യുക്രെയിനില്‍ നിന്നെത്തിയ 30 മലയാളികളെ കൂട്ടാന്‍ 2 കാറുകളുമായി കേരളം, ആഡംബര ബസ് ഒരുക്കി യുപി
ദില്ലി: യുക്രെയിനില്‍ നിന്നും വിമാനത്തില്‍ ദില്ലിയില്‍ എത്തിയവര്‍ക്ക് സ്വീകരണമൊരുക്കാന്‍ മറ്റ് സംസ്ഥാനങ്ങള്‍ മത്സരിച്ചപ്പോള്‍ 30 മലയാളികള്‍ക്ക് വേണ്ടി രണ്ട് കാറുകളാണ് കേരള ഹൗസില്‍ നിന്ന് വിമാനത്താവളത്തിലേക്ക് അയച്ചത്. മലയാളികളെ സ്വീകരിക്കാന്‍ കേരള ഹൗസ് പൂര്‍മ സജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും ദില്ലി വിമാനത്താവളത്തില്‍ കണ്ട കാഴ്ച മറ്റൊന്നായിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് യുക്രൈനില്‍ നിന്നും ആദ്യ വിമാനം ദില്ലിയില്‍ ഇറങ്ങിയത്. സ്വന്തം നാട്ടുകാരെ വരവേല്‍ക്കാന്‍ രാത്രി രണ്ട് മണി മുതല്‍ മിക്ക സംസ്ഥാനങ്ങളിലെയും പ്രതിനിധികള്‍ വിമാനത്താവളത്തില്‍ പ്‌ളക്കാര്‍ഡുകളുമായി എത്തിയിരുന്നു. ഹരിയാനയും കര്‍ണാടകയും തെലങ്കാനയും വിമാനത്താവളത്തില്‍ ഹെല്‍പ്പ് ഡെസ്‌കും ആരംഭിച്ചിരുന്നു.

എന്നാല്‍ കേരള ഹൗസ് പ്രതിനിധികള്‍ വിമാനത്താവളത്തില്‍ എത്തിയത് മൂന്ന് മണിയും കഴിഞ്ഞാണ്. മുപ്പതോളം മലയാളികളെ പ്രതീക്ഷിച്ച അവര്‍ എത്തിയത് രണ്ട് കാറുകളുമായാണ്. പതിനഞ്ചില്‍ താഴെ വിദ്യാര്‍ത്ഥികള്‍ക്കായി ലക്ഷ്വറി വോള്‍വോ ബസുകളാണ് യു പി, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയത്. അപ്പോഴാണ് കേരളം രണ്ട് കാറുകളുമായി എത്തിയത്. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ 30 മലയാളികളില്‍ 16 പേരെ വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് നാട്ടിലേക്ക് അയക്കാന്‍ തീരുമാനമായതോടെ 14 വിദ്യാര്‍ത്ഥികളെ രണ്ട് കാറുകളില്‍ എത്തിക്കാന്‍ കേരള ഹൗസ് അധികൃതര്‍ക്ക് കഴിഞ്ഞു. ലഗേജുകള്‍ക്കൊപ്പം 12 വിദ്യാര്‍ത്ഥികളെ രണ്ട് കാറില്‍ കുത്തിനിറച്ച് ആദ്യ ട്രിപ്പ് പോയി. ബാക്കി രണ്ട് വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും കേരള ഹൗസില്‍ നിന്ന് കാര്‍ തിരിച്ചുവരാന്‍ ഒരു മണിക്കൂറോളം വിമാനത്താവളത്തില്‍ കാത്ത് നിന്നാണ് മടങ്ങിയത്. മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം കഴിക്കാന്‍ കേരള ഹൗസിലേക്ക് എത്തേണ്ടിവന്നു.
അതേസമയം, യുദ്ധം ആരംഭിച്ച ശേഷം യുക്രൈനില്‍ കുടുങ്ങിയ 82 വിദ്യാര്‍ഥികള്‍ ഞായറാഴ്ച കേരളത്തിലെത്തി. ഡല്‍ഹി വഴി 56 പേരും മുംബയ് വഴി 26 പേരുമാണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ എത്തിയത്. കൊച്ചിയിലെത്തിയ ആദ്യ സംഘത്തില്‍ പതിനൊന്നു പേരാണ് ഉള്‍പ്പെട്ടിരുന്നത്. തിരുവനന്തപുരത്ത് വൈകുന്നേരം ആറരയോടെ 19 പേര്‍ വിമാനമിറങ്ങി. രാത്രി എട്ടരയോടെ ആറു പേര്‍ എത്തിച്ചേരും.
നെടുമ്പാശ്ശേരിയില്‍ മന്ത്രി പി രാജീവും തിരുവനന്തപുരത്ത് മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്റണി രാജു, ജി ആര്‍ അനില്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍, നോര്‍ക്ക ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവരും വിദ്യാര്‍ഥികളെ സ്വീകരിച്ചു. തിരികെയെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗകര്യം ഉള്‍പ്പടെ ഒരുക്കിയിട്ടുണ്ടെന്നും യുക്രൈനില്‍ നിന്ന് എല്ലാ വിദ്യാര്‍ഥികളെയും നാട്ടികളെത്തിക്കാന്‍ വേണ്ട ആശയവിനിമയം കേന്ദ്രസര്‍ക്കാരുമായി സംസ്ഥാനം നടത്തി വരികയാണെന്നും മന്ത്രി ശിവന്‍ കുട്ടി അറിയിച്ചു.
25 മലയാളി വിദ്യാര്‍ഥികളാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഉച്ചയോടെ ഡല്‍ഹിയിലെത്തിയ വിദ്യാര്‍ഥികളാണ് ചെന്നൈ വഴിയും ഹൈദരാബാദ് വഴിയും തലസ്ഥാനത്തെത്തിയത്.ഡൽഹിയിൽ നിന്നും ചെന്നൈ വഴി എത്തിയ ഇൻഡിഗോ വിമാനത്തിൽ 19 വിദ്യാർഥികളും ഹൈദരാബാദ് വഴിയെത്തിയ രണ്ടാമത്തെ വിമാനത്തിൽ ആറുപേരുമാണ് ഉൾപ്പെട്ടിരുന്നത്. ആദ്യ വിമാനത്തിൽ മുംബൈയിൽ നിന്നുള്ള 11 പേരും ഉൾപ്പെട്ടിരുന്നു. തലസ്ഥാനത്ത് വിമാനമിറങ്ങിയവരിൽ രണ്ടു പേർ ഒഴികെയുള്ളവർ തിരുവനന്തപുരം ജില്ലക്കാരാണ്.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സുരക്ഷിതമായി തങ്ങളെ നാട്ടിലെത്തിച്ചുവെന്നും കുറേ വിദ്യാർഥികൾ ഇനിയും പടിഞ്ഞാറൻ മേഖലയിൽ കുടുങ്ങിക്കിടക്കുകയാണന്നും വിദ്യാർഥികൾ പറഞ്ഞു. പന്ത്രണ്ട് മണിക്കൂറിലേറെ തങ്ങിയാണ് യുക്രൈനിൽ നിന്നും തങ്ങൾ വിമാനം കയറിയത്. ആദ്യ സംഘത്തിലുള്ള ആളുകളായതിനാൽ സുരക്ഷിതമായി എത്തി. തിരിച്ചെത്തിയതിൽ ആശ്വാസമുണ്ടെന്നും എന്നാൽ എല്ലാവരും നാട്ടിലെത്തിയെന്നറിഞ്ഞാൽ മാത്രമേ സന്തോഷിക്കാനാകൂവെന്നും വിദ്യാർഥികൾ പറഞ്ഞു.












Click it and Unblock the Notifications