കേരളത്തില്‍ മുണ്ടിനീര് പടരുന്നു, ആറായിരത്തോളം കേസുകള്‍; എന്തൊക്കെയാണ് ലക്ഷണങ്ങള്‍, അറിയേണ്ടതെല്ലാം
കേരളത്തില്‍ മുണ്ടിനീര് പടരുന്നു. നിരവധി കേസുകളാണ് ഈ വര്‍ഷം ഇതുവരെയായപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആറായിരത്തോളം കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇവ കൂടുതലും പടരുന്നത്. തൃശൂര്‍ പഴയന്നൂരില്‍ മുണ്ടിനീരിനെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചിരിക്കുകയാണ്. വടക്കേത്തറ, നാരായണ ഇംഗ്ലീഷ് മീഡിയം സ്‌കൂളിനാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് സ്‌കൂള്‍ അടച്ചത്. പത്ത് കുട്ടികള്‍ക്കും അധ്യാപികയ്ക്കും അടക്കം രോഗം ബാധിച്ചിട്ടുണ്ട്. സാധാരണ കുട്ടികളെ ബാധിക്കുന്ന രോഗമാണിത്. ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. എന്നാല്‍ എന്തൊക്കെയാണ് മുണ്ടിനീരിന്റെ ലക്ഷണം. ഈ രോഗത്തെ ഭയക്കേണ്ടതുണ്ടോ? അതെല്ലാം ഒന്ന് പരിശോധിക്കാം.

മുണ്ടിനീരിനെ ഭയക്കേണ്ടതുണ്ടോ?
മുണ്ടിനീരിനെ ഭയക്കേണ്ടതില്ലെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ഇവ മരണകാരണമാകാറില്ല. എന്നാല്‍ ജാഗ്രത വേണമെന്നാണ് നിര്‍ദേശം. ഈ രോഗം കുട്ടികളില്‍ നിന്ന് മുതിര്‍ന്നവരിലേക്കും പകരാം.പ്രധാനമായും ഉമിനീര്‍ ഗ്രന്ഥികളെ ബാധിക്കുന്ന, മുഖത്തും കഴുത്തിലും വീക്കവും വേദനയും ഉണ്ടാക്കുന്ന പകര്‍ച്ചവ്യാധിയായ വൈറല്‍ അണുബാധയാണ് മുണ്ടിവീക്കം.
മസ്തിഷ്്ക രോഗംായ മെനിഞ്ചൈറ്റിസ്, ബധിരത, വൃഷണങ്ങളിലോ അണ്ഡാശയങ്ങളിലോ ഉള്ള വീക്കം തുടങ്ങിയ ഗുരുതരമായ സങ്കീര്‍ണതകള്‍ക്കും ഇത് കാരണമാകും.
ലക്ഷണങ്ങള്‍ എന്തെല്ലാം
ഈ രോഗം മിക്‌സോ വൈറസ് പരോറ്റിഡൈറ്റിസ് എന്ന വൈറസ് മൂലമാണ് പകരുന്നത്. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാക്കുക. ഇത് മുഖത്തിന്റെ ഒരു വശത്തെയോ രണ്ട് വശങ്ങളെയുമോ ബാധിക്കാം.
ചെറിയ പനിയും തലവേദനയുമാണ് പ്രാരംഭ ലക്ഷണങ്ങള്‍. വായ തുറക്കുന്നതിനും, ഭക്ഷണം ചവച്ചിറക്കുന്നതിനും, വെള്ളം കുടിച്ച് ഇറക്കുന്നതിനുമെല്ലാം പ്രയാസം നേരിടും. ക്ഷീണവും വിശപ്പില്ലായ്മയുമെല്ലാം മുണ്ടിനീരിനെ തുടര്‍ന്നുണ്ടാവുന്ന ലക്ഷണങ്ങളാണ്.
പകര്‍ച്ചയ്ക്ക് സാധ്യതയുണ്ടോ?
തീര്‍ച്ചയായും ഇവ പകരുന്ന രോഗമാണ്. ഉമിനീര്‍ വഴിയോ നേരിട്ടുള്ള സ്പര്‍ശനം വഴിയോ രോഗം പകരാം, രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് രണ്ട് മുതല്‍ പതിനെട്ട് വരെയുള്ള ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങും.
ഉമിനീരുണ്ടാക്കുന്ന പരോട്ടിഡ് ഗ്രന്ഥികളെയാണ് ഇവ ബാധിക്കുക. വീക്കം കണ്ടുതുടങ്ങുന്നതിന്റെ 5 ദിവസം മുമ്പ് മുതലേ പകരാന്‍ സാധ്യതയുള്ള രോഗമാമിത്. അതുകൊണ്ട് കരുതല്‍ നന്നായി തന്നെ ഉണ്ടാവണം.
എങ്ങനെ പ്രതിരോധിക്കാം
എഎംആര്‍ വാക്‌സിന്‍ ആണ് പ്രധാന പ്രതിരോധം. നേരത്തെ ഇത് കുഞ്ഞുങ്ങള്‍ക്ക് സൗജന്യമായി നല്‍കിയിരുന്നു. പക്ഷേ 2018ല്‍ നിര്‍ത്തലാക്കി. ഇപ്പോള്‍ എംആര്‍ വാക്‌സിന്‍ മാത്രമാണ് നല്‍കുന്നത്. പനി, വേദന തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് ചികിത്സ നിര്‍ബന്ധമായും നല്‍കണം. ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക.
പ്രത്യേക ശ്രദ്ധ നല്‍കിയില്ലെങ്കില്‍ തലച്ചോര്‍, വൃഷ്ണം, അണ്ഡാശയം എന്നീ ശരീര ഭാഗങ്ങളെ രോഗം ബാധിക്കും. അസുഖ ബാധിതര്‍ പൂര്‍ണമായും മാറുന്നത് വരെ വീട്ടില്‍ വിശ്രമിക്കുക. മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക.












Click it and Unblock the Notifications