പിസി ജോര്‍ജിനെതിരെ പോലീസ് കോടതിയെ സമീപിച്ചേക്കും; ജാമ്യവ്യവസ്ഥ വീണ്ടും ലംഘിച്ചു
തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസില്‍ പിസി ജോര്‍ജ് ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് പോലീസ് വിലയിരുത്തല്‍. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടും നിരസിച്ചതാണ് കാരണം. ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം എന്ന് കാണിച്ച് നോട്ടീസ് നല്‍കിയിരുന്നു. സാധ്യമല്ലെന്നായിരുന്നു പിസി ജോര്‍ജിന്റെ മറുപടി. ശേഷം വീണ്ടും നോട്ടീസ് നല്‍കി. എന്നാല്‍ മുഖവിലക്കെടുക്കാതെ അദ്ദേഹം തൃക്കാക്കരയില്‍ ബിജെപിയുടെ പ്രചാരണത്തിന് പോകുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണം എന്ന വ്യവസ്ഥ ലംഘിച്ചുവെന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യത്തില്‍ നിയമോപദേശം തേടിയ ശേഷം ഹൈക്കോടതിയെ സമീപിക്കാനാണ് പോലീസ് തീരുമാനം.

തിരുവനന്തപുരത്ത് ഹിന്ദു സമ്മേളനത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗ കേസിലാണ് ഹാജരാകാന്‍ ഫോര്‍ട്ട് പോലീസ് ആവശ്യപ്പെട്ടിരുന്നത്. നേരത്തെ ഈ കേസില്‍ ജാമ്യം ലഭിക്കുകയും വ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന് ജാമ്യം റദ്ദാക്കുകയും ചെയ്തിരുന്നു. ഒരു ദിവസം ജയിലില്‍ കഴിഞ്ഞ പിസി ജോര്‍ജിന് ഹൈക്കോടതിയാണ് പ്രായം പരിഗണിച്ച് പിന്നീട് ജാമ്യം നല്‍കിയത്. ഇപ്പോള്‍ വീണ്ടും ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്നാണ് പോലീസ് പറയുന്നത്. മാത്രമല്ല, പോലീസിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കടുത്ത ഭാഷയില്‍ പിസി ജോര്‍ജ് വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.
അതേസമയം, പിസി ജോര്‍ജിനെതിരെ കടുത്ത വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി രംഗത്തുവന്നു. അറവുശാലയിലെ പോത്തിന്റെ കരച്ചിലാണ് പിസി ജോര്‍ജില്‍ നിന്നുണ്ടാകുന്നത് എന്ന് അദ്ദേഹം പരിഹസിച്ചു. ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ...
അറവുശാലയിലെ പോത്തിന്റെ കരച്ചിലാണ് പി സി ജോര്‍ജില്‍ നിന്നുണ്ടാകുന്നത്. സഖാവ് പിണറായി വിജയന്‍ ആരെന്ന് ജനത്തിനറിയാം. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും ബഹു.സംസ്ഥാന മുഖ്യമന്ത്രിയുമായ പിണറായി വിജയന് പി സി ജോര്‍ജിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട. വര്‍ഗീയവിഷം തുപ്പിയാല്‍ ഇനിയും അകത്തു കിടക്കേണ്ടി വരും. രാജ്യത്തിന്റെ നിയമ സംവിധാനം അതാണ് പറയുന്നത്.
പി സി എന്ന ഇനീഷ്യലിനെ ഏറ്റവും മോശമായി ചിത്രീകരിച്ച പാര്‍ട്ടിക്കൊപ്പമാണ് പി സി ജോര്‍ജ് ഇപ്പോഴുള്ളത്. വര്‍ഗീയ വിഭജനം ഉന്നം വച്ചുള്ള നീക്കങ്ങള്‍ ആണ് സംഘപരിവാറില്‍ നിന്ന് ഉണ്ടാകുന്നത്. പി സി ജോര്‍ജിനെ അതിനുള്ള കരുവാക്കുകയാണ്.
രാഷ്ട്രീയ ജീവിതത്തില്‍ വര്‍ഗീയ സംഘടനകളുമായി പി സി ജോര്‍ജ് നിരവധി തവണ ആത്മബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അത് തിരിച്ചറിഞ്ഞാണ് കേരള ജനത പി സി ജോര്‍ജിനെ തോല്‍പ്പിച്ച് വീട്ടില്‍ ഇരുത്തിയത്. പി സി ജോര്‍ജിനോ അദ്ദേഹം ഇപ്പോള്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങള്‍ക്കോ കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ കഴിയില്ല. ശക്തമായ ഒരു സര്‍ക്കാര്‍ ഇവിടുണ്ട്.കൗണ്ട് ഡൗണ്‍ തുടങ്ങിയത് ആരുടേതാണെന്ന് കാലം തെളിയിക്കും.












Click it and Unblock the Notifications