കെ സുരേന്ദ്രന്‍ ദേശീയതലത്തിലേക്ക്; വി മുരളീധരന്‍ തിരിച്ചെത്തും, ബിജെപിയില്‍ മാറ്റമെന്ന് അഭ്യൂഹം
കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ബിജെപിയില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യത. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ മാറ്റിയേക്കുമെന്നാണ് വിവരം. പകരം കേന്ദ്രമന്ത്രി വി മുരളീധരന്‍ സംസ്ഥാന അധ്യക്ഷനായേക്കും. വി മുരളീധരന്‍ കേന്ദ്രമന്ത്രി പദം ഒഴിയുമ്പോള്‍ നടന്‍ സുരേഷ് ഗോപിയെ പരിഗണിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസം നാലു സംസ്ഥാനങ്ങളില്‍ പുതിയ അധ്യക്ഷന്‍മാരെ ബിജെപി കേന്ദ്ര നേതൃത്വം നിയമിച്ചിരുന്നു. ആന്ധ്രയിലും തെലങ്കാനയിലുമെല്ലാം മാറി. ഈ സാഹചര്യത്തിലാണ് കേരളത്തിലും മാറ്റത്തിന് സാധ്യതയുണ്ടെന്ന് അഭ്യൂഹം പരക്കുന്നത്. കെ സുരേന്ദ്രന്‍ ദേശീയ നിര്‍വാഹക സമിതി അംഗമാകുമെന്നാണ് സൂചന. പുതിയ പ്രഖ്യാപനം ഇന്നുണ്ടായേക്കും.

സംസ്ഥാന നേതാക്കള്‍ക്കിടയിലെ ഭിന്നതയാണ് ബിജെപി നേരിടുന്ന വലിയ വെല്ലുവിളി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഈ ഭിന്നത ഇല്ലാതാക്കണമെന്ന് ദേശീയ നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സുരേന്ദ്രന് പകരം മുരളീധരന്‍ എത്തിയാലും കലഹം തീരുമോ എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം ശോഭാ സുരേന്ദ്രന്‍ നല്‍കിയ മറുപടികള്‍ വലിയ ചര്‍ച്ചയായിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയക്കണം എന്നാണ് കേന്ദ്ര നേതൃത്വം നല്‍കിയ മറ്റൊരു നിര്‍ദേശം. പല സംസ്ഥാനങ്ങളിലും ബിജെപിക്ക് സ്വാധീനം ശക്തമായിട്ടുണ്ടെങ്കിലും കേരളത്തില്‍ വേണ്ടത്ര ശോഭിക്കാന്‍ സാധിക്കാത്തത് എന്ത് എന്നാണ് ദേശീയ നേതൃത്വം ചോദിക്കുന്നത്. ഈ സാഹചര്യത്തില്‍ കേന്ദ്ര നേതാക്കളെ അടുത്ത തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മല്‍സരിപ്പിക്കുമെന്നും അഭ്യൂഹമുണ്ട്.
വി മുരളീധരന്‍ കേന്ദ്രമമന്ത്രി പദം ഒഴിഞ്ഞാല്‍ നടന്‍ സുരേഷ് ഗോപി മന്ത്രിയാകുമെന്നാണ് മറ്റൊരു വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും സുരേഷ് ഗോപിയില്‍ മതിപ്പുണ്ട്. മാത്രമല്ല, കേരളത്തില്‍ മറ്റു ബിജെപി നേതാക്കളേക്കാള്‍ ജനസ്വാധീനം സുരേഷ് ഗോപിക്കുണ്ടെന്നും കേന്ദ്ര നേതൃത്വം കരുതുന്നു. വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ മല്‍സരിപ്പിക്കുന്ന കാര്യവും ആലോചനയിലാണ്.
സുരേഷ് ഗോപി വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും തൃശൂര്‍ മണ്ഡലത്തില്‍ തന്നെ മല്‍സരിക്കുമെന്നാണ് സൂചന. ആഞ്ഞുപിടിച്ചാല്‍ കിട്ടുമെന്ന് ബിജെപി ഉറപ്പിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തൃശൂര്‍. ഇതിന് പുറമെ തിരുവനന്തപുരത്തും ബിജെപിക്ക് പ്രതീക്ഷയുണ്ട്. ഈ മണ്ഡലത്തില്‍ ശശി തരൂരിനെതിരെ കേന്ദ്ര നേതാവ് മല്‍സരിക്കണം എന്ന താല്‍പ്പര്യം സംസ്ഥാന ബിജെപിയിലുണ്ട്. നിര്‍മല സീതാരാമന്റെ പേര് ഉയര്‍ന്നിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരം വന്നിട്ടില്ല.
അതേസമയം, സുരേഷ് ഗോപിക്ക് തൃശൂരില്‍ സാധ്യതയുണ്ട് എന്ന കാര്യം മറ്റു പാര്‍ട്ടികളിലും ചര്‍ച്ചയാണ്. കോണ്‍ഗ്രസും സിപിഎമ്മും വിഷയം ഗൗരവത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇനി മല്‍സരിക്കാനില്ല എന്ന് പറഞ്ഞിരുന്ന ടിഎന്‍ പ്രതാപനെ വീണ്ടും കളത്തിലിറക്കാന്‍ തന്നെയാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. സുനില്‍ കുമാറിനെ കളത്തിലിറക്കാന്‍ ഇടതുപക്ഷവും ആലോചിക്കുന്നു. അങ്ങനെ വന്നാല്‍ ശക്തമായ മല്‍സരമാകും തൃശൂരില്‍.












Click it and Unblock the Notifications