കേരളം ഭീകരവാദികളുടെ താവളമാകുന്നു: രൂക്ഷവിമർശനവുമായി ബിജെപി ഉപാധ്യക്ഷന് വിനയ് സഹസ്രബുദ്ധെ
തിരുവനന്തപുരം: കേരളം ഭീകരവാദികളുടെ താവളമാവുകയാണെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ വിനയ് സഹസ്രബുദ്ധെ. ബിജെപി സംസ്ഥാന സമിതി ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സഹസ്രബുദ്ധെ. വർഗീയത, ക്രിമിനലിസം,അഴിമതി എന്നിവ കേരളത്തിൽ കൊടികുത്തിവാഴുകയാണ്. രാമനാട്ടുകര സ്വർണ്ണക്കടത്ത് തെളിയിക്കുന്നത് സിപിഎം- എസ്ഡിപിഐ- മുസ്ലിംലീഗ് ബന്ധത്തെയാണെന്നും സഹസ്രബുദ്ധെ ആരോപിച്ചു .

സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുകയാണ്. മരം മുറിയിൽ എത്തി നിൽക്കുകയാണ് പിണറായി സർക്കാരിൻ്റെ അഴിമതികളെന്നും സഹസ്രബുദ്ധെ പറഞ്ഞു.കേരളത്തിലെ സ്വർണ്ണകളളക്കടത്തിൻ്റെ പങ്കു പറ്റുന്നവരാണ് സിപിഎമെന്ന് തെളിഞ്ഞതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു.
സർക്കാരിൻ്റെ ഒത്താശയോടെയാണ് കള്ളക്കടത്ത് സംഘം വിലസുന്നത്. സുരക്ഷാ സംവിധാനങ്ങളുള്ള എയർപോർട്ടിനടുത്ത് രണ്ട് അധോലോക സംഘങ്ങൾ ഏറ്റുമുട്ടിയിട്ടും ആഭ്യന്തര വകുപ്പ് അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാവില്ല. ലോക്ക്ഡൗൺ കാലത്ത് കണ്ണൂരിൽ നിന്നും ചെർപ്പുളശ്ശേരിയിൽ നിന്നും കൊടുവള്ളിയിൽ നിന്നുമെല്ലാം എങ്ങനെയാണ് ഗുണ്ടാസംഘം കോഴിക്കോട് നഗരത്തിലും വിമാനത്താവളത്തിലുമെത്തുന്നത്? കണ്ണൂരിൽ നിന്നെത്തിയ സംഘത്തിന് സിപിഎം ബന്ധമുണ്ട്. കണ്ണൂരിൽ സിപിഎമ്മിന് വേണ്ടി ക്രിമിനൽ പ്രവർത്തനം നടത്തുന്നവരാണ് കോഴിക്കോട്ടെത്തിയത്.
ചെർപ്പുളശ്ശേരിയിൽ നിന്നെത്തിയ സംഘത്തിന് ഡിവൈഎഫ്ഐയുമായും എസ്ഡിപിഐയുമായും ബന്ധമുണ്ട്. ചെർപ്പുളശ്ശേരി ന ഗരസഭാ ചെയർമാൻ സംഭവസ്ഥലത്തെത്തിയത് രാഷ്ട്രീയ ബന്ധത്തിന്റെ തെളിവാണ്. അപകടം നടന്നില്ലായിരുന്നെങ്കിൽ പൊലീസിന്റെ നിഷ്ക്രിയത്വവും കള്ളക്കടത്തുകാരുമായുള്ള സഹകരണവും ആരും അറിയില്ലായിരുന്നു. രാഷ്ട്രീയ പ്രവർത്തകരുടെ പേരിൽ കള്ളക്കേസെടുക്കുന്ന സർക്കാർ കള്ളക്കടത്തുകാർക്ക് ഒത്താശ ചെയ്യുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാനത്ത് ഐഎസ്ഐഎസ് സാന്നിധ്യമുണ്ടെന്ന ഡിജിപി ലോക്നാഥ് ബഹ്റയുടെ തുറന്ന് പറച്ചിലിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. കേരളത്തിൽ ഐഎസ്ഐഎസ് റിക്രൂട്ട്മെൻ്റ് ശക്തമാണെന്നും സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ബിജെപി പണ്ടേ പറഞ്ഞതാണ്. അന്ന് സർക്കാർ അത് ഗൗരവമായി കണ്ടില്ല. സംസ്ഥാനത്ത് ലൗജിഹാദ് ഇല്ലെന്ന് കോടതിയിൽ സത്യവാങ്മൂലം നൽകിയ സർക്കാരാണ് കേരളം ഭരിക്കുന്നത്. പടിയിറങ്ങുന്നതിന്റെ തൊട്ടുമുമ്പെങ്കിലും ഡിജിപി സത്യം പറഞ്ഞത് സ്വാഗതാർഹമാണെന്നും സുരേന്ദ്രൻ പറഞ്ഞു.












Click it and Unblock the Notifications