ഇടുക്കിയില്‍ ഭൂമി വിണ്ടുകീറി; ആദ്യനില മണ്ണിനടിയില്‍!! കാണാതായവര്‍ക്ക് തിരച്ചില്‍ തുടരുന്നു
നെടുങ്കണ്ടം: പുതിയ വീട് നിര്‍മിച്ചിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. താമസിച്ചു കൊതി തീര്‍ന്നിട്ടില്ല. കനത്ത മഴയില്‍ ഭൂമി വിണ്ടുകീറി ഒരു നില മണ്ണിനടിയിലായി. മാവടി പള്ളിപ്പടി തേനമാക്കല്‍ അപ്പച്ചന്റെ വീടാണ് ഭൂമിക്കടിയിലായത്. എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. കനത്ത മഴയില്‍ മണ്ണ് ഇടിഞ്ഞു താഴ്ന്നതാകാം വീട് താഴ്ന്ന് പോകാന്‍ കാരണമെന്ന് കരുതുന്നു. ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പ്രത്യേക പരിശോധന നടത്തുമെന്നാണ് വിവരം.
മഴ ശക്തമായ വേളയില്‍ വീടിന് വിള്ളല്‍ സംഭവിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ വീടൊഴിഞ്ഞ് മറ്റൊരിടത്തേക്ക് മാറുകയും ചെയ്തു. വീട്ടുപകരണങ്ങളും മാറ്റി. മുകള്‍നില മാത്രമാണ് ഇപ്പോള്‍ കാണുന്നത്. ബാക്കി മണ്ണിനടിയിലാണ്. ഒരുമാസം മുമ്പാണ് വീട്ടില്‍ താമസം തുടങ്ങിയത്. പ്രദേശത്ത് ഏറെ ദൂരം ഭൂമി വിണ്ടുകീറിയ നിലയിലാണ്. പല പ്രദേശങ്ങളിലും ഭിത്തികള്‍ തകര്‍ന്നു വീഴുന്നുണ്ട്.

അതേസമയം, അടിമാലിയില്‍ ഉരുള്‍പൊട്ടലില്‍ വീടുതകര്‍ന്ന് കാണാതായ മൂന്ന് പേരെ ഇനിയും കണ്ടെത്താന്‍ സാധിച്ചില്ല. തിരച്ചില്‍ തുടരുന്നുണ്ട്. വെള്ളത്തൂവല്‍ എസ് വളവ് പുളിക്കകുടി മുഹമ്മദ്, ഭാര്യ അസ്മ, മകന്‍ മുഫ്‌സല്‍ എന്നിവരെയാണ് കാണാതായത്. ഇവരുടെ വീടിന്റെ പിന്‍ഭാഗത്തുണ്ടായ ഉരുള്‍പ്പൊട്ടലില്‍ വീട് ഒലിച്ചുപോയിരുന്നു. ഇവിടെ മണ്ണിടിച്ചിലില്‍പ്പെട്ട പനംകുട്ടി സ്വദേശികളായ തങ്കച്ചന്‍, ഭാര്യ ഡെയ്‌സി എന്നിവരുടെ മൃതദേഹം 16ന് തന്നെ തന്നെ കണ്ടെത്തിയിരുന്നു.
കനത്ത മഴ ജില്ലയില്‍ കുറഞ്ഞിട്ടുണ്ട്. തൊടുപുഴ നഗരത്തിലേക്ക് കൂടുതല്‍ സ്വകാര്യ ബസുകളും മറ്റു വാഹനങ്ങളും എത്തിത്തുടങ്ങി. നിത്യോപയോഗ സാധനങ്ങളുടെ ക്ഷാമം നേരിയ തോതിലുണ്ട്. ചില കടകളില്‍ സാധനങ്ങള്‍ തീര്‍ന്നിട്ടുണ്ടെന്നാണ് വിവരം. തിങ്കളാഴ്ച മുതല്‍ ചരക്കുകള്‍ എത്തുമെന്നാണ് അറിയുന്നത്.
Recommended Video



Click it and Unblock the Notifications