വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. റെഡ് അലര്‍ട്ടിന് സമാനമായ ജാഗ്രത എല്ലാ ജില്ലകളിലും തുടരണമെന്നാണ് ദുരന്ത നിവാരണ ആതോറിറ്റിയുടെ മുന്നറിയിപ്പ്.
ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 എംഎം മുതല്‍ 204.4 എംഎം വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. തെക്കന്‍ കര്‍ണാടകത്തിനും വടക്കന്‍ തമിഴ്‌നാടിനു മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നു. തെക്ക് കിഴക്കന്‍ അറബികടലിലും ചക്രവാതചുഴി നിലനില്‍ക്കുന്നു.
തെക്ക് കിഴക്കന്‍ അറബികടലില്‍ നിന്ന് വടക്കന്‍ കേരളത്തില്‍ കൂടിയും കര്‍ണാടക, തമിഴ്‌നാട് വഴി തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെ ന്യുന മര്‍ദ്ദ പാത്തി നിലനില്‍ക്കുന്നെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
നവംബര്‍ 17 ഓടെ മധ്യ കിഴക്കന്‍ അറബികടലില്‍ ഗോവ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യുന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍കടലില്‍ ആന്തമാന്‍ കടലില്‍ നിലവിലുള്ള ന്യുന മര്‍ദ്ദം നവംബര്‍ 17 ഓടെ തീവ്ര ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. തുടര്‍ന്ന് പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു നവംബര്‍ 18 ഓടെ ആന്ധ്രാ പ്രദേശ് തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

മഴ കണക്കിലെടുത്ത് സംസ്ഥാനത്ത സംസ്ഥാനത്തെ സര്‍വ്വകലാശാല പരീക്ഷകള്‍ ഉള്‍പ്പടെ മാറ്റിവച്ചിരുന്നു. വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി ആയിരിക്കുമെന്നും ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നതിന് തടസ്സമുണ്ടായിരിക്കില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച (2021 നവംബര്‍ 15) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ ഉത്തരവിട്ടു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതലപ്പെടുത്തിയിട്ടുള്ള അധ്യാപക-അനധ്യാപക ജീവനക്കാരുടെ സേവനം അതതിടങ്ങളില്‍ ലഭ്യമാകണമെന്നും ഉത്തരവില്‍ പറയുന്നു.












Click it and Unblock the Notifications