ലോക്ക്ഡൗൺ നീളുമ്പോൾ നിയന്ത്രണങ്ങളിൽ നാളെ മുതൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ...
ഒന്നര മാസത്തോളം സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതുകൊണ്ട് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഥവ ടിപിആർ 15 ശതമാനത്തിന് താഴെയെത്തിക്കാൻ മാത്രമാണ് സംസ്ഥാനത്തിന് കഴിഞ്ഞത്
തിരുവനന്തപുരം: ഇന്ത്യയിൽ മറ്റ് പല സംസ്ഥാനങ്ങളും കോവിഡ് രണ്ടാം വ്യാപന തരംഗത്തിൽ നിന്ന് മുക്തി നേടുകയും രോഗികളുടെ എണ്ണം പരമാവധി കുറയുകയും ചെയ്തപ്പോൾ കേരളത്തിലെ സ്ഥിതി മറിച്ചാണ്. ഒന്നര മാസത്തോളം സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതുകൊണ്ട് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഥവ ടിപിആർ 15 ശതമാനത്തിന് താഴെയെത്തിക്കാൻ മാത്രമാണ് സംസ്ഥാനത്തിന് കഴിഞ്ഞത്. ഇതിൽ നിന്നും പത്ത് ശതമാനത്തിലെത്തിക്കുക എന്ന കടമ്പ കടക്കാൻ കേരളത്തിന് ഇതുവരെ സാധിച്ചട്ടില്ല.

അൺലോക്ക്
ടിപിആർ അഞ്ച് ശതമാനത്തിന് താഴെയെത്തിയ ശേഷം മാത്രം അൺലോക്കിങ് പ്രക്രിയയിലേക്ക് കടന്നാൽ മതിയെന്നായിരുന്നു ആരോഗ്യ വിദഗ്ധർ സംസ്ഥാന സർക്കാരിന് നൽകിയ നിർദേശം. മറ്റ് സംസ്ഥാനങ്ങളിലും സമാന രീതിയാണ് തുടർന്നത്. ഡൽഹി ടിപിആർ ഒരു ശതമാനമായിരുന്ന സമയത്താണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയത്. എന്നാൽ കേരളത്തിൽ ഒന്നര മാസത്തോളം സമ്പൂർണ അടച്ചിടൽ നടപ്പാക്കിയത് സാമ്പത്തിക മേഖല നിശ്ചലമാകാൻ കാരണമായി. ഈ സാഹചര്യത്തിലാണ് ലോക്ക്ഡൗൺ നയം മാറ്റി സർക്കാർ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയത്.

ടിപിആർ
ഇനിയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിൽ താഴെയെത്താത്ത സാഹചര്യത്തിൽ ഒരാഴ്ചത്തേക്ക് കൂടി ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീട്ടാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇതോടൊപ്പം യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നിയന്ത്രണങ്ങൾ കടുപ്പിക്കുകയും ചെയ്യും. നിലവിൽ ടിപിആറിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ. ഇത് കൂടുതൽ ശക്തമാക്കി അടുത്ത ബുധൻ വരെ തുടരാനാണ് സർക്കാർ തീരുമാനം.

എ കാറ്റഗറി
ആറ് ശതമാനം വരെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള 165 തദ്ദേശ സ്ഥാനപനങ്ങളാണ് എ വിഭാഗത്തിൽ പെടുന്നത്. ഇവിടെ കോവിഡ് പ്രോട്ടോകോളുകൾ പാലിച്ച് കടകൾ തുറക്കാനും പകുതി ജീവനക്കാരുമായി സ്വകാര്യ, സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കാനും അനുമതിയുണ്ട്. ഇതോടൊപ്പം ഓട്ടോ, ടാക്സി സർവീസുകളും നടത്താം. നിലവിലുള്ള ബസ് സർവീസും നിർദേശങ്ങൾ പാലിച്ച് സർവീസ് നടത്തും.

ബി കാറ്റഗറി
ബി വിഭാഗത്തിൽ ആറ് മുതൽ പന്ത്രണ്ട് ശതമാനം വരെ ടിപിആറുള്ള 473 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. ഈ സ്ഥലങ്ങളിൽ ഭാഗിക നിയന്ത്രണങ്ങൾ തുടരും. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ എല്ലാ ദിവസവും തുറക്കാമെങ്കിലും മറ്റ് കടകൾക്ക് ആഴ്ചയിൽ മൂന്ന് ദിവസം മാത്രമേ പ്രവർത്തിക്കാൻ അനുമതിയുള്ളു. ഓട്ടോ സർവീസുമുണ്ടാകും.

സി കാറ്റഗറി
സി കാറ്റഗറിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12 മുതൽ 18 ശതമാനം വരെയുള്ള തദ്ദേശ സ്ഥാപനങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ സംസ്ഥാനത്തെ 316 ഇത്തരം സ്ഥാപനങ്ങളിൽ 12നും 18നും ഇടയിലാണ് ടിപിആർ. ഇവിടങ്ങളിൽ ലോക്ക്ഡൗൺ ആയിരിക്കും. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കാനുള്ള അനുമതിയുള്ളത്. മറ്റ് കടകൾക്ക് വെള്ളിയാഴ്ച തുറക്കാം.

ഡി കാറ്റഗറിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ആയിരിക്കും. 18 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവ് നിരക്കുള്ള 80 തദ്ദേശ സ്ഥാപനങ്ങൾ നിലവിൽ സംസ്ഥാനത്തുണ്ട്. ഇവിടങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഡെൽറ്റ പ്ലസ് വകഭേദം റിപ്പോർട്ട് ചെയ്ത പഞ്ചായത്തുകളിലുൾപ്പടെ അനാവശ്യ കാര്യങ്ങൾക്കായി ജനങ്ങൾ പുറത്തിറങ്ങാൻ പാടില്ല.

യാത്ര നിയന്ത്രണങ്ങൾ
അന്തരസംസ്ഥാന യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ അതിർത്തി പ്രദേശങ്ങളിൽ കർശന പരിശോധനകളാണ് തുടരുന്നത്. എയർപോർട്ടിലും റെയിൽവേ സ്റ്റേഷനിലും പരിശോധനകളുണ്ടാകും. ബസുകളിൽ പരിധിയിൽ കൂടുതൽ ആളെ കയറ്റാനോ ഇളവുകൾ നൽകിയിരിക്കുന്ന പ്രദേശങ്ങളിലല്ലാതെ ഓട്ടോ, ടാക്സി സർവീസ് നടത്തുവാനോ പാടില്ല. തിരക്കുള്ള റൂട്ടുകളിൽ കൂടുതൽ ബസ് ഓടിക്കാം, ഇതിൽ തീരുമാനം എടുക്കേണ്ടത് ജില്ലാ കലക്ടർമാരാണ്.
Recommended Video

മൃതദേഹം വീട്ടിലെത്തിക്കാം
അതേസമയം കോവിഡ് ബാധിച്ച് മരണമടഞ്ഞവർ നേരത്തെ വിവിധ ബാങ്കുകളിൽ നിന്നെടുത്ത വായ്പകളിൽ ജപ്തി നടപടികൾ നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകുമെന്നും ഇന്നലെ കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോവിഡ് മൂലമുള്ള മരണങ്ങളിൽ, മൃതദേഹം വീട്ടിലെത്തിച്ച് ബന്ധുക്കൾക്ക് കാണാനും മതാചാര ചടങ്ങുകൾക്കുമായി ഒരുമണിക്കൂർ അനുവാദവുമുണ്ടാകും.












Click it and Unblock the Notifications