ബ്രേക്കിലാതെ കുതിച്ച് ഇന്ധനവില; ഇന്നും വില വർധനവ്, ഈ മാസം ഇത് 14-ാം തവണ
തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 95.66 രൂപയാണ് ഇന്നത്തെ വില
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം തുടരുമ്പോഴും രാജ്യത്ത് ഇന്ധനവില വർധനവിൽ മാറ്റമില്ല. ഇന്നും പെട്രോൾ, ഡീസൽ വില ഉയർന്നു. പെട്രോള്‍ ലീറ്ററിന് 24 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് വർധിച്ചത്. ഈ മാസം ഇത് 14-ാം തവണയാണ് ഇന്ധനവില കൂടുന്നത്. അടുത്തടുത്ത ദിവസങ്ങളിൽ ഇന്ധനവില ഉയർത്തി എണ്ണ കമ്പനികളും സർക്കാരും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്.

ഇതോടെ കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 93.90 രൂപയും ഡീസൽ ലിറ്ററിന് 89.28 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 96 രൂപയ്ക്ക് അടുത്തെത്തി. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 95.66 രൂപയാണ് വില. ഡീസലിന് 90.93 രൂപയും നൽകണം.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് ഇന്ധനവില കുതിച്ചുയർന്നിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കാലത്ത് ഇന്ധനവില കൂടിയില്ലെന്ന് മാത്രമല്ല നേരിയ കുറവും രേഖപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ വീണ്ടും ഇന്ധനവില കുതിക്കുകയാണ്. 20 ദിവസത്തിനിടെ 12-ാം തവണയാണ് എണ്ണകമ്പനികൾ വില കൂട്ടിയത്.
ഈ വർഷം ജനുവരിയിലും ഫെബ്രുവരിയിലും ഇന്ധന വില വർധിച്ചിരുന്നു. ഫെബ്രുവരി 27ന് ഇന്ധന വില റെക്കോർഡിലെത്തി. 24 ദിവസം വിലയിൽ മാറ്റമില്ലാതെ തുടർന്നശേഷം മാർച്ച് 24, 25 തീയതികളിലും മാർച്ച് 30നും എണ്ണ കമ്പനികൾ വിലയില്‍ നേരിയ കുറവുവരുത്തി. തുടർന്ന് 15 ദിവസം വില മാറ്റമില്ലാതെ തുടർന്നശേഷം ഏപ്രിൽ 15നും വില കുറച്ചു. പിന്നീട് 18 ദിവസം വില മാറ്റമില്ലാതെ തുടർന്നശേഷം മെയ് നാലിനായിരുന്നു വീണ്ടും വില വർധിപ്പിച്ചു തുടങ്ങിയത്.












Click it and Unblock the Notifications