ഉമ്മൻചാണ്ടി നേമത്ത് ഇറങ്ങിയാൽ കളിമാറും...നേട്ടങ്ങൾ ഇങ്ങനെ..ഒപ്പം ഈ വെല്ലുവിളികളും
തിരുവനന്തപുരം; സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക മണ്ഡലമായ നേമത്തെ രാഷ്ട്രീയ പോരാട്ടം ഇത്തവണ പ്രവചനാതീതമാണ്. സിറ്റിംഗ് സീറ്റ് നഷ്ടപ്പെടാതിരിക്കാൻ 18 അടവും പയറ്റാൻ ഒരുങ്ങുകയാണ് ബിജെപി. അതേസമയം മറുവശത്ത് സിപിഎം ആകട്ടെ കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം എന്തുവിധേനയും തിരിച്ച് പിടിക്കുമെന്ന് ആവർത്തിക്കുന്നു. എന്നാൽ ബിജെപിയേയും സിപിഎമ്മിനേയും തളച്ച് ഒരിക്കൽ സ്വാധീവമുണ്ടായിരുന്ന മണ്ഡലം തിരിച്ച് പിടിച്ചേ അടങ്ങുവെന്നുള്ള വാശിയിലാണ് കോൺഗ്രസ്.
അസമില്‍ ചൂടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം
ഉമ്മൻചാണ്ടിയെ തന്നെ ഇറക്കി കേരള രാഷ്ട്രീയത്തെ ഞെട്ടിക്കാനാണ് കോൺഗ്രസ് നീക്കം. അതേസമയം ഉമ്മൻചാണ്ടി മത്സരിച്ചാൽ കോൺഗ്രസിന് നേമം പിടിക്കാനാകുമോയെന്നാണ് ഉയരുന്ന ചോദ്യം. ഉമ്മൻചാണ്ടി നേമത്ത് ഇറങ്ങിയാൽ ഒരേസമയം അത് കോൺഗ്രസിന് നേട്ടവും വെല്ലുവിളിയും ആയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പരിശോധിക്കാം

അഞ്ച് തവണ വിജയിച്ച മണ്ഡലം
നേരത്തേ അഞ്ച് തവണ കോൺഗ്രസ് മത്സരിച്ച് വിജയിച്ച മണ്ഡലമാണ് നേമം. 1977, 1980, 1982 വര്‍ഷങ്ങളിലും 2001 ലും 2006ലുമായിരുന്നു ഇത്. എന്നാൽ മണ്ഡലത്തിൽ കോൺഗ്രസിനും യുഡിഎഫിനും സ്വാധീനം നഷ്ടമാകുന്നത് 2011 ഓടെയാണ്. അന്ന് എൽഡിഎഫ് വിട്ടുവെന്ന ജനതാദളിനായിരുന്നു യുഡിഎഫിൽ നേമം സീറ്റ്.

2016 ലെ കനത്ത തോൽവി
മണ്ഡലത്തിൽ യുഡിഎഫിന് വിജയ തുടർച്ച പ്രതീക്ഷിച്ച കോൺഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ച് സിപിഎം മണ്ഡം പിടിച്ചടക്കുകയായിരുന്നു. ബി ശിവൻകുട്ടിയായിരുന്നു സിപിഎമ്മിന് വേണ്ടി നേമം പിടിച്ചത്. അത് മാത്രമല്ല, ഇടതു-വലത് മുന്നണികളെ ഞെട്ടിച്ച് കൊണ്ട് യുഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ബിജെപി രണ്ടാം സ്ഥാനം പിടിക്കുകയും ചെയ്തു.

വെറും 13000 ത്തോളം വോട്ടുകൾ
2016 ലും ജനതാദളിനായിരുന്നു സീറ്റ്. ആ തിരഞ്ഞെടുപ്പിൽ കേരള രാഷ്ട്രീയത്തെ ഞെട്ടിച്ച് ബിജെപി സംസ്ഥാനത്ത് ആദ്യമായി നേമത്തിലൂടെ നിയമസഭയിൽ സീറ്റ് ഉറപ്പിച്ചു. അന്ന് യുഡിഎഫിന് ലഭിച്ചതാകട്ടെ വെറും പതിമൂന്നായിരത്തോളം വോട്ടുകൾ. എന്നാൽ ഇത്തവണ ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന മണ്ഡലം കൈപ്പിടിയിലാക്കി കേരളത്തെ തന്നെ ഞെട്ടിക്കാനാണ് കോൺഗ്രസ് തിരുമാനം.

നേട്ടമാകും
ഈ സാഹചര്യത്തിലാണ് ഉമ്മൻചാണ്ടി തന്നെ മണ്ഡലത്തിൽ മത്സരിക്കണമെന്ന ആവശ്യം ഹൈക്കമാന്റ് മുന്നോട്ട് വെച്ചത്. അതേസമയം
ഹൈക്കമാന്റ് നിർദ്ദേശം അനുസരിച്ച് പുതുപ്പള്ളി വിട്ട് വരാൻ ഉമ്മൻചാണ്ടി തയ്യാറാകുമോ? തയ്യാറായാൽ സംസ്ഥാന രാഷ്ട്രീയം സാക്ഷ്യം വഹിച്ച വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടങ്ങളിൽ ഒന്നാകും അത് എന്ന കാര്യത്തിൽ തർക്കമില്ല.മാത്രമല്ല സ്ഥാനാർത്ഥിത്വം കോൺഗ്രസിന് വലിയ നേട്ടമാകുമെന്നും നേതൃത്വം വിലയിരുത്തുന്നു.

