വലത്തോട്ട് ചാഞ്ഞ് ഹരിപ്പാട്, കാലിടറാതെ ചെന്നിത്തലയ്ക്ക് വിജയത്തിളക്കം
ഹരിപ്പാട്: ഹരിപ്പാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമേശ് ചെന്നിത്തലയ്ക്ക് വിജയം.മികച്ചഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഐയുടെ പി പ്രസാദിനെ ചെന്നിത്തല പരാജയപ്പെടുത്തിയത്. ഈ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് ആലപ്പുഴയില്‍ ബിജെഡിഎസ് ചുക്കാന്‍ പിടിയ്ക്കുമെന്നായിരുന്നു പ്രവചനങ്ങള്‍. ബിജെപി ജില്ലാ സെക്രട്ടറിയും കായകുളം നഗരസഭ കൗണ്‍സിലറുമായ ഡി അശ്വിനി ദേവാണ് ഹരിപ്പാട് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. ചുരുക്കത്തില്‍ ഹരിപ്പാട് ജയിക്കാന്‍ ചെന്നിത്തലയ്ക്ക് അല്‍പ്പമൊന്ന് വിയര്‍ക്കേണ്ടി വന്നു.
ആലപ്പുഴയിലെ വിഐപി മണ്ഡലം എന്നാണ് ഹരിപ്പാട് അറിയപ്പെടുന്നത്. ഇടത്തോട്ടും വലത്തോട്ടും ചാഞ്ഞ ചരിത്രമുള്ള ഈ മണ്ഡലം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കോണ്‍ഗ്രസിനോടാണ് അനുഭാവം കാട്ടുന്നത്. ചെന്നിത്തലയോടുള്ള ഹരിപ്പാടുകാരുടെ പ്രിയം ഈ തിരഞ്ഞെടുപ്പിലും പ്രകടമായി.

1957 മുതല്‍ എട്ടു പ്രാവശ്യം യുഡിഎഫും അഞ്ചു പ്രാവശ്യം എല്‍ഡിഎഫും വിജയിച്ച മണ്ഡലമാണിത്. ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഉള്‍പ്പെടുന്ന ആറാട്ടുപുഴ, ചേപ്പാട്. ചെറുതന, ചിങ്ങോലി, ഹരിപ്പാട്, കാര്‍ത്തികപ്പളി, കരുവാറ്റ, കുമാരപുരം, മുതുകുളം, പള്ളിപ്പാട്, തൃക്കുന്നപ്പുഴ എന്നീ പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് ഹരിപ്പാട് നിയമസഭ മണ്ഡലം.
2011 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 1,71,834 വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ 1,34,680 വോട്ടുകള്‍ നേടിയാണ് ചെന്നിത്തല വിജയിച്ചത്. 1982ലാണ് മണ്ഡലത്തില്‍ നിന്നും ചെന്നിത്തല കന്നി വിജയം നേടുന്നത്. 1986 ല്‍ ഹരിപ്പാട് നിന്ന് തന്നെ വീണ്ടും ജനവിധി തേടിയ ചെന്നിത്തല സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി. അതോടെ ഹരിപ്പാട് വിഐപി മണ്ഡലമായി അറിയപ്പെടാനും തുടങ്ങി. എന്തായാലും ഭൂരിപക്ഷം അല്‍പ്പമൊന്ന് കുറഞ്ഞെങ്കിലും വിജയിക്കാനായതില്‍ ചെന്നിത്തലയ്ക്ക് ആശ്വസിയ്ക്കാം.












Click it and Unblock the Notifications