ലേണേഴ്സ് പരീക്ഷയിലും സമഗ്ര മാറ്റം? ഇനി പന്ത്രണ്ട് ചോദ്യങ്ങൾ ശരിയാക്കിയാൽ പോര, എണ്ണം കൂടിയേക്കും..
തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ലേണേഴ്സ് പരീക്ഷയിൽ സമഗ്രമായ മാറ്റം വരുത്തുമെന്ന് മന്ത്രി ഗണേഷ് കുമാർ. പരീക്ഷാ രീതിയിൽ മാറ്റം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. നേരത്തെ 20 ചോദ്യങ്ങളിൽ 12 എണ്ണത്തിന് ശരിയുത്തരം എഴുതിയാൽ ലേണിംഗ് പരീക്ഷ പാസാകുമായിരുന്നു.
ഇനി ചോദ്യങ്ങളുടെ എണ്ണം 20 ൽ നിന്ന് 30 ആക്കി ഉയർത്തും. 30 ചോദ്യങ്ങളിൽ 25 എണ്ണത്തിനും ശരിയുത്തരം എഴുതിയാൽ മാത്രമെ ലേണേഴ്സ് പരീക്ഷ പാസാകൂവെന്നും മന്ത്രി വ്യക്തമാക്കി. ഒരു ദിവസം ഒരു ഓഫീസിൽ നിന്ന് 20 ൽ അധികം ലൈസൻസ് അനുവദിക്കരുതെന്ന് തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ഇക്കാര്യം വ്യക്തമാക്കി ഉത്തരവ് ഉടൻ പുറപ്പെടുവിപ്പിക്കും. വാഹനം ഓടിക്കുക എന്നതല്ല, വാഹനം കൈകാര്യം ചെയ്യുക എന്നതാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു. ശുപാർശ കൊണ്ടുവന്നാൽ ലൈസൻസ് നൽകില്ല. ഡ്രൈവിംഗ് സ്കൂളുകളുടെ പ്രവർത്തനത്തിലും മാറ്റം വരുത്തുമെന്നും എല്ലാം ക്യാമറയിൽ പകർത്തുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് നാലര ലക്ഷം ലൈസൻസും ആർ സി ബുക്കും വിതരണം ചെയ്യാനുണ്ടെന്നും മന്ത്രി പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. ലൈസൻസ് കൊടുക്കുന്ന നടപടി കർശനമാക്കുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. ലൈസൻസിനായുള്ള പ്രായോഗിക പരീക്ഷയിൽ എച്ച് മാത്രമെടുത്തിട്ട് കാര്യമില്ലെന്നും പറഞ്ഞിരുന്നു.
വണ്ടി റിവേഴ്സ് എടുക്കണം, പാർക്ക് ചെയ്യണം, റിവേഴ്സ് എടുത്ത് പാർക്ക് ചെയ്ത് കാണിക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു. താൻ ഗൾഫിൽ പോയി ലൈസൻസ് എടുത്തപ്പോൾ ഇതെല്ലാം ചെയ്തിട്ടാണ് ലൈസൻസ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
ടെസ്റ്റ് നടത്തുന്ന വാഹനങ്ങളിൽ ക്യാമറ സ്ഥാപിക്കും. അതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ത്രീകളോട് മോശമായി ഉദ്യോഗസ്ഥർ പെരുമാറുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടി. വ്യാപകമായി ലൈസൻസ് കൊടുക്കുന്നവർ ആ സ്ഥാനത്ത് ഉണ്ടാകില്ല, തെറ്റ് വരുത്തിയാൽ ലൈസൻസ് കിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ ലൈസൻസിന് അന്തസ്സുണ്ടാകും, ഇത് മനുഷ്യ ജീവന്റെ പ്രശ്നമാണ്. പലർക്കും ലൈസൻസ് ഉണ്ട്. പക്ഷേ ജീവിതത്തിൽ ഓടിക്കാൻ അറിയില്ല. പലർക്കും പാർക്ക് ചെയ്യാനുമറിയില്ല. എല്ലാ കാര്യങ്ങളിലും വിജയിച്ചാൽ മാത്രമെ ലൈസൻസ് അനുവദിക്കൂവെന്നും ലൈസൻസ് നേരിട്ട് കൊടുക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.












Click it and Unblock the Notifications