സ്കൂള്‍ കലോത്സവം പോയിന്റ് നില: ഇഞ്ചോടിച്ച് പോരാട്ടവുമായി 3 ജില്ലകള്‍; സ്കൂളുകള്‍ക്ക് അവധി
തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോള്‍ ഒന്നാം സ്ഥാനത്തിനായി ഇഞ്ചോടിച്ച് പോരാട്ടം. കണ്ണൂരും തൃശൂരും കോഴിക്കോടും തമ്മിലാണ് പോയിന്റ് നിലയില്‍ മുന്നിലെത്താന്‍ വാശിയേറിയ മത്സരം. പകുതിയോളം മത്സരങ്ങള്‍ അവസാനിപ്പിച്ചപ്പോള്‍ 449 പോയിന്റുമായി കണ്ണൂരാണ് മുന്നില്‍. 448 പോയിന്റുമായി തൃശൂരും 446 പോയിന്റുമായി കോഴിക്കോടും തൊട്ടുപിന്നാലെയുണ്ട്.
പാലക്കാട് - 440, മലപ്പുറം - 427, കൊല്ലം - 425, ആലപ്പുഴ - 425, എറണാകുളം - 423, തിരുവനന്തപുരം - 419, കാസർകോട് - 396, കോട്ടയം - 392, വയനാട് - 392, പത്തനംതിട്ട - 369, ഇടുക്കി - 346 എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ പോയിന്റ് നില. ഹൈസ്കൂള്‍ വിഭാഗത്തില്‍ 202 പോയിന്റുമായി തൃശൂർ ഒന്നാമത് നില്‍ക്കുമ്പോള്‍ രണ്ടാമതുള്ള കോഴിക്കോടിന് 200 ഉം മൂന്നാമതുള്ള കണ്ണൂരിന് 198 പോയിന്റുമാണുള്ളത്. ഹയർസെക്കന്‍ഡറി വിഭാഗത്തില്‍ കണ്ണൂർ 251 പോയിന്റുമായി മുന്നിട്ട് നില്‍ക്കുന്നു. പാലക്കാട് - 247, തൃശൂർ - 246, കോഴിക്കോട് - 246 എന്നിങ്ങനെയാണ് ഈ വിഭാഗത്തില്‍ ആദ്യ മൂന്നിലുള്ള മറ്റ് ജില്ലക്കാരുടെ പോയിന്റെ നില.

സ്കൂളുകള്‍ക്ക് അവധി
സംസ്ഥാന സ്കൂൾ കലോത്സവത്തോട് അനുബന്ധിച്ച് മത്സരവേദികളായും താമസസൗകര്യത്തിനുമായി തിരഞ്ഞെടുത്ത സ്കൂളുകൾക്ക് ജനുവരി 8 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു. കലോത്സവത്തിന് ബസുകൾ വിട്ടുനൽകിയ സ്കൂളുകൾക്കും അവധി ബാധകമാണെന്നും വകുപ്പ് അറിയിച്ചു.
വിഭവസമൃദ്ധം ഊട്ടുപുര
63ാം സംസ്ഥാന സ്കൂള്‍ കലോത്സവം മൂന്നാം പിന്നിടുമ്പോള്‍ പതിവുപോലെ ഭക്ഷണശാലയിലും തിരക്കേറുകയാണ്. പുത്തരിക്കണ്ടത്തെ ഭക്ഷണശാലയില്‍ ആദ്യ രണ്ട് ദിലനങ്ങളി്‍ എത്തിയത് അമ്പതിനായിരത്തോളം പേരാണ്. കലോത്സവത്തിന്റെ ആദ്യദിനം പുട്ടും കടലയുമായിരുന്നു പ്രഭാതഭക്ഷണം. ഉച്ചയ്ക്ക് പാലട പ്രഥമന്‍ ഉള്‍പ്പെടെയുള്ള വിഭവസമൃദ്ധമായ സദ്യയും. രാത്രി ഒരു മണി വരെ സജീവമായിരുന്ന ഊട്ടുപുരയില്‍ ആദ്യദിനം മാത്രം 31,000 ല്‍ അധികം പേര്‍ക്കാണ് ഭക്ഷണം വിളമ്പിയത്. രണ്ടാംദിനം പ്രാതലിന് ഇഡ്ഡലിയും സാമ്പാറും ഉച്ചയൂണിന് ഗോതമ്പുപായസം കൂട്ടിയുള്ള സദ്യയുമാണ് തയ്യാറാക്കിയിരുന്നത്.
രാവിലെ ഏഴായിരത്തിലധികം പേരും ഉച്ചയ്ക്ക് പന്ത്രണ്ടായിരത്തോളം പേരും ഭക്ഷണം കഴിച്ചു. ഭക്ഷണം വിളമ്പുന്നതിന് മികച്ച ക്രമീകരണം ഏര്‍പ്പെടുത്തിയതിനാല്‍ ഊട്ടുപുരയ്ക്കുള്ളില്‍ ഈ തിരക്ക് അനുഭവപ്പെടുന്നില്ല.
മൂന്നുനേരവും സ്വാദിഷ്ടവും പോഷകദായകവുമായ ഭക്ഷണമാണ് പഴയിടം മോഹനന്‍ നമ്പൂതിരിയുടെ മേല്‍നോട്ടത്തില്‍ ഒരുക്കിയിട്ടുള്ളത്. നൂറില്‍പരം സന്നദ്ധപ്രവര്‍ത്തകരാണ് ഇത്തവണ ഭക്ഷണകമ്മിറ്റിയില്‍ മാത്രമായി പ്രവര്‍ത്തിക്കുന്നത്.
ഡിസംബര്‍ 30 ,31 തീയതികളില്‍ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികളില്‍ നിന്നും 350ല്‍പരം അധ്യാപകര്‍ ചേര്‍ന്ന് ഭക്ഷ്യവസ്തുക്കള്‍ സമാഹരിച്ചിരുന്നു. ഇവ 12 കേന്ദ്രങ്ങളില്‍ ശേഖരിക്കുകയും പിന്നീട് പുത്തരിക്കണ്ടം മൈതാനത്തിലെ കലവറയില്‍ എത്തിക്കുകയും ചെയ്തു. കുട്ടികളുടെയും രക്ഷിതാക്കളുടെയും പിന്തുണയോടെ ജനകീയമായാണ് ഭക്ഷണശാല പ്രവര്‍ത്തിക്കുന്നതെന്ന് കഴക്കൂട്ടം എം.എല്‍.എയും കലോത്സവത്തിന്റെ ഭക്ഷണകമ്മിറ്റി ചെയര്‍മാനുമായ കടകംപള്ളി സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications