ഞങ്ങളും നിയമസഭയില്‍ പ്രതിഷേധിച്ചിട്ടുണ്ട്, പക്ഷെ ഇങ്ങനെയൊന്നുമല്ലായിരുന്നു; പ്രതിപക്ഷത്തോട് ശിവന്‍കുട്ടി

തിരുവനന്തപുരം: ദിവസങ്ങളായി നിയമസഭയില്‍ നടക്കുന്ന പ്രതിപക്ഷ പ്രതിഷേധത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി. പ്രതിപക്ഷം ഇപ്പോള്‍ കാണിക്കുന്നത് പോലുള്ള സമര പരമ്പര ഇതിന് മുന്‍പൊന്നും നിയമസഭയില്‍ ഉണ്ടായിട്ടില്ല എന്ന് ശിവന്‍കുട്ടി അവകാശപ്പെട്ടു. സമാന്തര സഭ ഇതിനു മുന്‍പ് ഇവിടെ കൂടിയിട്ടേയില്ല എന്നും ശിവന്‍കുട്ടി ഇന്ന് നിയമസഭയില്‍ പറഞ്ഞു.
ഇതിന് മുന്‍പും ഈ നിയമസഭയില്‍ തങ്ങളൊക്കെ അംഗങ്ങളായിരുന്നവരാണ് എന്നും തങ്ങളും അവസരം കിട്ടിയപ്പോഴെല്ലാം സഭയില്‍ ശക്തിയായി പ്രതിഷേധിച്ചിട്ടുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു. എന്നാല്‍ ഈ നിയമസഭയില്‍ ഇപ്പോള്‍ നടന്നത് പോലുള്ള ഒരു പ്രതിഷേധവും മുന്‍പ് ഉണ്ടായിട്ടില്ല എന്നാണ് ശിവന്‍കുട്ടി അവകാശപ്പെടുന്നത്. സഭയ്ക്കുള്ളില്‍ സത്യഗ്രഹം ഇതിനു മുന്‍പ് ഉണ്ടായിട്ടില്ലെന്നും എന്നാല്‍ സഭയ്ക്ക് പുറത്ത് സത്യഗ്രഹ സമരം നടത്തിയിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാവപ്പെട്ട വാച്ച് ആന്‍ഡ് വാര്‍ഡ് വനിതാ അംഗങ്ങളുടെ കൈയും കാലും അടിച്ചൊടിച്ചതിന്റെ പേരില്‍ കേസെടുത്തതിനാണ് ഈ പ്രതിഷേധം എന്നും ഇത് എവിടുത്തെ ന്യായമാണ് എന്നുമായിരുന്നു പ്രതിപക്ഷത്തോടുള്ള വി ശിവന്‍കുട്ടിയുടെ ചോദ്യം. പ്രതിപക്ഷത്തെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കണം എന്നും അവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലായിട്ടില്ല, അതുകൊണ്ട് പറഞ്ഞതാണെന്നും ആയിരുന്നു ഇതിനിടെ ഇടപെട്ട സ്പീക്കറോട് വി ശിവന്‍കുട്ടി പറഞ്ഞത്.

അതേസമയം പ്രതിപക്ഷത്തിന്റേത് സ്പോണ്‍സേര്‍ഡ് സമരമാണ് എന്ന് കെ ബി ഗണേഷ് കുമാര്‍ എം എല്‍ എയും പറഞ്ഞു. ആരെയോ സന്തോഷിപ്പിക്കാനുള്ള സമരമാണിത് എന്നും ആരോ പിടിച്ച പുലിവാല്‍ എന്ന ചൊല്ലുണ്ട്, അതുപൊലെയാണ് സമരം എന്നും അദ്ദേഹം പരിഹസിച്ചു. ഈ വാലില്‍ നായര്‍ മുറുകെ പിടിച്ചിരിക്കുന്നതാണ് നല്ലതെന്നും അല്ലെങ്കില്‍ പുലി തിന്നുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
പ്രതിപക്ഷത്തിന്റേത് തറ പരിപാടിയാണ് എന്ന് വി കെ പ്രശാന്ത് എം എല്‍ എയും പറഞ്ഞു. ജനപ്രതിനിധികള്‍ക്ക് സഭയില്‍ അവസരം നഷ്ടപ്പെടുകയാണ് എന്നും വി കെ പ്രശാന്ത് കുറ്റപ്പെടുത്തി. പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ സ്പീക്കര്‍ എ എന്‍ ഷംസീറും രംഗത്തെത്തി. പ്രതിഷേധങ്ങളില്‍ പ്രതിപക്ഷ നിര പുനരാലോചന നടത്തണം എന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.
നേരത്തെ സര്‍ക്കാര്‍ നിലപാടുകളില്‍ പ്രതിഷേധിച്ച് അഞ്ച് പ്രതിപക്ഷ എം എല്‍ എമാര്‍ നിയമസഭയുടെ നടുത്തളത്തില്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചിരുന്നു. ഇതിന് എതിരെയാണ് ശിവന്‍കുട്ടിയുടെ പ്രതികരണം. എം എല്‍ എമാരായ അന്‍വര്‍ സാദത്ത്, ടി ജെ വിനോദ്, കുറുക്കോളി മൊയ്തീന്‍, എ കെ എം അഷ്‌റഫ്, ഉമാ തോമസ് എന്നിവരാണ് നിയമസഭയില്‍ സത്യഗ്രഹം ആരംഭിച്ചത്. ഇതോടെ സ്പീക്കര്‍ സഭാ സമ്മേളനം അനിശ്ചിതകാലത്തേക്ക് അവസാനിപ്പിക്കുകയായിരുന്നു.
Skin Care: വെളുക്കാന്‍ തേച്ചത് പാണ്ടാകും, ചര്‍മ്മ സംരക്ഷണത്തിന് ഇവയൊരിക്കലും ഉപയോഗിക്കരുത്
നേരത്തെ 2011-16 കാലത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ ബജറ്റ് അവതരണം വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ തടസപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. നിയമസഭ ഇതിന് മുന്‍പ് കണ്ടിട്ടില്ലാത്ത വിധത്തിലുള്ള പ്രതിഷേധത്തിന് ആയിരുന്നു അന്ന് കേരളം സാക്ഷ്യം വഹിച്ചത്. അന്ന് പ്രതിഷേധത്തിനിടെ സ്പീക്കറുടെ ചേംബറില്‍ കയറി കസേര തള്ളിയിടുകയും മൈക്കും മറ്റ് ഉപകരണങ്ങളും തല്ലിപ്പൊട്ടിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications