സർക്കാർ അയഞ്ഞു, ഗവർണ്ണർ വഴങ്ങി: നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിട്ട് ആരിഫ് മുഹമ്മദ് ഖാന്‍
തിരുവനന്തപുരം: ആശങ്കകള്‍ക്ക് വിരാമമിട്ട് നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിട്ട് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍. പേഴ്സണല്‍ സ്റ്റാഫ് നിയമനത്തില്‍ ഗവർണ്ണറുടെ നിലപാടിനെ വിമർശിച്ച ഉദ്യോഗസ്ഥനെ മാറ്റിയതിന് പിന്നാലെയാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ ഗവർണ്ണർ തയ്യാറായത്. നിയമസഭ സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ സർക്കാറിന് മുന്നില്‍ പ്രതിസന്ധി സൃഷ്ടിച്ച് ഗവർണ്ണറുടെ നിലപാട്. നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിസമ്മതിച്ചതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. ഇതേ തുടർന്ന് സർക്കാർ തലത്തലും എല്‍ ഡി എഫ് തലത്തിലും അടിയന്തര കൂടിക്കാഴ്ചകള്‍ നടന്നിരുന്നു. അനുനയശ്രമത്തിന്റെ ഭാഗമായി പൊതുഭരണ വകുപ്പ് സെക്രട്ടറിയെ സർക്കാർ മാറ്റുകയായിരുന്നു. പൊതുഭരണ സെക്രട്ടറി കെആർ ജ്യോതിലാലിനെ മാറ്റി പകരം ശരദാ മുരളീധരനാണ് ചുമതല നല്‍കിയത്. അനുനയ നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ രാജ്ഭവനില്‍ എത്തി ഗവർണ്ണറെ നേരിട്ട് കണ്ടിരുന്നു. കൂടിക്കാഴ്ചക്കിടെ മുഖ്യമന്ത്രിയും ഗവർണറും പരസ്പരം ക്ഷോഭിച്ച് സംസാരിച്ചുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
നിയമസഭാ സ്പീക്കറും മുഖ്യമന്ത്രിയും നേരിട്ട് ഇടപെട്ടെങ്കിലും ഇതുവരേയും പ്രസംഗത്തിൽ ഒപ്പിടാൻ ഗവർണർ നേരത്തെ തയ്യാറായിരുന്നില്ല. സ്പീക്കർ ഇന്നലേയും മുഖ്യമന്ത്രി ഇന്ന് ഉച്ചയോടെയുമായിരുന്നു ഗവർണ്ണറെ കാണാന്‍ രാജ്ഭവനിലെത്തിയത്. അഡീഷണൽ പി.എയുടെ നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തു വിട്ട കത്താണ് ഗവർണറുടെ പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമെന്നാണ് വിവരം. ഗവർണറുടെ അഡീഷണൽ പിഎ ആയി നിയമിതനായ ഹരി എസ് കർത്ത ബിജെപിയുടെ സംസ്ഥാന കമ്മിറ്റി അംഗമാണെന്ന പ്രചരണം ഉണ്ടായിരുന്നു.

എന്നാല്‍ ഹരി എസ് കർത്ത ബി ജെ പി സംസ്ഥാന സമിതി അംഗമല്ലെന്ന് ഇന്റലിജൻസ് എ ഡി ജി പിയയുടെ റിപ്പോർട്ടിന് ശേഷമാണ് സർകാരിലേക്ക് കത്ത് നൽകിയതെന്നാണ് ഗവർണ്ണറുടെ വാദം. അഡീഷണൽ പി.എയുടെ നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തു വിട്ട കത്ത് മര്യാദ കേടാണെന്നും ഗവർണ്ണർ ചൂണ്ടിക്കാട്ടിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. അഡീ.പിഎ നിയമനത്തിൽ ഇല്ലാത്ത ഭരണഘടനാ പ്രശ്നമുണ്ടെന്ന് വരുത്തി തീർക്കാനുള്ള ശ്രമം ഉണ്ടായെന്നും ഗവർണ്ണർ ചൂണ്ടിക്കാണിച്ചു. ഇതോടൊപ്പം തന്നെയാണ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ സർവ്വീസിൽ രണ്ട് വർഷം പൂർത്തിയാക്കിയാൽ പെൻഷൻ അർഹരാവും എന്ന ചട്ടം റദ്ദാക്കണം എന്ന് ആവശ്യവും ഗവർണ്ണർ ഉന്നയിച്ചത്.
ഈ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർ സിഎജിയേയും ബന്ധപ്പെട്ടിരുന്നു. സിഎജിയെ നേരിൽ വിളിച്ചാണ് ഗവർണർ ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ടത്. സർക്കാർ ഉദ്യോഗസ്ഥരെ പോലെ എങ്ങനെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകും എന്ന ചോദ്യമായിരുന്നു ഗവർണ്ണർ ഉന്നയിച്ചത്. അതേസമയം നാളെ രാവിലെ 9 മണിക്കാണ് നയപ്രഖ്യാപന പ്രസംഗം നിയമസഭയില്‍ ആരംഭിക്കുന്നത്. കഴിഞ്ഞ തവണയയും നയപ്രഖ്യാപന വിഷയത്തില്‍ ഗവർണ്ണറും സർക്കാറും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു.












Click it and Unblock the Notifications