സിപിഎം വിട്ട് എംഎം ലോറൻസ് ബിജെപിയിലേക്കെന്ന് പ്രചരണം;വായടപ്പിച്ച് മറുപടിയുമായി ലോറൻസ്,വൈറൽ കുറിപ്പ്
തിരുവനന്തപുരം; തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ താൻ പാർട്ടി വിട്ട് ബിജെപിയിലേക്ക് ചേക്കേറുമെന്ന ബിജെപി പ്രചരണത്തിന് മറുപടിയുമായി മുതിർന്ന നേതാവ് എംഎം ലോറൻസ്. ഉടൻ പ്രസിദ്ധീകരിക്കാൻ പോകുന്ന ഓർമ്മക്കുറിപ്പിലെ ചില ഭാഗങ്ങൾ പങ്കുവെച്ച് കൊണ്ടാണ് ലോറൻസിന്റെ മറുപടി. അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാം

ബിജെപി പ്രചരണങ്ങൾ
ഈയിടെ ഞാന്‍ ബിജെപി അനുകൂലമായും കമ്യൂണിസ്റ്റ് പാര്‍ടിക്ക് എതിരായും പറഞ്ഞുവെന്ന് ചില വ്യാജ പ്രചാരണങ്ങൾ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴി പരത്താന്‍ ചില ബിജെപിക്കാര്‍ ശ്രമിക്കുന്നുണ്ട്. അതിനാല്‍, ഞാന്‍ എഴുതിയ ഉടനെ പ്രസിദ്ധീകരിക്കാന്‍ പോകുന്ന എന്‍റെ ജീവിതത്തിലെ ഓര്‍മ്മക്കുറിപ്പുകളില്‍നിന്നും ഒരു ഭാഗം ഇവിടെ കൊടുക്കുന്നു.

ശാസ്ത്രീയ കണ്ടെത്തലുകള്‍
"...അങ്ങനെ നസ്രത്തില്‍നിന്ന് പറിച്ചുനട്ട ഞങ്ങള്‍ മുളവുകാട്ടുകാരായി. നസ്രത്തില്‍നിന്ന് നേര്‍രേഖയില്‍ ഏതാണ്ട് ആറേഴ് കിലോമീറ്റര്‍ ദൂരമേ മുളവുകാടിനുള്ളു.
പറിച്ചുനടല്‍ എന്ന് പറയുമ്പോഴാണ് രണ്ടോ മൂന്നോ വര്‍ഷം മുമ്പ് വായിച്ച ചില പ്രധാനപ്പെട്ട പുസ്തകങ്ങളെക്കുറിച്ച് ഓര്‍മ്മ വരുന്നത്.
അതിലൊന്ന് പ്രണോയ് ലാല്‍ എന്ന ശാസ്ത്രജ്ഞന്‍ എഴുതിയ ഇന്‍ഡിക്ക (INDICA) എന്ന പുസ്തകമാണ്. ജനിതക ശാസ്ത്രം, പരിണാമ ശാസ്ത്രം, കാലാവസ്ഥ വ്യതിയാനങ്ങള്‍, ഭൂഖണ്ഡങ്ങളുടെ സ്ഥാനമാറ്റം തുടങ്ങീ ഒട്ടനവധി ശാസ്ത്ര ശാഖകളിലെ ശാസ്ത്രീയ കണ്ടെത്തലുകള്‍ കൂട്ടിച്ചേര്‍ത്ത് എഴുതിയ പുസ്തകമാണിത്. അതിലെ ഒന്നുരണ്ടു കാര്യങ്ങള്‍ ഇവിടെ പറയുന്നത് എല്ലാവര്‍ക്കും ആ പുസ്തകം വായിക്കാനുള്ള ആഗ്രഹം ഉണ്ടാക്കും എന്ന് തോന്നുന്നു.

ഇടിച്ചു കയറുന്നതായി പറയുന്നു
ഒന്ന് കേരളത്തിന്‍റെ സംസ്ഥാന മല്‍സ്യമായ കരിമീനിനെക്കുറിച്ചാണ്. എന്നാല്‍ കരിമീന്‍ (PEARL SPOT ) കേരളീയനല്ല എന്ന് പറയുന്നു. രണ്ട് പാലക്കാടന്‍ ചുരം (PALAKAD GAP) ശരിക്കുള്ള ചുരത്തിന്‍റെ പകുതി മാത്രമാണത്രെ. മറ്റേ പകുതി ആഫ്രിക്കയിലെ മഡഗാസ്കറിലാണ്. ഭൂഖണ്ഡങ്ങളുടെ സ്ഥാനമാറ്റം (Shifting Of Tectonic Plates) മൂലം സംഭവിച്ചതാണത്രെ. അതുപോലെ ഹിമാലയത്തിന്‍റെ പൊക്കം വര്‍ഷം തോറും കൂടി വരികയാണ് എന്നതാണ്. ആ പുസ്തകം വായിക്കുന്നതുവരെ എന്‍റെ ധാരണ ഹിമാലയത്തിന്‍റെ പൊക്കം കുറഞ്ഞു വരികയാണ് എന്നായിരുന്നു. ഏഷ്യന്‍ പ്ലേറ്റ് (ഭൂഖണ്ഡം) യൂറേഷ്യന്‍ പ്ലേറ്റിനടിയില്‍ ഇടിച്ചു കയറുന്നതുകൊണ്ടാണത്. വര്‍ഷംതോറും ഏതാണ്ട് 30 സെ. മീറ്റര്‍ അപ്രകാരം ഇടിച്ചു കയറുന്നതായി പറയുന്നു.

ചെറിയ കൂടുമാറ്റമാണ്
മറ്റൊരു പുസ്തകം ടോണി ജോസഫ് എഴുതിയ ആദിമ ഇന്ത്യക്കാര്‍ എവിടെ നിന്ന് വന്നു (Early Indians Where Do They Came From) എന്ന പുസ്തകമാണ്. ആഫ്രിക്കയില്‍ നിന്ന് എന്നാണ് വിവിധ ശാസ്ത്ര ശാഖകളുടെ കണ്ടുപിടുത്തങ്ങള്‍ കൂട്ടിയോജിപ്പിച്ച് ടോണി ജോസഫ് സമര്‍ത്ഥിക്കുന്നത്. സങ്കുചിത ദേശീയവാദം (National Chauvinism) അക്രമാസക്തമായി നില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ തീര്‍ച്ചയായും എല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകങ്ങളാണ് ഇവ.
അതുപോലെ മറ്റൊരു പുസ്തകമാണ് How Fast Are You Moving When Sitting Still?. നമ്മള്‍ വെറുതെ നില്‍ക്കുമ്പോള്‍ പോലും ഏതാണ്ട് മണിക്കൂറില്‍ 1400 കിലോ മീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ആ പുസ്തകം ഓര്‍മ്മിപ്പിക്കുന്നു. അത് ഒരു ദിശയിലെ വേഗം മാത്രം. വേറെയുമുണ്ട് അതിവേഗതയിലുള്ള സഞ്ചാരങ്ങള്‍. നമ്മള്‍ അറിയുന്നില്ല എന്നുമാത്രം. അങ്ങനെ നോക്കുമ്പോള്‍ നസ്രത്തില്‍നിന്ന് മുളവുകാട്ടേക്കുള്ളത് വെറും ഒരു ചെറിയ കൂടുമാറ്റമാണ്.

അതിബൃഹൃത്തായ ശാസ്ത്രീയ പഠനമാണത്
മേല്‍പറഞ്ഞവ പോലെയോ, അതിനേക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നായോ കാണേണ്ട ഒന്നാണ് Human Genome Programme. ലോകത്തിലെ പ്രധാനപ്പെട്ട അഞ്ചു രാജ്യങ്ങള്‍ ചേര്‍ന്ന് മനുഷ്യന്‍റെ (Homosapien) ജനിതിക ഘടനയെക്കുറിച്ചുള്ള അതിബൃഹൃത്തായ ശാസ്ത്രീയ പഠനമാണത്. മനുഷ്യന്‍െറ ജനിതകഘടന ഏകദേശം മുഴുവനായിതന്നെ ആ പഠനത്തിലൂടെ കണ്ടുപിടിച്ചു. മനുഷ്യന്‍റെ ശാരീരികവും ധിഷണാപരവുമായ ശക്തികളെയും വൈകല്യങ്ങളെയും അതില്‍ ജീനുകള്‍ക്കുള്ള പ്രധാന്യത്തെയുംകുറിച്ച് ഇതുവരെ ഉണ്ടാവാത്ത ഉള്‍ക്കാഴ്ച തരുന്ന പഠനമാണത്. മനുഷ്യനും മറ്റ് ജീവജാലങ്ങളും, എന്നുവെച്ചാല്‍ മൃഗങ്ങളും സസ്യജാലങ്ങളുമടക്കം എല്ലാ ജീവജാലങ്ങളും ആയുള്ള പാരസ്പരീക ബന്ധം ശാസ്ത്രീയമായി അതിലൂടെ തെളിഞ്ഞിരിക്കുകയാണ്.
മധുരയിലുള്ള വിരുമാണ്ടി എന്ന ഇന്ത്യക്കാരന്‍റെ ജനിതക ഘടന അപഗ്രഥിച്ചതായി കേട്ടിട്ടുണ്ട്. ഔദ്യോഗികമായി അതിന്‍റെ ഫലങ്ങള്‍ പുറത്തേക്ക് വിട്ടിട്ടില്ലത്രെ. അതിന്‍റെ കാരണം രസാവഹമാണ്. അത് പുറത്തുവന്നാല്‍ പലരെയും പല ജോലികള്‍ക്കും പറ്റില്ല എന്ന് ആ ജോലിക്ക് തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍തന്നെ മനസിലായേക്കും എന്നതുകൊണ്ടാണെന്നാണ് പറയപ്പെടുന്നത്.

ഇനിയുമേറെയുണ്ട്
ഒരു പക്ഷേ മനുഷ്യരുടെ ഇന്നേ വരെ ഉള്ളതിൽ വെച്ച് ഒറ്റവും വലിയ കണ്ടുപിടുത്തമാണ് മനുഷ്യൻ്റെ ജനിതക ഘടനയെക്കുറിച്ച് നടത്തിയിട്ടുള്ളത്.ഈ പഠനത്തിലൂടെ
ഏതാണ്ട് 98.5 ശതമാനം ജീനുകള്‍ മനുഷ്യരിലും ചിമ്പാന്‍സിയിലും ഒന്നുതന്നെയാണെന്ന് അവര്‍ കണ്ടുപിടിച്ചു. ഇതേ സാമ്യം ഏറ്റക്കുറച്ചിലുകളിലൂടെ മറ്റ് ജീവികളുമായി മനുഷ്യനുണ്ട് എന്നും സമര്‍ഥിക്കുന്നു. എന്തിന് വാഴ പഴത്തിലെ ജീനുകള്‍ പോലും മനുഷ്യരിലുണ്ട് എന്നും കണ്ടുപിടിച്ചിരിക്കുന്നു.
ഡാര്‍വിന്‍റെ പരിണാമ സിദ്ധാന്തങ്ങളും അദ്ദേഹം എഴുതിയ പുസ്കങ്ങളും ഇവയെല്ലാംകൂടി വായിക്കുമ്പോള്‍ കിട്ടുന്ന വിജ്ഞാനവും വിസ്മയാവഹമാണ്. ഇവയെല്ലാം ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതും പല പിന്തിരിപ്പന്‍ ആശയഗതികളെയും പിന്തിരിപ്പന്‍ രാഷ്ട്രീയ നിലപാടുകളെയും അടിയോടെ വേരറുക്കുന്ന ശാസ്ത്ര സത്യങ്ങളാണ്. എല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകങ്ങളാണ്. തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളും അറിഞ്ഞിരിക്കേണ്ട യാഥാര്‍ഥ്യങ്ങളും ഇനിയുമേറെയുണ്ട്.

