ലോട്ടറി ടിക്കറ്റുകളുടെ വില തത്ക്കാലം കൂടില്ല; ഓണം ബംബർ സമ്മാനത്തുകയിലും മാറ്റം ഉണ്ടായേക്കില്ല
കോഴിക്കോട്: സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റുകളുടെ വില ഏകീകരണം തത്ക്കാലം ഉണ്ടാവില്ല. ആഴ്ചിയിൽ നറുക്കെടുക്കുന്ന ആറ് ടിക്കറ്റുകൾക്ക് 40 രൂപയും ഫിഫ്റ്റി ഫിഫ്റ്റിക്ക് 50 രൂപയും തുടരും. വില ഏകീകരിച്ച് എല്ലാ ടിക്കറ്റുകൾക്കും 50 രൂപയാക്കാൻ ആയിരുന്നു സർക്കാർ നീക്കം. എന്നാൽ ഈ തീരുമാനം ലോട്ടറി ഏജന്റുമാരുടെ എതിർപ്പിനെ തുടർന്ന് മാറ്റിവെച്ചു.
ടിക്കറ്റ് വില 50 രൂപ ആക്കിയാൽ അത് വില്പനയെ ബാധിക്കുമെന്ന് പറഞ്ഞാണ് ഈ നീക്കം ഏജന്റുമാർ എതിർത്തത്. നേരത്തെ വില 30 രൂപയിൽ നിന്ന് 40 രൂപ ആക്കിയപ്പോൾ വിൽപനയിൽ ഇടിവുണ്ടായിരുന്നു. അന്ന് കുറവുണ്ടായ വിൽപന തിരിച്ച് പിടിക്കുന്നതിനിടെ വീണ്ടും വില കൂട്ടിയാൽ തിരിച്ചടി നേരിടുമെന്ന് ധനമന്ത്രിയെ അടക്കം ഏജന്റ്മാർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നീക്കം താത്ക്കാലികമായി നിർത്തിയത്.

എന്നാൽ ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റ് വില 40 രൂപയായി കുറയ്ക്കണം എന്ന ആവശ്യം സർക്കാർ അംഗീകരിച്ചില്ല. വിൽപന കൂട്ടുന്നതിന് ചെറു സമ്മാനങ്ങളടക്കം കൂടുതൽ വേണമെന്ന ആവശ്യം പരിഗണച്ചേക്കും. അത് അനുസരിച്ച് സമ്മാന ഘടന പരിഷ്ക്കരിക്കാനുള്ള നടപടിയുണ്ടാവും. ഏതു രീതിയിൽ വേണമെന്നത് പഠനത്തിന് ശേഷമെ തീരുമാനിക്കാനാവൂ എന്നാണ് റിപ്പോർട്ട്.
സെറ്റ് ലോട്ടറി കച്ചവടം നിയന്ത്രിക്കാൻ നടപടിയുണ്ടാകും. വിവിധ സീരീസിലെ ഒരേ നമ്പർ ടിക്കറ്റുകൾ വെച്ചുള്ള സെറ്റ് കച്ചവടം വിൽപ്പനയ്ക്ക് ദോഷം ചെയ്യുന്നുണ്ടെന്ന് ഏജന്റുമാരിൽ നിന്ന് വിമർശനം ഉയർന്നിരുന്നു. അതേ സമയം ഓണം ബംബറിന്റെ ഒന്നാം സമ്മാനത്തുക ഇത്തവണയും 25 കോടി രൂപയായി തുടർന്നേക്കും.
ടിക്കറ്റ് വിലയിലും മാറ്റം ഉണ്ടാവാൻ സാധ്യതയില്ല. 500 രൂപയാകും വില. മുൻ വർഷം ഓണം ബംബറിന് റെക്കോർഡ് വിൽപനയായിരുന്നു. ഇത്തവണ കൂടുതൽ ടിക്കറ്റുകൾ അച്ചടിച്ചേക്കും. കഴിഞ്ഞതവണ അച്ചടിച്ച 85 ലക്ഷം ടിക്കറ്റുകളിൽ ആണ്. ഇതിൽ 75.7 6 ലക്ഷം ടിക്കറ്റികൾ വിറ്റു.
കഴിഞ്ഞ തവണ തിരുവോണം ബംബബർ ലോട്ടറി വിൽപനം ആരംഭിച്ച് ആദ്യ ദിവസം നാലര ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. പരമാവധി 90 ലക്ഷം ടിക്കറ്റ് വരെ അച്ചടിക്കാൻ അനുമതിയുണ്ട്. ഇത്തവണയും റെക്കോർഡ് വിൽപന ഉണ്ടാകുമെന്നാണ് പ്രതീക്ഷ.












Click it and Unblock the Notifications