2024 ല്‍ 2004 ആവര്‍ത്തിക്കണം; ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം തുടങ്ങി സിപിഎം
തിരുവനന്തപുരം: കേരളത്തില്‍ 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാന്‍ സി പി ഐ എം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ പാര്‍ട്ടി നേതൃത്വം ആരംഭിച്ചിട്ടുണ്ട് എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ ആദ്യഘട്ടം എന്ന നിലക്ക് മന്ത്രിമാര്‍ക്ക് ജില്ലകളുടെ ചുമതല നല്‍കും.
വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ അനുയോജ്യരായ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള അന്വേഷണവും സി പി ഐ എം തുടങ്ങി കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ സി പി ഐ എം സംസ്ഥാന സമ്മേളനം നടക്കവെ തന്നെ 2024 ല്‍ കേന്ദ്ര ഭരണത്തില്‍ നിന്ന് ബി ജെ പിയെ പുറത്താക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റുകളില്‍ 19 സീറ്റിലും എല്‍ ഡി എഫ് പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ഇത്തവണ ശക്തമായ തിരിച്ചുവരവിനാണ് എല്‍ ഡി എഫ് വിശിഷ്യാ സി പി ഐ എം ശ്രമിക്കുന്നത്. അതേസമയം 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും മികച്ച വിജയം നേടാന്‍ എല്‍ ഡി എഫിന് കഴിഞ്ഞിരുന്നു.

എന്നാല്‍ അടുത്തിടെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ടത് എല്‍ ഡി എഫിനും സി പി ഐ എമ്മിനും ക്ഷീണമായി. ഈ സാഹചര്യത്തിലാണ് പൊതുതെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ താഴേത്തട്ട് മുതല്‍ ആരംഭിക്കാന്‍ സി പി ഐ എം നേരത്തെ തന്നെ ഒരുങ്ങുന്നത്. 14 ജില്ലകളുടേയും ചുമതല 14 മന്ത്രിമാരെ ഏല്‍പ്പിക്കും എന്നാണ് റിപ്പോര്‍ട്ട്.

ലോക്‌സഭാ മണ്ഡലങ്ങളുടെ ചുമതല സംസ്ഥാന സമിതി അംഗങ്ങളെ ഏല്‍പ്പിക്കും. പ്രവര്‍ത്തനങ്ങളുടെ ഏകോപനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ വഴിയായിരിക്കും നടത്തുക. കഴിഞ്ഞ തവണ വിജയസാധ്യത ഉണ്ടായിട്ടും തോറ്റ മണ്ഡലങ്ങളില്‍ മികച്ച സ്ഥാനാര്‍ഥികളെ കണ്ടെത്താനായി ആദ്യം ശ്രമിക്കും എന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ പദ്ധതികളും നേട്ടങ്ങളും ജനങ്ങളിലേക്കെത്തിക്കാനാണ് സി പി ഐ എം ലക്ഷ്യമിടുന്നത്. ജില്ലാ കമ്മിറ്റികളില്‍ അഴിച്ചുപണികള്‍ ആവശ്യമായിടത്ത് പെട്ടെന്ന് തന്നെ അത് നടപ്പിലാക്കാനും തീരുമാനം ആയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. 2004 ല്‍ ബി ജെ പി നേതൃത്വത്തിലുള്ള വാജ്പേയ് സര്‍ക്കാരിനെ പുറത്താക്കാന്‍ മുഖ്യപങ്ക് വഹിച്ചത് ഇടതുപക്ഷമായിരുന്നു.

അന്ന് കേരളത്തിലെ 20 സീറ്റില്‍ 18 ലും എല്‍ ഡി എഫ് ജയിച്ചിരുന്നു. അന്ന് അത്രയും സീറ്റ് എല്‍ ഡി എഫിന് ലഭിച്ചത് കൊണ്ട് കേന്ദ്രത്തില്‍ ബി ജെ പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ കഴിഞ്ഞു എന്ന് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സമ്മേളനത്തിനിടെ പറഞ്ഞിരുന്നു.
ശരിയാണ്...രാജ്ഞിയെ പോലെ തന്നെ ഉണ്ട്..; സാരിയില്‍ സംയുക്തയുടെ കിടിലന്‍ ചിത്രങ്ങള്‍












Click it and Unblock the Notifications