Kerala Election Result: യഥാർത്ഥ ഇടതുപക്ഷമായി സിപിഐ; ജനങ്ങൾ കൈവിട്ടില്ല, ആ പ്രചാരണം ശരിയായോ?
തിരുവനന്തപുരം: യുഡിഎഫ് തരംഗത്തിൽ ഇടത് കോട്ടകൾ വീണപ്പോഴും ഒരുപരിധിവരെ പിടിച്ചുനിന്നത് സിപിഐയെന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇക്കുറി തിരഞ്ഞെടുപ്പിൽ എട്ട് സീറ്റുകളോടെയാണ് സിപിഐ പട്ടികയിൽ ഇടം നേടിയത്. 2021-ലെ കണക്കായ 17 സീറ്റുകളിൽ നിന്ന് ഇത് വലിയ ഇടിവാണെങ്കിലും ഇപ്പോഴത്തെ യുഡിഎഫ് മുന്നേറ്റത്തിൽ ഇത് ഭേദപ്പെട്ട പ്രകടനമാണ്. യുഡിഎഫ് സംസ്ഥാനത്തുടനീളം മുന്നേറിയപ്പോൾ, മുൻപ് നേടിയ ആധിപത്യം നിലനിർത്താൻ എൽഡിഎഫ് പാടുപെടുകയായിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം, എട്ട് മണ്ഡലങ്ങളിലാണ് സിപിഐ വിജയിച്ചതോ ലീഡ് ചെയ്യുന്നതോ ആയിട്ടുള്ളത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ, 25 സീറ്റുകളുള്ള സിപിഎമ്മിനും 22 സീറ്റ് നേടിയ ലീഗിന് പിന്നിലും 7 സീറ്റുകളുള്ള കേരള കോൺഗ്രസിന് മുന്നിലയുമാണ് നിലവിൽ സിപിഐയുടെ സ്ഥാനം. നിലവിൽ എൽഡിഎഫിന്റെ ആകെ സീറ്റുകൾ 36 ആണ്, ഇത് 140 അംഗ സഭയിൽ ഭൂരിപക്ഷത്തിന് ഏറെ അകലെയാണ്.

പൊതുവെ സിപിഎമ്മിനെ അപേക്ഷിച്ച് സിപിഐയുടെ കുറഞ്ഞ സ്വാധീനം, പാർട്ടിക്ക് ദൃഢമായ സംഘടനയും കേഡർ ശൃംഖലയുമുണ്ടായിരുന്ന പ്രധാന ഗ്രാമീണ മേഖലകളിൽ ഇടതുപക്ഷത്തിന്റെ സാന്നിധ്യം ദുർബലമാക്കുമെന്നാണ് കരുതിയത്. എന്നാൽ ഇപ്പോൾ ഇടിവുണ്ടായത് കൂടുതലും സിപിഎമ്മിനാണ്. വോട്ട് വിഹിതത്തിൽ 1 ശതമാനത്തോളം മാത്രമാണ് സിപിഐയ്ക്ക് ഉണ്ടായ ഇടിവ്.
2021-ൽ 22 സീറ്റുകളിൽ മത്സരിച്ച സിപിഐ, 17 സീറ്റുകൾ നേടി എൽഡിഎഫിന്റെ ഏകദേശം 100 സീറ്റുകൾ എന്ന വിജയത്തിൽ ഒരു പ്രധാന ശക്തിയായിരുന്നു. എന്നാൽ, ഇപ്പോൾ 17-ൽ നിന്ന് എട്ട് സീറ്റുകളിലേക്ക് കുറഞ്ഞെങ്കിലും ഇതിലും വലിയ തിരിച്ചടിയാണ് പലരും സിപിഐയ്ക്ക് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അതുണ്ടായില്ലെന്ന് മാത്രമല്ല തീരെ കുറഞ്ഞ നിലയിലേക്ക് അവർ വീണുപോയില്ല.
യഥാർത്ഥ ഇടതുപക്ഷമെന്ന പ്രചാരണം ഏശിയോ?
കഴിഞ്ഞ കുറേ വർഷങ്ങളായി സിപിഎം വിരുദ്ധരും വലതുപക്ഷ കക്ഷികളും സിപിഐയെ ഒപ്പം നിർത്താൻ പല ശ്രമങ്ങളും നടത്തിയിരുന്നു. അതിനായി അവർ ഭൂരിഭാഗവും നടത്തിയ പ്രചാരണം യഥാർത്ഥ ഇടതുപക്ഷം സിപിഐയാണ് എന്നായിരുന്നു. അതിൽ ഊന്നിയാണ് പല കക്ഷികളും സിപിഐയെ വരുതിയിലാക്കാൻ ശ്രമിച്ചതും. അത് വെറുതെയായില്ല, ജനങ്ങൾ അല്ലെങ്കിൽ വോട്ടർമാർ അത് ഏറ്റെടുത്തോ എന്നാണ് ചോദ്യം.
യുഡിഎഫ് കൊടുങ്കാറ്റിലും സിപിഐ അപ്പാടെ തകർന്നില്ലെന്നതാണ് ഇതിന്റെ കാരണം. കോട്ടയം അടക്കമുള്ള മധ്യ കേരളത്തിൽ പ്രബല ശക്തിയായിരുന്ന കേരള കോൺഗ്രസ് എം തകർന്നടിയുകയും ഒറ്റ സീറ്റ് പോലും നേടാൻ കഴിയാതിരിക്കുകയാണ് ചെയ്‌ത സമയത്താണ് സിപിഐ രണ്ടക്കമില്ലെങ്കിലും വലിയ പരിക്കില്ലാതെ സീറ്റ് നിലനിർത്തിയത്.
ഇത്തവണ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്‌ത മന്ത്രിമാർ ഉൾപ്പെടെ പരാജയത്തിന്റെ കയ്പ്പ് അറിഞ്ഞപ്പോൾ വീഴാതെ പിടിച്ചുനിന്നത് സിപിഐ കൈകാര്യം ചെയ്‌ത വകുപ്പുകളിലെ മന്ത്രിമാർ മാത്രമാണ്. 13 മന്ത്രിമാരാണ് തോൽവി അറിഞ്ഞത്, എന്നാൽ പി പ്രസാദ്, ജി ആർ അനിൽ, കെ രാജൻ എന്നിവരെ വോട്ടർമാർ ചേർത്തുനിർത്തി. ഇതും സിപിഐ തിരുത്തൽ ശക്തിയാവുമെന്ന പ്രതീക്ഷ വോട്ടർമാർ വച്ചുപുലർത്തിയത് കൊണ്ടാണെന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications