ഓഖി ദുരിത ബാധിതർക്കടക്കം അവഗണന, ഇടതുദുർഭരണത്തിനെതിരെ കേരളം വിധിയെഴുതും : വി.എം സുധീരൻ
തിരുവനന്തപുരം : ജനപങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി കോവളം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി എം.വിൻസന്റിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ. പരിപാടി മുൻ കെപിസിസി അധ്യക്ഷൻ വി.എം സുധീരൻ ഉദ്ഘാടനം ചെയ്തു.

ഇടതുദുർഭരണത്തിനെതിരെ കേരളം വിധിയെഴുതുമെന്ന് അദ്ദേഹം പറഞ്ഞു. കേരളം കണ്ട പരാജിതനായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഓഖി ദുരിതബാധിതരെയടക്കം സഹായിക്കാൻ ഒരു പദ്ധതിയും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ദുരിതബാധിതർക്ക് യഥാസമയം ആശ്വാസമേകാനും സർക്കാരിനായില്ല. മത്സ്യത്തൊഴിലാളികളുടെ ജീവിതം വച്ച് പന്താടുകയാണ് സർക്കാർ. ജനങ്ങളോട് വോട്ട് തേടാനുള്ള ഒരു അർഹതയും ഇടത് സർക്കാരിനില്ല. ജനദ്രോഹ നടപടികളിൽ പിണറായി - മോദി സർക്കാരുകൾ ഒരേ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.
എങ്ങനെ ജനങ്ങളെ ദ്രോഹിക്കാമെന്ന് ഗവേഷണം നടത്തുകയാണ് ഇരു സർക്കാരുകളും. ജനാധിപത്യ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഐക്യജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള ഭരണം വരണം. സമാധാനത്തോടെ ജനങ്ങൾക്ക് ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണം. രാഹുൽ ഗാന്ധി വിഭാവനം ചെയ്ത ന്യായ് പദ്ധതി ഉൾപ്പെടെ നടപ്പാക്കി സ്ത്രീകൾക്കും സാധാരണക്കാർക്കും സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്താൻ സാധിക്കണം.
കഴിഞ്ഞ തവണത്തേക്കാൾ വമ്പിച്ച ഭൂരിപക്ഷത്തിൽ എം. വിൻസെന്റ് കോവളം നിയോജക മണ്ഡലത്തിൽ ജയിച്ചു കയറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ചാണ്ടി ഉമ്മൻ, കെപിസിസി സെക്രട്ടറി കെ.പി ശ്രീകുമാർ തുടങ്ങി പ്രമുഖ നേതാക്കൾ സംസാരിച്ചു.












Click it and Unblock the Notifications