സംസ്ഥാനത്ത് വീണ്ടും പനി മരണം; ഇന്ന് എട്ട് പേര്‍ മരിച്ചു; ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് പനി മരണം ഉയരുന്നു. ശനിയാഴ്ച മാത്രം എട്ട് പേര്‍ പനി ബാധിച്ച് മരിച്ചു. രണ്ട് പേരുടെ മരണം ഡെങ്കിപ്പനിയെ തുടര്‍ന്നാണെന്നും ഒരാളുടെ മരണം എലിപ്പനിയെ തുടര്‍ന്നാണെന്നും സംശയമുണ്ട്. ഒരാള്‍ക്ക് എച്ച് 1 എന്‍ 1 ആണെന്നും സംശയിക്കുന്നു. പനി മരണവും കേസുകളും ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.
12,728 പേരാണ് സംസ്ഥാനത്ത് പനി ബാധിതരായി തുടരുന്നത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പനി ബാധിതരുള്ളത്. എലിപ്പനിയും ഡെങ്കിപ്പനിയുമാണ് ഏറ്റവും വലിയ അപകടകാരികള്‍. ശനിയാഴ്ച മാത്രം 55 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് പക്ഷാഘാതമുണ്ടാക്കുന്ന ഫൈവ് ത്രീ ഡെങ്കിപ്പനി ഉള്‍പ്പടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരു തവണ ഡെങ്കിപ്പനി വന്നവര്‍ക്ക് വീണ്ടും വന്നാല്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും.

അതേസമയം, സംസ്ഥാനത്ത് പനി കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് മുന്നൊരുക്കങ്ങള്‍ ശക്തമാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍മാരുടെ യോഗം ചേര്‍ന്നിരുന്നു. 2023ല്‍ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത മുന്നില്‍ക്കണ്ട് വലിയ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. അതില്‍ ജില്ലാ കളക്ടര്‍മാരുടെ പങ്കാളിത്തം കൂടുതല്‍ ശക്തമാക്കാന്‍ കൂടിയാണ് യോഗം വിളിച്ചത്.
എല്ലാ വാര്‍ഡുകളിലേയും ജാഗ്രതാ സമിതികള്‍ കൃത്യമായി പ്രവര്‍ത്തിക്കണം. കളക്ടര്‍മാര്‍ അടിയന്തരമായി യോഗം ചേര്‍ന്ന് യോഗത്തിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കണം. സ്വകാര്യ ആശുപത്രികളുടെ യോഗം കളക്ടര്‍മാര്‍ വിളിച്ചു ചേര്‍ക്കണം. ദുരിതാശ്വാസ ക്യാമ്പുകളില്‍ പനിബാധിതര്‍ക്ക് പ്രത്യേക സ്ഥലം കണ്ടെത്തണമെന്ന നിര്‍ദ്ദേശവും യോഗത്തില്‍ മുന്നോട്ടുവച്ചു.
വരുന്ന ആഴ്ചകളില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. കൊതുക് നശീകരണത്തിനുള്ള ഫോഗിംഗ് ശാസ്ത്രീയമായി നടത്തണം. തദ്ദേശ സ്ഥാപനതലത്തില്‍ രണ്ടാഴ്ചയിലൊരിക്കല്‍ യോഗം ചേരാന്‍ തദ്ദേശ വകുപ്പ് മന്ത്രിയുമായുള്ള യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.
തൊഴിലുറപ്പ് തൊഴിലാളികള്‍, ക്ഷീര കര്‍ഷകര്‍ എന്നിവര്‍ ശ്രദ്ധിക്കണം. മണ്ണിലോ മലിന ജലത്തിലോ ഇറങ്ങിയാല്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. കൈയ്യുറയും കാലുറയും ഇല്ലാതെ മണ്ണിലോ വെള്ളത്തിലോ ജോലിക്കിറങ്ങരുത്. തദ്ദേശ സ്ഥാപനങ്ങള്‍ അതുറപ്പാക്കണം. സ്വകാര്യ ആശുപത്രികള്‍ അമിത ഫീസ് ഈടാക്കരുത്. ജില്ലാ കളക്ടര്‍മാര്‍ അവരുടെ യോഗം വിളിക്കുമ്പോള്‍ ചികിത്സാ പ്രോട്ടോകോള്‍ ഉറപ്പാക്കാനും നിര്‍ദേശം നല്‍കേണ്ടതാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.


Click it and Unblock the Notifications