ആവേശം ഉയർത്താൻ
ഉമ്മന്‍ചാണ്ടി മത്സരിക്കുന്നതോടെ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിലെ ഉന്നത നേതാവിനെ തന്നെ പരിഗണിച്ചുവെന്ന പ്രതീതി സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും. ഇത് തിരുവനന്തപുരം ജില്ലയിലും സംസ്ഥാനത്ത് ഒട്ടുക്കും അനുകൂല തരംഗം ഉണ്ടാക്കുകയും ചെയ്യും. ഒപ്പം പ്രവർത്തകരുടെ ആവേശം ഉയർത്താനും സ്ഥാനാർത്ഥിത്വം സഹായിക്കും.

സംസ്ഥാനത്ത് മുഴുവൻ
ബിജെപിയുടെ ശക്തി കേന്ദ്രത്തിൽ തന്നെ മത്സരിച്ച് പാർട്ടിക്ക് തടയിടാൻ സാധിച്ചാൽ അതിന്റെ പ്രതിഫലനം സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ഉണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 7 മണ്ഡലങ്ങളിൽ ബിജെപി രണ്ടാം സ്ഥാനം പിടിച്ചതാണ് കോൺഗ്രസിന് കനത്ത തിരിച്ചടി സമ്മാനിച്ചത്. ഇതിന് മറുപടി നൽകാൻ പാർട്ടിക്ക് സാധിക്കും.

സിപിഎമ്മിന് മറുപടി
ഒപ്പം നേമത്ത് ബിജെപി -കോൺഗ്രസ് രഹസ്യധാരണയാണെന്ന സിപിഎം വിമർശനങ്ങൾക്ക് മറുപടി നൽകാനും സ്ഥാനാർത്ഥിത്വം സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നുണഅട്. അതേസമയം ഉമ്മൻചാണ്ടി എത്തിയാലും ബൂത്ത് കമ്മിറ്റികൾ പോലും ഇല്ലാത്ത മണ്ഡലത്തിൽ വിജയിച്ച് കയറുകയെന്നത് കോൺഗ്രസിനെ സംബന്ധിച്ച് കനത്ത വെല്ലുവിളിയായിരിക്കും.

തദ്ദേശ കണക്കുകൾ
തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 21 വാർഡുകളിൽ ഒരിടത്ത് പോലും വിജയിക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നില്ല. മാത്രമല്ല പലയിടത്തും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നതായിരുന്നു കാഴ്ച. 2019 ൽ ലോക്സഭ തിരഞ്ഞെടുപ്പിൽ ശശി തരൂർ വൻ ഭൂരിപക്ഷത്തിൽ ജയിച്ച തിരുവനന്തപുരത്ത് നേമത്ത് മാത്രമായിരുന്നു കോൺഗ്രസ് ഏറെ പിന്നിൽ പോയത്.

പ്രചരണത്തിന്
നേമത്ത് ബിജെപിയെക്കാൾ 12000 വോട്ടുകൾക്ക് പിന്നിലായിരുന്നു തരൂർ. അതുകൊണ്ട് തന്നെ താഴെതട്ടിലിറങ്ങിയുള്ള പ്രവർത്തനങ്ങൾ നടത്തിയില്ലേങ്കിൽ കോൺഗ്രസ് തിരിച്ചടി നേരിട്ടേക്കും എന്ന കാര്യത്തിൽ തർക്കമില്ല. ഇതുകൂടാതെ ഉമ്മൻചാണ്ടി നേമത്ത് ഒതുങ്ങിയാൽ സംസ്ഥാനത്ത് മറ്റിടങ്ങളിലേക്കുള്ള പ്രചരണത്തിൽ സജീവമാകാൻ അദ്ദേഹത്തിന് സാധിക്കില്ല.

പുതുപ്പള്ളിയിൽ പ്രതിസന്ധി
ശക്തി കേന്ദ്രമായ പുതുപ്പള്ളി വിട്ട് പോയാൽ അവിടെ ആര് എന്ന ചോദ്യവും പ്രസക്തമാണ്. പ്രത്യേകിച്ച് ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ എൽഡിഎഫ് മികച്ച മുന്നേറ്റം കാഴ്ച വെച്ച സാഹചര്യത്തിൽ. ഉമ്മൻചാണ്ടിയുടെ പഞ്ചായത്തായ പുതുപ്പള്ളിയിൽ ഉൾപ്പെടെ എൽഡിഎഫിനായിരുന്നു വിജയം. നിലവിൽ മകൻ ചാണ്ടി ഉമ്മനെയാണ് ഇവിടെ പരിഗണക്കുന്നത്.

ക്രോസ് വോട്ടെന്ന ആശങ്ക
അതിനിടെ നേമത്ത് തോൽക്കുമെന്ന് ഉറപ്പായാൽ എതിരാളികൾ ക്രോസ് വോട്ട് ചെയ്യുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അങ്ങനെയുണ്ടാൽ കോൺഗ്രസിലെ അതികായന്റെ തകർച്ചയായി ഈ തിരഞ്ഞെടുപ്പ് അടയാളപ്പെടുത്തും.മറിച്ചാണെങ്കിൽ അടുത്ത 'മുഖ്യമന്ത്രി' കസേര തന്നെയാകും ഉമ്മൻചാണ്ടിയെ കാത്തിരിക്കുന്നത്.
നടി സുനൈനയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications