ കെഎസ്ആർടിസി ചെയ്യില്ലെന്നും മന്ത്രി പറയുന്നു.
1 കോടി 17 ലക്ഷം രൂപയാണ് ഡബിൾ ഡക്കർ ബസുകളുടെ ലാഭം. കെഎസ്ആർടിസി യാത്രക്കാർക്കായി കുടിവെള്ളം പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു. കെഎസ്ആർടിസിയുടെ ലേബലിൽ തന്നെയായിരിക്കും കുപ്പിവെള്ളം നൽകുക. ഒരു കുപ്പി വെള്ളം വിൽക്കുമ്പോൾ അതിന്റെ ലാഭം 3 ജീവനക്കാർക്കാണ് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അധികാരമേറ്റെടുത്തതിന് പിന്നാലെ ഇ-ബസുകൾ നഗരത്തിൽ മാത്രം ഓടിയാൽ മതിയെന്നും ഇ-ബസുകൾ ഉടൻ തിരിച്ചെത്തിക്കണമെന്നും തിരുവനന്തപുരം മേയർ വിവി രാജേഷ് കഴിഞ്ഞ ദിവസം നിലപാട് അറിയിച്ചിരുന്നു. രാഷ്ട്രീയ സമ്മർദം കാരണം മറ്റ് സ്ഥലങ്ങളിൽ ഓടിക്കുകയാണെന്നും നഗരത്തിന് പുറത്തേക്ക് നൽകിയ ബസുകൾ ഉടൻ തിരിച്ചെത്തിക്കണമെന്നുമായിരുന്നു മേയറുടെ ആവശ്യം.
ബസുകളിൽ നിന്ന് കോർപ്പറേഷന് കൃത്യമായി ലാഭവിഹിതം കിട്ടണമെന്നും മേയർ പറഞ്ഞു. കരാർ മാറ്റാൻ ഒന്നോ രണ്ടോ വ്യക്തികൾക്ക് അധികാരമില്ല. ബസുകൾ കേന്ദ്രം തിരുവനന്തപുരം കോർപ്പറേഷന് നൽകിയതാണ്. കോർപ്പറേഷന് കിട്ടിയത് കോർപ്പറേഷനിലുളളവർക്ക് ഉപകാരപ്പെടണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയതോടെയാണ് മന്ത്രി തന്നെ ഇപ്പോൾ മറുപടിയുമായി രംഗത്ത് വന്നിരിക്കുന്നത്.












Click it and Unblock the Notifications