മാറി മാറി വീശുന്ന പാലക്കാടൻ കാറ്റ് ആര് ‘ഡീൽ’ ചെയ്യും?
നിയമസഭയിൽ ഇടത്തോട്ടും ലോക്സഭയിൽ വലത്തോട്ടും തദ്ദേശത്തിൽ രണ്ടിടത്തോട്ടും മാറിമാറി വീശുന്ന പാലക്കാടൻ കാറ്റ് ഇത്തവണ ആര് 'ഡീൽ’ ചെയ്യുമെന്ന ചോദ്യമാണ് പാലക്കാട് ജില്ലയിൽ ഉയരുന്നത്. എൽഡിഎഫിന് ശക്തമായ മുൻതൂക്കമുള്ള പാലക്കാട് ജില്ലയിൽ 2021ൽ 12 മണ്ഡലങ്ങളിൽ പത്തിടത്തും ചെങ്കൊടി പാറി. മണ്ണാർക്കാട്ട് മുസ്ലിം ലീഗും (എൻ. ഷംസുദ്ദീൻ) പാലക്കാട്ട് ഷാഫി പറമ്പിലും (2024ൽ രാഹുൽ മാങ്കൂട്ടത്തിലും) മാത്രമാണ് യുഡിഎഫിൽ ജയിച്ചത്. ഘടക കക്ഷികളായ സിപിഐ പട്ടാമ്പിയിലും ജനതാദൾ ചിറ്റൂരിലും ജയിച്ചതൊഴിച്ചാൽ ബാക്കി എട്ടിടത്തും സിപിഎം പ്രതിനിധികളാണ്. ഇത്തവണ ന്യൂനപക്ഷ വോട്ടുകൾ പലയിടത്തും നിർണായകമാകും.
കോഴിക്കോടൻ പോരിൽ ചുവപ്പുകോട്ടയിളകുമോ?
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മലമ്പുഴ, തരൂർ, ഷൊർണൂർ, ആലത്തൂർ ഒഴികെ എട്ട് മണ്ഡലങ്ങളിലും യുഡിഎഫ് ലീഡ് നേടി. എങ്കിലും പാലക്കാട് ജില്ല ഉൾപ്പെടുന്ന ആലത്തൂരിലെ വിജയം സിപിഎമ്മിന് പ്രതീക്ഷയേകിയിരുന്നു. 2025ൽ വന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പട്ടാമ്പി, മണ്ണാർക്കാട്, പാലക്കാട്, തൃത്താല ഒഴികെയുള്ള മണ്ഡലങ്ങൾ എൽഡിഎഫിനൊപ്പം നിൽക്കുകയും ചെയ്തു.

ഇരുമുന്നണികളും മാറിമാറി ജയിച്ച മണ്ഡലമാണെങ്കിലും കുറച്ചുകാലമായി എൻഡിഎ രണ്ടാം സ്ഥാനത്തെത്തുന്നത് വഴി ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലക്കാട് സംസ്ഥാനത്തെ തന്നെ ഹോട്ട്സ്പോട്ടുകളിലൊന്നാണ്. കോൺഗ്രസ് ആദ്യമായി സിപിഎം-ബിജെപി ഡീൽ വിവാദം ഉയർത്തിയതും പാലക്കാട് മണ്ഡലത്തിലാണ്. മണ്ഡലം നിലനിർത്താൻ വന്ന നടൻ രമേശ് പിഷാരടിക്കും തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച് തഴമ്പിച്ച ശോഭ സുരേന്ദ്രനുമെതിരെ മൂന്നാം സ്ഥാനത്തുള്ള സിപിഎം സ്വതന്ത്ര സ്ഥാനാർഥിയായി ഹോട്ടൽ വ്യവസായി എൻ.എം.ആർ റസാഖിനെ മത്സരിപ്പിച്ചതാണ് ഈ ആരോപണത്തിന്റെ കേന്ദ്രബിന്ദു.
രാഷ്ട്രീയ പോരാട്ടത്തിനാണെങ്കിൽ യുഡിഎഫ് രമേശ് പിഷാരടിയെ എന്തിന് ഇറക്കി എന്ന മറുചോദ്യമുയർത്തി ബിജെപിയുമായി കോൺഗ്രസ് ആണ് ഡീൽ ഉണ്ടാക്കിയിരിക്കുന്നതെന്ന് സിപിഎമ്മും തിരിച്ചടിച്ചു. എൽഡിഎഫും യുഡിഎഫും ഒരുപോലെ എതിരാളികൾക്കെതിരെ ദുർബല സ്ഥാനാർഥികളെന്ന ആരോപണം ഉന്നയിക്കുമ്പോൾ അതിൽ നേട്ടമുണ്ടാക്കുന്നത് ബിജെപിയാണ്.