പാത്രം കൊട്ടിയും വിളക്ക് തെളിച്ചും പപ്പടം തിന്നും
ഇതിനൊപ്പംതന്നെ വായിച്ചിരിക്കേണ്ടവയാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ, The Origin Of The Family, Private Property And The State, വൈരുദ്ധ്യാത്മക ഭൗതികവാദം എന്നിവ. അതുപോലെതന്നെ പ്രാധാന്യമേറിയതാണ് ചാള്‍സ് ഡാര്‍വിന്‍റെ Origin Of Spicies തുടങ്ങിയ പുസ്തകങ്ങൾ.
ഇത്തരം പുസ്തകങ്ങളിലും മറ്റും പ്രതിപാദിച്ചിരിക്കുന്ന കൃത്യതയോടെയുള്ള ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ക്ക് മുന്നില്‍ അഡോള്‍ഫ് ഹിറ്റ്ലറുടെ 'മെയിന്‍ കാഫിനോ' ഗോള്‍വാള്‍ക്കറുടെ 'ബഞ്ച് ഓഫ് തോട്ട്സി'നോ (വിചാരധാര) ഒന്നും ഒരു ദുര്‍ബലമായ പ്രതിരോധംപോലും തീര്‍ക്കാന്‍ കഴിയില്ല.! പക്ഷേ, അവയ്ക്ക് കുറേ കാലത്തേക്ക് ജനങ്ങളെ അന്ധവിശ്വാസങ്ങളിലൂന്നി കബളിപ്പിച്ചും വഴിതെറ്റിച്ചും നടത്താന്‍ കഴിഞ്ഞേക്കും. കുറേ സംഘട്ടനങ്ങളും മരണങ്ങളും രക്തസാക്ഷിത്വങ്ങളും നിര്‍മ്മിക്കാന്‍ കഴിഞ്ഞേക്കും. പക്ഷേ, അവ ഒരിക്കലും സ്ഥായിയായിരിക്കില്ല.!
ഇന്ന് നമ്മുടെ ഇന്ത്യയിൽ പാത്രം കൊട്ടിയും വിളക്ക് തെളിച്ചും പപ്പടം തിന്നും മറ്റും Covid നെപ്പോലെയുള്ള മഹാമാരികളെ ചെറുക്കാൻ കഴിയും എന്ന് പറയുന്നത് അക്ഷരാഭ്യാസം ഇല്ലാത്ത നിഷ്കളങ്കരായ നമ്മുടെ സഹോദരന്മാരായ ഗ്രാമീണരല്ല, മറിച്ച് ഭരണകർത്താക്കളാണ്.

കമ്യൂണിസ്റ്റ് പാര്‍ടിയും മാര്‍ക്സിസവും
ഇന്നത്തെ സാമൂഹ്യ അന്തരീക്ഷത്തിലും ഘടനയിലും ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്ന സംഘടനയും തത്വചിന്തയും കമ്യൂണിസ്റ്റ് പാര്‍ടിയും മാര്‍ക്സിസവും ലെനിനിസവും ആണ്. മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് തത്വചിന്തകള്‍ സമൂഹത്തിന്‍റെ വളര്‍ച്ചയെ എങ്ങിനെ നോക്കികണ്ട് വിശകലനം ചെയ്തോ, അതുപോലെ തന്നെയാണ് ഭൂതകാലവും വര്‍ത്തമാനവും. ഭാവിയിലേക്കുള്ള ചൂണ്ടുപലകയുമാണത്.
എന്‍റെ കമ്യൂണിസ്റ്റ് പാര്‍ടിയോടും കമ്യൂണിസത്തോടുമുള്ള സംശയലേശമില്ലാത്ത ഹൃദയത്തില്‍നിന്നുള്ള കൂറ് ഒരിക്കല്‍കൂടി ഇവിടെ അടിവരയിട്ട് ഉറപ്പിച്ച് പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. വ്യാജവാര്‍ത്തകള്‍ വ്യാജ വാര്‍ത്തകളായി തന്നെ തള്ളിക്കളയുക.












Click it and Unblock the Notifications