മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം: റെഡ് അലർട്ട് എട്ട് ജില്ലകളില്‍; നദീതീരങ്ങളില്‍ പ്രളയ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുതിയ അറിയിപ്പ് പ്രകാരം ഇന്ന് എട്ട് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ 24 മണിക്കൂറില്‍ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറഞ്ച് അലർട്ടും നിലനില്‍ക്കും. അതായത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടെ പ്രവചിച്ചിരിക്കുന്നത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും മറ്റന്നാള്‍ കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, പത്തനംതിട്ട ജില്ലയിലെ മണിമല നദി, അച്ചൻകോവിൽ നദി, പമ്പ നദി, കാസറഗോഡ് ജില്ലയിലെ മൊഗ്രാൽ നദി, നീലേശ്വരം നദി, ഉപ്പള നദി എന്നിവിടങ്ങളിൽ പ്രളയ സാധ്യത മുന്നറിയിപ്പായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ നദി, കണ്ണൂർ ജില്ലയിലെ പെരുമ്പ നദി, കുപ്പം നദി, കാസറഗോഡ് ജില്ലയിലെ കാര്യങ്കോട് നദി, കൊല്ലം ജില്ലയിലെ പള്ളിക്കൽ നദി, കോട്ടയം ജില്ലയിലെ മീനച്ചിൽ നദി, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദി, പത്തനംതിട്ട ജില്ലയിലെ പമ്പ നദി, അച്ചൻകോവിൽ നദി, തിരുവനന്തപുരം ജില്ലയിലെ വാമനപുരംനദി, വയനാട് ജില്ലയിലെ കബനി നദി എന്നിവിടങ്ങളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഈ നദികളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ നദിയിലെ കക്കടാശ്ശേരി, തൊടുപുഴ സ്റ്റേഷനുകൾ, കണ്ണൂർ ജില്ലയിലെ പെരുമ്പ നദിയിലെ കൈതപ്രം സ്റ്റേഷൻ, കുപ്പം നദിയിലെ മങ്കര സ്റ്റേഷൻ, കാസറഗോഡ് ജില്ലയിലെ കാര്യങ്കോട് നദിയിലെ ഭീമനദി സ്റ്റേഷൻ , കൊല്ലം ജില്ലയിലെ പള്ളിക്കൽ നദിയിലെ ആനയടി സ്റ്റേഷൻ , കോട്ടയം ജില്ലയിലെ മീനച്ചിൽ നദിയിലെ പേരൂർ സ്റ്റേഷൻ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കുന്നമംഗലം, കൊള്ളിക്കൽ സ്റ്റേഷനുകൾ, പത്തനംതിട്ട ജില്ലയിലെ പമ്പ നദിയിലെ മാരാമൺ , കുരുടമണ്ണിൽ സ്റ്റേഷനുകൾ, അച്ചൻകോവിൽ നദിയിലെ പന്തളം സ്റ്റേഷൻ , തിരുവനന്തപുരം ജില്ലയിലെ വാമനപുരംനദിയിലെ മൈലമൂട് സ്റ്റേഷൻ , വയനാട് ജില്ലയിലെ കബനി നദിയിലെ കാക്കവയൽ സ്റ്റേഷൻ എന്നിവിടങ്ങളിൽ മഞ്ഞ അലർട്ടും നിലനിൽക്കുന്നു. ഈ നദികളുടെ തീരത്തുള്ളവരും ജാഗ്രത പാലിക്കണം.
അതേസമയം, കോഴിക്കോട് ജില്ലയില്‍ മഴ കുറഞ്ഞതോടെ ഒരു ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ കൂടി വീടുകളിലേക്ക് തിരിച്ചുപോയി. രാമനാട്ടുകര വില്ലേജില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പാണ് ഇന്നലെ ഒഴിവാക്കിയത്. നിലവില്‍ വടകര താലൂക്കില്‍ ഒന്നും കോഴിക്കോട് താലൂക്കില്‍ രണ്ടും ക്യാമ്പുകളാണുള്ളത്. വടകര വിലങ്ങാട് വില്ലേജിലെ ക്യാമ്പില്‍ 41 കുടുംബങ്ങളില്‍ നിന്നുള്ള 47 പുരുഷന്മാരും 35 സ്ത്രീകളും 18 കുട്ടികളുമായി 100 പേരാണ് കഴിയുന്നത്. കോഴിക്കോട്ടെ രണ്ട് ക്യാംപുകളില്‍ നിന്ന് 9 കുടുംബങ്ങളില്‍ നിന്നായി 11 പുരുഷന്മാരും 19 സ്ത്രീകളും 9 കുട്ടികളും അടക്കം 39 പേരുണ്ട്.
വെള്ളിയാഴ്ച ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ടാണ് പ്രവചിച്ചിരിക്കുന്നത്. ഇന്നലെയും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മഴയിലും കാറ്റിലും നാശനഷ്ടങ്ങളുണ്ടായി. കെടവൂര്‍ വില്ലേജില്‍ നേരോംപാറമ്മല്‍ പ്രമോദിന്റെ വീട് കനത്ത മഴയില്‍ ഭാഗികമായി തകര്‍ന്നു. കൊടുവള്ളി വില്ലേജില്‍ അരീക്കോട്ടുകാവ് സരോജിനിയുടെ വീടിനു മുകളില്‍ കവുങ്ങ് വീണ് ഭാഗിക നാശം സംഭവിച്ചു.
കൊയിലാണ്ടി അവിടനല്ലൂര്‍ വില്ലേജില്‍ അയല്‍വാസിയുടെ വീട്ടിലെ തെങ്ങ് മറിഞ്ഞുവീണ് കുറ്റ്യോറക്കണ്ടിമീത്തല്‍ നാരായണിയുടെ വീടിന് ഭാഗികമായ നാശനഷ്ടം സംഭവിച്ചു.












Click it and Unblock the Notifications