53 വര്‍ഷത്തിനിടെ ആദ്യം..! അംഗമെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിയില്ലാതെ കേരള നിയമസഭ
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി ഇല്ലാതെ അരനൂറ്റാണ്ടിനിടെ ആദ്യമായി സമ്മേളിച്ച് കേരള നിയമസഭ. 1970-ല്‍ കോട്ടയം ജില്ലയിലെ പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ നിന്ന് ആദ്യമായി എം എല്‍ എയായി തിരഞ്ഞെടുക്കപ്പെട്ടത് മുതല്‍ മരണം വരെ നിയമസഭയിലെ അംഗങ്ങളുടെ പട്ടികയില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് സ്ഥിരമായിരുന്നു.
അരനൂറ്റാണ്ടിനിടെ ഒരിക്കല്‍ പോലും അദ്ദേഹം തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടില്ല. തുടര്‍ച്ചയായി 12 തവണയാണ് അദ്ദേഹം എം എല്‍ എയായി തിരഞ്ഞെടുക്കപ്പെട്ടത്. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ജനുവരി 23 മുതല്‍ മാര്‍ച്ച് 30 വരെയുള്ള നിലവിലെ നിയമസഭയുടെ എട്ടാം സെഷനില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുത്തിരുന്നില്ല. രണ്ട് തവണയായി കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി കേരളത്തിന്റെ പ്രതിപക്ഷ നേതാവെന്ന സ്ഥാനവും അലങ്കരിച്ചിരുന്നു.

വിവിധ മന്ത്രിസഭകളില്‍ ധനകാര്യം, ആഭ്യന്തരം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ ചുമതലയും അദ്ദേഹം നിര്‍വഹിച്ചിരുന്നു. 1970 ന് ശേഷം നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും (1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016, 2021) പുതുപ്പള്ളിയില്‍ നിന്ന് ജയിച്ച ഉമ്മന്‍ ചാണ്ടി നിയമസഭ സമാജികനായി. 1977 ല്‍ ആണ് ആദ്യമായി മന്ത്രിസ്ഥാനത്ത് എത്തുന്നത്.
തൊഴില്‍ മന്ത്രിയായാണ് തുടക്കം. പിന്നീട് ആഭ്യന്തര വകുപ്പ് മന്ത്രി (1982), ധനകാര്യ വകുപ്പ് മന്ത്രി (1991-1994) എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. സംസ്ഥാനത്തെ ഏറ്റവും ജനകീയനായ രാഷ്ട്രീയക്കാരില്‍ ഒരാളായാണ് ഉമ്മന്‍ ചാണ്ടി അറിയപ്പെടുന്നത്. 1980 കളില്‍ കോണ്‍ഗ്രസിനുള്ളില്‍ രൂപമെടുത്ത ആന്റണി വിഭാഗത്തിലെ പ്രമുഖ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. എ കെ ആന്റണിയുടെ വലംകൈയായിരുന്നു ഉമ്മന്‍ ചാണ്ടി.
അദ്ദേഹത്തിന്റെ തന്ത്രങ്ങളിലൂന്നിയാണ് എ ഗ്രൂപ്പ് കരുണാകരനെതിരായ നീക്കം നടത്തിയിരുന്നത്. 1982-86 ല്‍ യു ഡി എഫ് കണ്‍വീനറായും ഉമ്മന്‍ ചാണ്ടിയെ രാഷ്ട്രീയ കേരളം കണ്ടു. 2004-ല്‍ എ കെ ആന്റണി മുഖ്യമന്ത്രി പദം രാജിവെച്ചപ്പോഴാണ് ആദ്യമായി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. എന്നാല്‍ ആ സര്‍ക്കാരിന്റെ കാലാവധി 2006 ല്‍ അവസാനിച്ചു. 2006 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ യു ഡി എഫ് കനത്ത തോല്‍വി ഏറ്റുവാങ്ങി.
2006-11 കാലത്ത് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായിരുന്നു. 2011-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് വീണ്ടും അധികാരതത്തിലെത്തി. കേവലം രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തില്‍ അഞ്ച് വര്‍ഷം യു ഡി എഫ് സര്‍ക്കാരിന് ഭരിക്കാനായതില്‍ ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ നയതന്ത്രജ്ഞത വഹിച്ച പങ്ക് ഏറെ വലുതായിരുന്നു.












Click it and Unblock the Notifications