കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരുട്ടിൽ അവശിഷ്ടങ്ങൾക്കിടയിൽ നിന്നുയർന്ന നിലവിളി! കവളപ്പാറയിൽ നിന്ന് രക്ഷപ്പെട്ടത് ഒരേ ഒരാൾ

Google Oneindia Malayalam News

തിരുവനന്തപുരം: മലപ്പുറം കവളപ്പാറ കേരളത്തിന്റെ കണ്ണീരായി മാറിയിരിക്കുന്നു. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും ഒരു കൂട്ടം മനുഷ്യര്‍ ഒന്നാകെ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷരായി. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആള്‍പ്പൊക്കത്തില്‍ മൂടിയ മണ്ണിനടിയില്‍ നിന്ന് അവരെ മുഴുവനായി പുറത്തെടുക്കാന്‍ പോലും സാധിച്ചിട്ടില്ല.

കവളപ്പാറയിലെ വന്‍ ദുരന്തത്തെ അതിജീവിച്ചത് ഒരു പെണ്‍കുട്ടി മാത്രമാണ്. പതിനാറുകാരി ഫഹ്മിതയാണ് മരണമുഖത്ത് നിന്നും ജീവിതത്തിലേക്ക് അത്ഭുതകരമായി തിരികെ വന്നിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെയാണ്:

ഒന്നാകെ ഇല്ലാതായി ഒരു ഗ്രാമം

ഒന്നാകെ ഇല്ലാതായി ഒരു ഗ്രാമം

കനത്ത മഴ കേരളത്തെ മൂടിത്തുടങ്ങിയപ്പോള്‍ ആദ്യം ദുരന്തഭൂമിയായി മാറിയത് വയനാട് മേപ്പാടിയിലെ പുത്തുമലയാണ്. ഉരുള്‍ പൊട്ടലില്‍ നിരവധി ആളുകള്‍ മണ്ണിനടിയിലായി എന്ന വാര്‍ത്ത പരന്നതോടെ കേരളം ഒന്നാകെ പുത്തുമലയെക്കുറിച്ചോര്‍ത്തുരുകി. പിന്നാലെയാണ് നടുക്കം കൂട്ടി മലപ്പുറം കവളപ്പാറയില്‍ നിന്ന് വന്‍ ദുരന്തവാര്‍ത്ത പുറത്ത് എത്തിയത്. വ്യാഴാഴ്ച രാത്രി ഉണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ ഒരു മലയോര ഗ്രാമം ഒന്നാകെ തുടച്ച് നീക്കപ്പെട്ടു.

രക്ഷാപ്രവർത്തനം വൈകി

രക്ഷാപ്രവർത്തനം വൈകി

ഒരു ജന്മം കൊണ്ടുണ്ടാക്കിയ സമ്പാദ്യങ്ങള്‍ക്കൊപ്പം ഒരു കൂട്ടം മനുഷ്യര്‍ ഈ മണ്ണില്‍ നിന്ന് എന്നന്നേക്കുമായി മാഞ്ഞ് പോയി. പ്രതികൂല കാലവസ്ഥ മൂലം മണിക്കൂറുകളോളം സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പോലും നടന്നിരുന്നില്ല. പിന്നാലെ സൈന്യം തിരച്ചില്‍ ഏറ്റെടുത്തു. കവളപ്പാറയില്‍ നിന്ന് ഇതുവരെ 15 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇനി നാല്‍പ്പതിന് മുകളില്‍ ആളുകളെയാണ് കണ്ടെത്താനുളളത്.

ഒരു പെൺകുട്ടി മാത്രം

ഒരു പെൺകുട്ടി മാത്രം

രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടക്കുമ്പോള്‍ ഒരു ദുരിതാശ്വാസ ക്യാമ്പില്‍ ഒറ്റയ്ക്കായിപ്പോയൊരു പെണ്‍കുട്ടിയുണ്ട്. കവളപ്പാറയിലെ വന്‍ ദുരന്തത്തില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ട ഏക മനുഷ്യജീവി. ഉറ്റവരെയെല്ലാം മണ്ണെടുത്തപ്പോള്‍ ബാക്കിയായത് 16കാരിയായ ഫഹ്മിത എന്ന പെണ്‍കുട്ടി മാത്രം. ദുരന്തം നടന്ന അന്ന് രാത്രി വീട് തകര്‍ത്ത് കൊണ്ട് മണ്ണും പാറയും വന്ന് വീണപ്പോള്‍ വീടിന് പുറത്തേക്ക് തെറിച്ച് പോവുകയായിരുന്നു ഫഹ്മിത. വീട് തകര്‍ന്ന് വീണ സ്ലാബുകള്‍ക്കിടയില്‍ അവള്‍ കുടുങ്ങിക്കിടന്നു.

ചളിയിൽ പുതഞ്ഞ് ഫഹ്മിത

ചളിയിൽ പുതഞ്ഞ് ഫഹ്മിത

മുകളില്‍ സ്ലാബ് ആയിരുന്നത് കൊണ്ട് മാത്രം ദേഹത്ത് കല്ല് വീഴാതെയും ചെളിവെളളത്തില്‍ ഒലിച്ച് പോകാതെയും ഫഹ്മിത രക്ഷപ്പെട്ടു. മണ്ണില്‍ പാതിശരീരം പൂണ്ട് പോയിരുന്നു. രാത്രിയോടെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ നാട്ടുകാര്‍ കേട്ടത് മണ്ണിനും പാറക്കല്ലുകള്‍ക്കും ഇടയില്‍ നിന്ന് സഹായത്തിന് വേണ്ടിയുളള ദയനീയമായ നിലവിളി ആയിരുന്നു. കരച്ചില്‍ കേട്ട ഇടത്തേക്ക് ശ്രമപ്പെട്ട് എത്തിയ നാട്ടുകാര്‍ കല്ലും സ്ലാബും മാറ്റി നോക്കിയപ്പോള്‍ കണ്ടത് പാതിമണ്ണില്‍ പുതഞ്ഞ് കിടക്കുന്ന ഫഹ്മിതയെ ആയിരുന്നു. ചളിയില്‍ നിന്ന് അവളെ രക്ഷപ്പെടുത്തി പുറത്ത് എത്തിച്ചു.

Recommended Video

cmsvideo
എല്ലാം നഷ്ടമായിട്ടും മറ്റുള്ളവര്‍ക്ക് ആശ്വാസമാകുന്ന പെണ്‍കുട്ടി | Oneindia Malayalam
എല്ലാവരേയും മരണം കൊണ്ടുപോയി

എല്ലാവരേയും മരണം കൊണ്ടുപോയി

കവളപ്പാറ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട ഒരേയൊരാളാണ് ഫഹ്മിത. ഉമ്മയും ഉപ്പയും അനുജത്തിയും അടക്കമുളളവരയെല്ലാം മരണം കൊണ്ട് പോയി. വീട്ടില്‍ അഭയം തേടിയ അയല്‍വാസികള്‍ അടക്കമുളളവരാരും രക്ഷപ്പെട്ടില്ല. ഉപ്പയും ഉമ്മയും അടക്കമുളളവര്‍ ക്യാംപിലാണ് എന്നാണ് ഫഹ്മിതയെ ആദ്യം പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. പിന്നീട് ബന്ധുക്കള്‍ക്ക് ആ വേദനിപ്പിക്കുന്ന സത്യം അവളോട് പറയേണ്ടതായി വന്നു. ഇപ്പോള്‍ പാണ്ടിക്കാട്ടെ ബന്ധുവീട്ടിലാണ് ഫഹ്മിത ഉളളത്.

English summary
Kerala Floods: Only one girls escaped from Kavalappara, Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X