മൂന്നുപേരും പ്രചാരണത്തിൽ ഒട്ടും പിന്നിലല്ല. ലൈംഗിക പീഡന പരാതി ഉയർന്നതിനെ തുടർന്ന് പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് വത്സനെ കോൺഗ്രസ് പുറത്താക്കിയെങ്കിലും എൽഡിഎഫും എൻഡിഎയും ഇത് പ്രചാരണവിഷയമാക്കുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദങ്ങൾ യുഡിഎഫിനും വെല്ലുവിളിയാണ്.
മുന്നണികളുടെ നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങൾ- വോട്ടര്‍മാര്‍ കുറഞ്ഞത് 27, കൂടിയവ ഏഴ്
രണ്ട് പതിറ്റാണ്ടായി സിപിഎമ്മിന്റെ ഉറച്ച കോട്ടയായ ഒറ്റപ്പാലത്ത് വിമത നേതാവ് പി.കെ. ശശി യുഡിഎഫ് സ്വതന്ത്രനായി വന്നത് ഇടത് കോട്ടകളിൽ വിള്ളലുണ്ടാക്കുമോ എന്നത് പ്രവചനാതീതമാണ്. കെ. പ്രേംകുമാർ ആണ് ഇവിടെ എൽഡിഎഫ് സ്ഥാനാർഥി. സംവിധായകൻ മേജർ രവിയെ എൻഡിഎയും രംഗത്തിറക്കി. എന്നും എൽഡിഎഫിനൊപ്പം ഉറച്ചുനിന്നിരുന്ന മലമ്പുഴയിൽ വി.എസ്. അച്യുതാനന്ദന്റെ പിഎ ആയിരുന്ന എ. സുരേഷിനെ സ്ഥാനാർഥിയാക്കിയത് വഴി സിപിഎം വോട്ടുകൾ ചോർന്ന് കിട്ടുമെന്നും യുഡിഎഫ് കരുതുന്നുണ്ട്. കോങ്ങാട് സീറ്റ് ഭാര്യ കെ.എ. തുളസിക്കുവേണ്ടി മുസ്ലിം ലീഗിൽ നിന്ന് വി.കെ. ശ്രീകണ്ഠൻ എംപി വാങ്ങിയെന്ന പ്രതിഷേധം യുഡിഎഫ് പ്രവർത്തകർക്കിടയിൽ ശക്തമായിട്ടുള്ളതും തിരിച്ചത് തിരിച്ചടിയാണ്.
മലമ്പുഴ (എ.പ്രഭാകരൻ), തൃത്താല, ഷൊർണൂർ (പി. മമ്മിക്കുട്ടി), ഒറ്റപ്പാലം, കോങ്ങാട് (കെ. ശാന്തകുമാരി), തരൂർ (പി.പി. സുമോദ്), പട്ടാമ്പി (മുഹമ്മദ് മുഹസിൻ) മണ്ഡലങ്ങളിൽ എൽഡിഎഫും മണ്ണാർക്കാട്ട് യുഡിഎഫും സിറ്റിങ് എംഎൽഎമാരെയാണ് മത്സരിപ്പിക്കുന്നത്. മന്ത്രി മണ്ഡലമായ തൃത്താലയിൽ എം.ബി. രാജേഷിനെ നേരിടുന്നത് കെ.പി.സി.സി വൈസ്പ്രസിഡന്റ് വി.ടി. ബൽറാം തന്നെയാണ്. ആലത്തൂരിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ടി.എം. ശശി എൽഡിഎഫിനായി രംഗത്തിറങ്ങിയപ്പോൾ ജില്ലാ പഞ്ചായത്തംഗം കെ.എം. ഫെബിനാണ് യുഡിഎഫിനായി ഗോദയിലുള്ളത്.
നെന്മാറയിൽ ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ മത്സരിക്കുമ്പോൾ സിപിഎം ഏരിയ സെക്രട്ടറി കെ. പ്രേമനാണ് എൽഡിഎഫ് സ്ഥാനാർഥി. മന്ത്രി കെ. കൃഷ്ണൻകുട്ടി വിട്ടുനിന്ന ചിറ്റൂരിൽ ജനതാദളിനായി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി. മുരുകദാസും എതിർ പക്ഷത്ത് ചിറ്റൂർ നഗരസഭ ചെയർമാൻ കോൺഗ്രസിന്റെ സുമേഷ് അച്യുതനുമാണ് രംഗത്തുള്ളത്.












Click it and Unblock the Notifications