സുരേന്ദ്രനടക്കം ഭാരവാഹികളെല്ലാം രാജിവയ്ക്കണം, മുരളീധരനും ഒഴിവില്ല; അഴിമതിയുടെ കൂത്തരങ്ങ്- മോദിക്ക് റിപ്പോർട്ട്
തിരുവനന്തപുരം/ദില്ലി: കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ചും ബിജെപിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും എല്ലാം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചില സ്വതന്ത്ര നിരീക്ഷകരെ പ്രധാനമന്ത്രി ചുമതലപ്പെടുത്തിയിരുന്നു എന്ന വാര്‍ത്ത ആഴ്ചകള്‍ക്ക് മുന്നേ വന്നതാണ്. എന്നാല്‍ ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായ അരുണ്‍ സിങ് അത്തരം ഒരു വാര്‍ത്തയെ അധികം വൈകാതെ നിഷേധിക്കുകയും ചെയ്തു.
പക്ഷേ, സിവി ആനന്ദബോസ് അത്തരം ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ജേക്കബ് തോമസും തയ്യാറാക്കിയെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും വേറേയും ചില സ്വതന്ത്ര നിരീക്ഷകര്‍ കേരളത്തിലെ ബിജെപിയെ സംബന്ധിച്ച് പ്രധാനമന്ത്രിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട് എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ...

എല്ലാവരും രാജിവയ്ക്കണം
കേരളത്തിലെ ബിജെപി നേതൃത്വത്തില്‍ ഉള്ള എല്ലാ നേതാക്കളും രാജിവച്ച് മാറി നില്‍ക്കണം എന്നാണ് സ്വതന്ത്ര നിരീക്ഷകരുടെ നിര്‍ദ്ദേശം എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏതെങ്കിലും ഒരാളെ മാത്രം മാറ്റിയതുകൊണ്ട് കാര്യമില്ല, അടിമുടി മാറ്റം വരുത്തണം എന്നാണ് പ്രധാനമന്ത്രിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം എന്നും വാര്‍ത്തയുണ്ട്.

മുരളീധരനും രക്ഷയില്ല
കേന്ദ്ര മന്ത്രിയാണെങ്കിലും, വി മുരളീധരനും ഈ റിപ്പോര്‍ട്ടില്‍ നിന്ന് രക്ഷനേടാന്‍ ആയിട്ടില്ല. കേരളത്തിലെ തോല്‍വിയിലും പ്രശ്‌നങ്ങളിലും വി മുരളീധരനും ഉത്തരവാദിയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത് എന്നാണ് വാര്‍ത്ത. ഗ്രൂപ്പ് നേതാവിനെ പോലെ ആണ് മുരളീധരന്‍ പ്രവര്‍ത്തിക്കുന്നത് എന്നും നിരീക്ഷകര്‍ കണ്ടെത്തിയിട്ടുണ്ടത്രെ.

അഴിമതിയും വോട്ടിന് പണവും
വളരെ ഗുരുതരമായ ഒരു കണ്ടെത്തലും സ്വതന്ത്ര നിരീക്ഷകര്‍ നടത്തിയിട്ടുണ്ട്. കേരളത്തിലെ ബിജെപിയില്‍ അഴിമതി വ്യാപകമായ ഒന്നാണ് എന്നതാണത്. തിരഞ്ഞെടുപ്പ് ഫണ്ടിന്റെ കാര്യത്തില്‍ വലിയ കൃത്രിമം നടന്നതായും വോട്ട് മറിക്കുന്നതിന് അടക്കം പണം വാങ്ങിയവരുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ബൂത്ത് തലം മുതല്‍ തുടങ്ങണം
ബിജെപിയെ അടിമുടി മാറ്റണം എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്ന മറ്റൊരു കാര്യം. ബൂത്ത് തലം മുതല്‍ തിരഞ്ഞെടുപ്പിലൂടെ വേണം ഭാരവാഹികളെ നിശ്ചയിക്കാനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നേരത്തേ പ്രധാനമന്ത്രിയ്ക്ക് ലഭിച്ച റിപ്പോര്‍ട്ടുകളിലും ഇക്കാര്യമുണ്ട് എന്നാണ് വിവരം.

ഫണ്ടിന്റെ കാര്യത്തില്‍
ഇത്തവണ കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രചാരണത്തിനായി വന്‍ തുക എത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പലരും ഈ തുക ചെലവഴിക്കാതെ പണം കൈക്കലാക്കിയിട്ടുണ്ട് എന്നൊരു ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു. നിഷ്പക്ഷ നിരീക്ഷകര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇക്കാര്യമുണ്ട്.

കുഴല്‍പണ ഇടപാട്
കേരളത്തിലേക്ക് ബിജെപിയ്ക്കായി ഇത്തവണ എത്തിയത് നാനൂറ് കോടി രൂപയാണെന്ന് ആഴ്ചകള്‍ക്ക് മുമ്പ് മംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട കുഴല്‍പണം ഇതില്‍ പെട്ടതാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ ഫണ്ടുകളുടെ വിതരണത്തില്‍ പോലും വലിയ തിരിമറികള്‍ നടന്നിട്ടുണ്ട് എന്നാണ് ആക്ഷേപം.

പാതിയോളം
കേരളത്തിലേക്ക് എത്തിയ പണത്തിന്റെ പാതിയോളം ചില നേതാക്കള്‍ കൈക്കലാക്കിയിരിക്കുകയാണെന്ന ആക്ഷേപവും ഇതിനിടെ ഉയര്‍ന്നിരുന്നു. സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ തന്നെയാണ് ഇതിന് പിന്നില്‍ എന്ന് ചില ബിജെപിക്കാര്‍ തന്നെയാണ് പരസ്യമായി ആക്ഷേപം ഉന്നയിച്ചത്. ഇക്കാര്യം ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തിട്ടുണ്ട്.

നടപടിയുണ്ടാകുമോ
കേരളത്തിലെ നേതൃത്വത്തിനെതിരെ ദേശീയ നേതൃത്വത്തിന് പലതവണ പരാതികള്‍ ലഭിച്ചിട്ടുണ്ട്. അത് തിരഞ്ഞെടുപ്പിനും എത്രയോ മുമ്പേ തന്നെ സംഭവിച്ച കാര്യമാണ്. എന്നാല്‍ ഒരിക്കല്‍ പോലും ആ പരാതികളില്‍ അനുകൂല നിലപാട് ഉണ്ടായിട്ടില്ല എന്നൊരു പരാതി പല ബിജെപി നേതാക്കള്‍ക്കും ഉണ്ട്.

ഇനിയും വൈകിയാല്‍
നിഷ്പക്ഷ നിരീക്ഷകര്‍ പ്രധാന മന്ത്രിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ട് പുറത്ത് വന്നത് തന്നെ ചില സൂചനകളാണ് നല്‍കുന്നത്. ഈ വിഷയത്തില്‍ ഇനിയും ഏതെങ്കിലും തരത്തിലുള്ള നടപടികള്‍ വൈകിയേക്കില്ലെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.












Click it and Unblock the Notifications