ഗവര്‍ണറെ പുറത്താക്കാന്‍ അധികാരം വേണമെന്ന് കേരളം; കേന്ദ്ര കമ്മീഷനെ അറിയിച്ചു
തിരുവനന്തപുരം: ഗവര്‍ണറുമായുള്ള ഏറ്റുമുട്ടലിനിടെ കടുത്ത നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാര്‍. ഭരണഘടനാ ലംഘനം, ചാന്‍സലര്‍ പദവിയില്‍ വീഴ്ച, ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികളിലെ വീഴ്ചകള്‍ എന്നിവ ഉണ്ടായാല്‍ ഗവര്‍ണറെ നീക്കാന്‍ നിയമസഭയ്ക്ക് അധികാരം നല്‍കണമെന്ന ആവശ്യമാണ് കേരളത്തിന്. കേന്ദ്ര കമ്മീഷന് മുമ്പാകെ നല്‍കുന്ന കേരളത്തിന്റെ ശുപാര്‍ശയ്ക്ക് കഴിഞ്ഞാഴ്ച മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.
കേന്ദ്ര- സംസ്ഥാന ബന്ധങ്ങളില്‍ വരേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച റിട്ട. ജസ്റ്റിസ് മദന്‍ മോഹന്‍ പൂഞ്ചി കമ്മിഷന്‍ മുമ്പാകെയാണ് കേരളം ഈ ശുപാര്‍ശ നല്‍കിയത്. പൂഞ്ചി കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ കേന്ദ്രം സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയിരുന്നു. ഇതുപ്രകാരമാണ് നിയമസെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കെ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് കേന്ദ്ര- സംസ്ഥാന ബന്ധങ്ങളില്‍ വരേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കാനായി റിട്ട. ജസ്റ്റിസ് മദന്‍ മോഹന്‍ പൂഞ്ചിയുടെ നേതൃത്വത്തില്‍ കമ്മിഷന്‍ രൂപീകരിച്ചത്.

നിയമ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ഉടന്‍ നരേന്ദ്ര മോദി സര്‍ക്കാരിന് സമര്‍പ്പിക്കും. ഭരണഘടനാ ലംഘനം കണ്ടെത്തിയാല്‍ ഗവര്‍ണറെ ഇംപീച്ച് ചെയ്യാന്‍ കഴിയണമെന്ന കമ്മിഷന്‍ നിലപാടിനെ കേരളം പിന്തുണച്ചു. ഭരണഘടനാ ലംഘനം കണ്ടെത്തുമ്പോഴോ ചാന്‍സലര്‍ പദവിയില്‍ വീഴ്ച വരുത്തുമ്പോഴോ ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികളില്‍ വീഴ്ച വന്നാലോ സംസ്ഥാന സഭയ്ക്ക് ഗവര്‍ണറെ പുറത്താക്കാന്‍ അധികാരം വേണം.
മറ്റു ഭരണഘടനാ ചുമതലകളുള്ളതിനാല്‍ ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തിരുത്തേണ്ട കാര്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഗവര്‍ണറെ പദവിയില്‍നിന്നു തിരിച്ചുവിളിക്കാനുള്ള അവസരം ഉണ്ടാകണം. ഗവര്‍ണറുടെ നിയമനം സംസ്ഥാന സര്‍ക്കാരുമായി ആലോചിക്കണം. ക്രമസമാധാന പ്രശ്നമുണ്ടാകുമ്പോള്‍ കേന്ദ്ര സേനയെ വിന്യസിക്കാന്‍ സംസ്ഥാനത്തിന്റെ അനുമതിയും കൂടിയാലോചനയും വേണമെന്നുള്‍പ്പെടെയുള്ള നിര്‍ദേശവും കേരളം മുന്നോട്ടുവച്ചു.
പ്രോസിക്യൂഷന്‍ അനുമതിക്ക് ഗവര്‍ണര്‍ സുപ്രിംകോടതി നിര്‍ദേശങ്ങളാണ് പാലിക്കേണ്ടതെന്നും മന്ത്രിസഭയുടേതല്ലെന്നുമുള്ള കമ്മിഷന്‍ നിര്‍ദേശം കേരളം തള്ളി. മന്ത്രിസഭയാണ് പരമാധികാരിയെന്ന് റിപ്പോര്‍ട്ടില്‍ കേരളം ചൂണ്ടിക്കാട്ടി. രാജ്യസഭാ സീറ്റുകള്‍ ജനസംഖ്യയുടെ അടിസ്ഥാനത്തിലല്ലാതെ തുല്യമായി നിശ്ചയിക്കണമെന്ന വാദത്തോടും കേരളം വിയോജിച്ചു. മറ്റു രാജ്യങ്ങളിലെ സാഹചര്യം വിലയിരുത്തിയശേഷം തീരുമാനമെടുക്കാമെന്ന് സംസ്ഥാനം അറിയിച്ചു. അംഗീകാരത്തിനായി അയയ്ക്കുന്ന ബില്ലുകള്‍ക്ക് അനുമതി കിട്ടാന്‍ കാലതാമസം ഉണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണറുടെ വിവേചനാധികാരം നിജപ്പെടുത്തണമെന്ന സുപ്രധാന നിര്‍ദേശവും സര്‍ക്കാര്‍ മുന്നോട്ടുവച്ചു.












Click it and Unblock the Notifications