കഴക്കൂട്ടത്ത് കാട്ടായിക്കോണത്ത് സിപിഎം-ബിജെപി സംഘർഷം;4 പേർക്ക് പരിക്ക്
തിരുവനന്തപുരം; കഴക്കൂട്ടം മണ്ഡലത്തിലെ കാട്ടായിക്കോണത്ത് സിപിഎം-ബിജെപി സംഘർഷത്തിൽ 4 പേർക്ക് പരിക്ക്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റെന്നാണ് റിപ്പർട്ട്. അതേസമയം തങ്ങളുടെ ബൂത്ത് ഏജന്റുമാരെ സിപിഎം ആക്രമിക്കുകയാണെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ പോലീസിൽ പരാതി നൽകി. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്.
ബൂത്ത് ഓഫീസുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽ പോലീസിനെതിരെ ശോഭാ സുരേന്ദ്രൻ ബൂത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അഞ്ച് തവണ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചു. കാട്ടായിക്കോണത്ത് നേരത്തേയും ബിജെപി പ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും ഫ്ലക്സ് ബോർഡുകളഅ ഉൾപ്പെടെ നശിപ്പിക്കുന്ന സ്ഥിതിയായിരുന്നുവെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു.
അതേസമയം തിരഞ്ഞെടുപ്പിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആന്തൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് നേരെ കൈയ്യേറ്റമുണ്ടായതായി പരാതി ഉയർന്നു. ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ട വോട്ട് ചെയ്യാനെത്തിയെന്ന് ആരോപിച്ച് ഒരു സംഘം ആളുകളെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചത് സംഘർഷത്തിന് വഴിവെച്ചു.തമിഴ്‌നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി മായ്ക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്ന് ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.
അതേസമയം സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തുമെന്ന് ഡിജിപി വ്യക്തമാക്കി.സംഘർഷ സ്ഥലങ്ങളിൽ അടിയന്തിര നടപടികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.സംഘർഷ സംഭവങ്ങളെ പോലീസ് ഗൗരവമായാണ് കാണുന്നത്.
സ്ഥിതി പൊതുവേ സമാധാനപരമാണ്.
ചിലയിടങ്ങളിൽ മാത്രമാണ് പ്രശ്നം
പ്രശ്നബാധിത മേഖലകളിൽ പ്രത്യേക ശ്രദ്ധ പുലർത്തും.കാട്ടായിക്കോണത്തെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സ്ഥലത്ത് എസ്പി എത്തിയിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.