'സിഗരറ്റ് ഉത്പാദന രാജ്യവുമായി ആരോഗ്യസഹകരണത്തിന് ശ്രമം'; മുഖ്യമന്ത്രിയുടെ ക്യൂബ സന്ദര്‍ശനത്തില്‍ ഗവര്‍ണര്‍
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി നടത്തുന്നത് രാഷ്ട്രീയ തീര്‍ത്ഥാടനമാണ് എന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി. ജനങ്ങളുടെ പണമാണ് ഇതുവഴി ധൂര്‍ത്തടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിഗരറ്റ് ഉത്പാദന രാജ്യവുമായാണ് ആരോഗ്യ സഹകരണത്തിന് ശ്രമിക്കുന്നത് എന്നും മുഖ്യമന്ത്രിയുടെ ക്യൂബ സന്ദര്‍ശനത്തെ വിമര്‍ശിച്ച് കൊണ്ട് ഗവര്‍ണര്‍ പറഞ്ഞു.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞ രീതിയിലാണ്. കുട്ടികളുടെ ഭാവി വച്ചാണ് കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യോഗ്യതയില്ലാത്തവരാണ് സര്‍വകലാശാലകളില്‍ ജോലി ചെയ്യുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായത് കൊണ്ടുമാത്രം ഒരാള്‍ക്ക് നിയമനം നല്‍കുന്നു.

എന്നിട്ട് അതിനെ മുഖ്യമന്ത്രി തന്നെ ന്യായീകരിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങളൊക്കെ നടക്കാമെങ്കില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെല്ലാം ചെറിയ കാര്യങ്ങളാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'സര്‍വകലാശാലകളെ സര്‍ക്കാര്‍ അവരുടെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ്. അതിന് നിരവധി ഉദാഹരണങ്ങളുണ്ട്. സര്‍വകലാശാലകള്‍ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണ്,' ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
സമ്മര്‍ദ്ദ തന്ത്രമുപയോഗിച്ച് മാധ്യമങ്ങളെ വരെ പേടിപ്പിച്ച് നിര്‍ത്തിയിരിക്കുയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭയപ്പെടുത്തി നിര്‍ത്തിയിരിക്കുന്ന മാധ്യമങ്ങളെ എവിടെയെങ്കിലും കാണാനുണ്ടെങ്കില്‍ അത് കേരളത്തിലാണ് എന്നും ഇത്തരം വിഷയങ്ങള്‍ ഏറ്റെടുക്കാന്‍ മാധ്യമങ്ങള്‍ തയാറാവുന്നില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചൂണ്ടിക്കാട്ടി. ഇതില്‍ താന്‍ നിസഹായനാണ് എന്നും ഗവര്‍ണര്‍ പറഞ്ഞു.
തനിക്ക് ഖേദം രേഖപ്പെടുത്താന്‍ മാത്രമേ കഴിയൂ. താന്‍ നിയമിച്ച താല്‍ക്കാലിക വൈസ് ചാന്‍സലറെ യൂണിവേഴ്സിറ്റിയില്‍ പ്രവേശിക്കാന്‍ പോലും അനുവദിച്ചില്ലെന്നും പൊലീസിന്റെ സഹായത്തോടെയാണ് അവര്‍ക്ക് ചുമതല ഏറ്റെടുക്കാന്‍ കഴിഞ്ഞത് എന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. എ പി ജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി സിസ തോമസിനെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദം ചൂണ്ടിക്കാട്ടിയായിരുന്നു ഗവര്‍ണറുടെ പ്രതികരണം.
നട്ടെല്ലുയര്‍ത്തി ശബ്ദമുയര്‍ത്തുക എന്നല്ലാതെ ഇവിടെ മറ്റൊരു പ്രശ്നപരിഹാരമില്ലെന്നും മാധ്യമങ്ങള്‍ ഗൗരവത്തോടെ വിഷയങ്ങള്‍ ഉന്നയിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാധ്യമങ്ങള്‍ പലതും വാര്‍ത്തയ്ക്ക് വേണ്ടി മാത്രമാണ് ചര്‍ച്ചയാക്കുന്നത്. പത്രങ്ങള്‍ എഡിറ്റോറിയല്‍ എഴുതിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. പത്തും പന്ത്രണ്ടും ക്ലാസുകള്‍ കഴിയുമ്പോള്‍ തന്നെ മിടുക്കരായിട്ടുള്ള വിദ്യാര്‍ഥികളെല്ലാം കേരളം വിടുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.












Click it and Unblock the Notifications